ADVERTISEMENT

പാക്കിസ്ഥാന്റെ കിരാന ഹിൽസിലെ ആണവ കേന്ദ്രം തകർത്തുവെന്ന ഊഹാപോഹങ്ങൾ ഇന്ത്യ നിഷേധിച്ചിരുന്നു. കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ.കെ ഭാരതിയാണ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ പാക്കിസ്ഥാൻ നാഷണൽ റേഡിയോളജിക്കൽ സേഫ്റ്റി ഡിവിഷൻ (NRSD) പാക്കിസ്ഥാനിൽ റേഡിയേഷൻ ചോർച്ച കണ്ടെത്തി എന്ന വാദത്തോടെ ഒരു കത്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്‌തവമറിയാം.

∙ അന്വേഷണം

കുറച്ചു മുൻപ്, പാകിസ്ഥാനിലെ രണ്ട് ആണവ നിലയങ്ങളിൽ വികിരണ ചോർച്ചയുണ്ടായതായി സ്ഥിരീകരിച്ചിരുന്നു; ഐഎഇഎ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ദശലക്ഷക്കണക്കിന് പാകിസ്ഥാൻ പൗരന്മാർ അപകടകരമായ വികിരണത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് വ്യക്തമാക്കുന്നു എന്നാണ് പ്രചരിക്കുന്ന കുറിപ്പിന്റെ പരിഭാഷ. പോസ്റ്റ് കാണാം

കിരാന ഹിൽസ് ആക്രമിച്ചിട്ടില്ല എന്ന് ഇന്ത്യൻ വ്യോമസേനയുടെ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എയർ മാർഷൽ ഭാരതി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതു കൂടാതെ ഇന്ത്യയുടെ വിദേശകാര്യ വക്താവും ഇക്കാര്യം നിഷേധിച്ചിരുന്നു 

പ്രചരിക്കുന്ന കത്ത് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന കത്തിൽ നിരവദി അക്ഷരപ്പിശകുകൾ കടന്നുകൂടിയിട്ടുണ്ടെന്ന് വ്യക്തമായി. ഔദ്യോഗിക സ്വഭാവമുള്ള ഇത്തരമൊരു കത്തിൽ അക്ഷരപ്പിശകുള്ളത് കത്ത് വ്യാജമാകാമെന്ന സൂചനകൾ നൽകി.  കൂടാതെ, @env.go.v.pk എന്ന ഇമെയിൽ ഡൊമെയ്ൻ വ്യാജമാണെന്ന സൂചന നൽകി. കാരണം പാക്കിസ്ഥാനിൽ, ഔദ്യോഗിക സർക്കാർ ഡൊമെയ്നുകൾ സാധാരണയായി @gov.pk എന്നാണ് കാണപ്പെടുന്നത്.

കീവേർഡ് തിരയലിൽ “റേഡിയോളജിക്കൽ സേഫ്റ്റി ബുള്ളറ്റിൻ പാക്കിസ്ഥാൻ” പുറത്തിറക്കിയ ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും തന്നെ ലഭിച്ചില്ല. പാക്കിസ്ഥാൻ സർക്കാരിന്റെ നാഷണൽ റേഡിയോളജിക്കൽ സേഫ്റ്റി ഡിവിഷൻ (NRSD) വഴിയാണ് കത്ത് പുറപ്പെടുവിച്ചതെന്ന് വൈറൽ നോട്ടീസിൽ പറയുന്നുണ്ടെങ്കിലും, പൊതു, പരിസ്ഥിതി സുരക്ഷ ഉറപ്പാക്കുന്നതിന് റേഡിയേഷൻ സംബന്ധമായ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പാക്കിസ്ഥാൻ ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.  ഫൈസാൻ മൻസൂർ ആണ് നിലവിൽ ഇതിന്റെ ചെയർമാൻ. കൂടാതെ, വൈറൽ കത്തിൽ ഒപ്പിട്ടതായി അവകാശപ്പെടുന്ന മാലിക് അസദ് റഫീഖ് ഡയറക്ടർ ജനറൽ NRSD എന്ന വ്യക്തിയെക്കുറിച്ച് തിരഞ്ഞപ്പോൾ അത്തരമൊരു വ്യക്തിയെക്കുറിച്ചോ NRSD എന്ന സ്ഥാപനത്തെക്കുറിച്ചോ ഉള്ള ഒരു വിവരങ്ങളോ റിപ്പോർട്ടുകളോ ഒന്നും തന്നെ കണ്ടെത്താനായില്ല. 

ഡിഫൻസ് രംഗത്ത് വിദഗ്ധരായ ചില മാധ്യമപ്രവർത്തകരുമായും ഞങ്ങൾ സംസാരിച്ചു.എന്നാൽ ഇത്തരമൊരു കത്ത് പുറത്ത് വന്നതായി യാതൊരു റിപ്പോർട്ടുകളുമില്ലെന്നാണ് അവർ വ്യക്തമാക്കിയത്. കൂടാതെ അതി ഗൗരവതരമായിരിക്കേണ്ട ഇത്തരമൊരു കത്തിലെ അക്ഷരപ്പിശകുകളിൽ നിന്ന് തന്നെ കത്ത് വ്യാജമാണെന്നത് വ്യക്തമാണെന്നും അവർ പറഞ്ഞു.

ലഭ്യമായ വിവരങ്ങളിൽ നിന്ന് പാക്കിസ്ഥാൻ നാഷണൽ റേഡിയോളജിക്കൽ സേഫ്റ്റി ഡിവിഷൻ (NRSD) പാക്കിസ്ഥാനിൽ റേഡിയേഷൻ ചോർച്ച കണ്ടെത്തി എന്ന വാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് വ്യക്തമായി.

∙ വസ്തുത

പാക്കിസ്ഥാൻ നാഷണൽ റേഡിയോളജിക്കൽ സേഫ്റ്റി ഡിവിഷൻ (NRSD) പാക്കിസ്ഥാനിൽ റേഡിയേഷൻ ചോർച്ച കണ്ടെത്തി എന്ന വാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന കത്ത് വ്യാജമാണ്

English Summary:

A letter circulating widely on social media claiming that Pakistan's National Radiological Safety Division (NRSD) has detected a radiation leak in Pakistan is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com