കേണൽ സോഫിയാ ഖുറേഷിയുടെയും കമാൻഡർ വ്യോമികാ സിങ്ങിന്റെയും വീടുകൾ ബിജെപി–ബജ്റങ്ദൾ പ്രവർത്തകർ അടിച്ചു തകർത്തോ? | Fact Check

Mail This Article
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട മാധ്യമസമ്മേളനത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥരാണ് ഇന്ത്യൻ ആർമിയുടെ കോർപ്സ് ഓഫ് സിഗ്നൽസിലെ സീനിയർ ഓഫീസർ കേണൽ സോഫിയ ഖുറേഷിയും ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ വ്യോമിക സിങ്ങും. ഇപ്പോൾ കേണൽ സോഫിയ ഖുറേഷിയുടെ ബെലഗാവിലെ വീട് ആർഎസ്‌എസ് പ്രവർത്തകരും വിങ് കമാൻഡർ വ്യോമിക സിങ്ങിന്റെ വീട് ബജ്‌റംഗ്‌ദൾ അംഗങ്ങളും ആക്രമിച്ച് നാശനഷ്ടങ്ങളുണ്ടാക്കിയതായും അവകാശപ്പെടുന്ന പോസ്റ്റുകൾ ചിത്രങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.
∙ അന്വേഷണം
ഞങ്ങൾ നടത്തിയ കീവേർഡ് പരിശോധനയിൽ കേണൽ സോഫിയ ഖുറേഷിയുടെയും വിങ് കമാൻഡർ വ്യോമിക സിങ്ങിന്റെയും വീടുകൾ ആർഎസ്‌എസ്, ബജ്റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചതോ, നശിപ്പിച്ചതോ സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. കൂടുതൽ വിശദമായ തിരയലിൽ കേണൽ ഖുറേഷിയുടെ വീടിന് നേരെ ആർഎസ്‌എസ് ആക്രമണം നടത്തിയെന്ന വൈറൽ പോസ്റ്റുകൾ ബെലഗാവ് പൊലീസ് നിഷേധിച്ചെന്ന നിരവധി വാർത്താ റിപ്പോർട്ടുകളും വിഡിയോകളും ലഭിച്ചു.
ബെലഗാവ് എസ്‌പി ഡോ. ഭീമ്ശങ്കർ ഗുലെദ് വൈറൽ അവകാശവാദങ്ങൾ പൂർണമായും കെട്ടിച്ചമച്ചതാണെന്നും വ്യാജ വാർത്തയാണെന്നും സ്ഥിരീകരിച്ചു സംഭവം നിഷേധിച്ചു. കൊളംബിയൻ പൗരനായ അനീസ് ഉദ്ദീൻ എന്നയാളാണ് പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ചതെന്നും പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം ഇത് റിപ്പോർട്ട് ചെയ്യുകയും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.
വൈറൽ പോസ്റ്റിൽ ഞാൻ വ്യക്തിപരമായി കമന്റ് ചെയ്യുകയും, ഉപയോക്താവിനോട് അത് ഉടൻ ഇല്ലാതാക്കാൻ ആവശ്യപ്പെടുകയും ചെയ്തതായും പത്രസമ്മേളനത്തിൽ എസ്‌പി വ്യക്തമാക്കുന്നുണ്ട്. കമന്റ് കണ്ടയുടനെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു. തുടർന്ന് ഞങ്ങളുടെ ടീം എക്‌സിന്റെ ആസ്ഥാനവുമായി ബന്ധപ്പെടുകയും ഉപയോക്താവ് ഒരു വിദേശ പൗരനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കേണൽ സോഫിയ ഖുറേഷിയുടെ കുടുംബത്തിന് പോലീസ് സുരക്ഷ നൽകിയിട്ടുണ്ടെന്നും നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു എന്നാണ് റിപ്പോർട്ടുകളിലുള്ളത്
വൈറൽ ചിത്രങ്ങൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ വൈറൽ ചിത്രത്തിന് സമാനമായ ചിത്രമടങ്ങിയ 2024 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ചില വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. 2024 ഏപ്രിൽ 26– ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിലെ ഇൻഡിഗനാഥ ഗ്രാമവാസികൾ, വോട്ട് ചെയ്യാൻ നിർബന്ധിച്ചു എന്നാരോപിച്ച് ഒരു പോളിങ് ബൂത്തിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇവിഎം) കത്തിച്ച്, ബൂത്ത് നശിപ്പിക്കുകയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതെന്നുമാണ് വാർത്താ റിപ്പോർട്ടുകളിലുള്ളത്.
ഗ്രാമത്തിൽ കുടിവെള്ളം, റോഡുകൾ, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെയുമായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ഇതിൽ നിന്ന് ഈ ചിത്രത്തിന് കേണൽ സോപിയാ ഖുറേഷിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
വിങ് കമാൻഡർ വ്യോമിക സിങ്ങിന്റെ വീട് ആക്രമിക്കപ്പെട്ടു എന്ന അവകാശവാദവുമായി പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ, 2017 ൽ യുകെയിലെ ന്യൂവാർക്കിൽ നടന്ന ഒരു പഴയ ആക്രമ സംഭവവുമായി ബന്ധപ്പെട്ട ചിത്രമാണിതെന്ന് കണ്ടെത്തി.Inside the house on Lincoln Court, Newark, windows and doors have been broken എന്ന അടിക്കുറിപ്പിനൊപ്പമാണ് ഈ ചിത്രം നൽകിയിരിക്കുന്നത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് കേണൽ സോഫിയ ഖുറേഷിയുടെയും വിങ്ങ് കമാൻഡർ വ്യോമിക സിങ്ങിന്റെയും വീടുകൾ ആർഎസ്‌എസും ഹിന്ദുത്വ ഗ്രൂപ്പുകളും തകർത്തെന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമായി.
∙ വസ്തുത
കേണൽ സോഫിയ ഖുറേഷിയുടെയും വിങ് കമാൻഡർ വ്യോമിക സിങ്ങിന്റെയും വീടുകൾ ആർഎസ്‌എസും ഹിന്ദുത്വ ഗ്രൂപ്പുകളും നശിപ്പിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മറ്റ് ചില സംഭവങ്ങളുമായി ബന്ധപ്പെട്ട പഴയ ചിത്രങ്ങളാണ് പോസ്റ്റിനൊപ്പം പ്രചരിക്കുന്നത്.