ഓട്ടം വിളിച്ച് വന്നില്ലെങ്കിൽ ഡ്രൈവർക്ക് 3000 രൂപ പിഴയോ? വാസ്തവമറിയാം | Fact Check

Mail This Article
യാത്രക്കാരൻ ഓട്ടേോ വിളിച്ചാൽ പോയില്ലെങ്കിൽ ഓട്ടോ ഡ്രൈവർക്ക് 3000 രൂപ പിഴ ചുമത്തുമെന്ന മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ് എന്ന അവകാശവാദത്തോടെ ഒരു പത്രക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധിക്കാനായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വാസ്തവമറിയാം.
∙ അന്വേഷണം
ഓട്ടോ വിളിച്ചാൽ വരുന്നില്ലെങ്കിൽ ഡ്രൈവർക്ക് 3,000 രൂപ പിഴ, കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്നിലമ്പൂർ: യാത്രക്കാരൻ ഓട്ടോ വിളിച്ചാൽ പോയില്ലെങ്കിൽ ഓട്ടോ ഡ്രൈവർക്ക് 3000 രൂപ വരെ പിഴ ചുമത്തുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഇനി മുതൽ യാത്രക്കാർ പറയുന്ന സ്ഥലങ്ങളിൽ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കിൽ ഫൈൻ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികളുമായാണ് മോട്ടോർ വാഹന വകുപ്പ് മുന്നോട്ടു പോകുക. യാത്രക്കാരിൽ നിന്നോ, സമുഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങൾ ഉൾപ്പെടെയുള്ളവക്ക് യാത്രക്കാർ കുറഞ്ഞ ദൂരം വിളിച്ചാലും തിരക്കുള്ള സ്ഥലങ്ങളിലേക്കുമെല്ലാം ഓട്ടോ ഡ്രൈവർമാർ പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്. യാത്രക്കാർ പറയുന്ന സ്ഥലങ്ങളിൽ ഓട്ടോക്കാർ പോകാൻ മടി കാണിക്കുകയാണെങ്കിൽ ഓട്ടോറിക്ഷയുടെ നമ്പർ, പരാതി, സ്ഥലം തുടങ്ങിയവ ഉൾപ്പെടെ 854,763,9011 എന്ന വാട്സ്ആപ്പ് നമ്പറിൽ പരാതിപ്പെടാം. ഏതു ജില്ലയിൽ നിന്നും ഈ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാവുന്നതാണ്. പരാതികൾ ബന്ധപ്പെട്ട ഓഫിസുകളിലേക്ക് കൈമാറുകയും പരിഹാരമുണ്ടാകുകയും ചെയ്യും. ന്യായമായ പരാതികളിൽ ബന്ധപ്പെട്ടവരെ സ്റ്റേഷനുകളിൽ വിളിച്ചു വരുത്തുകയും ഫൈൻ ഈടാക്കുകയും ചെയ്യും. 3000 രൂപയാണ് കുറഞ്ഞ ഫൈൻ. റെയിൽവേ സ്റ്റേഷനുകളിൽ ഉൾപ്പെടെ കുറഞ്ഞ ദൂരത്തിന് ഓട്ടോ വിളിച്ചാൽ ഓട്ടോ ഡ്രൈവർമാർ വരാൻ മടിക്കുകയാണെന്ന വ്യാപക പരാതി നിലനിൽക്കെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടൽ. പിഴയിടാക്കാൻ നിർദേശം രണ്ടു വർഷം മുമ്പേ നൽകിയിരുന്നുവെങ്കിലും കർശനമാക്കിയിരുന്നില്ല. പരാതികൾ വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. എന്നാണ് പ്രചരിക്കുന്ന സന്ദേശം.
ആദ്യം തന്നെ ഞങ്ങൾ വാർത്തയടങ്ങിയ പത്രക്കുറിപ്പിന്റെ ചിത്രത്തിന്റെ ഒരു റിവേഴ്സ് ഇമേജ് തിരയൽ നടത്തി. വിവിധയിടങ്ങളിൽ പോസ്റ്റ് മുൻപും പ്രചരിച്ചതായി കണ്ടെത്തി. ഇക്കാര്യം പ്രചരിച്ചപ്പോൾ മുൻപും ഞങ്ങൾ പരിശോധിച്ചിരുന്നു.
അന്ന് വാർത്തയ്‌ക്കൊപ്പമുള്ള വാട്‍സാപ് നമ്പറിൽ ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ നമ്പർ കോഴിക്കോട് റീജയണൽ ട്രാൻസ്പോർട്ട് ഓഫീസറുടേതാണെന്ന് ഞങ്ങൾക്ക് വ്യക്തമായിരുന്നു. വാർത്തയിൽ പ്രചരിക്കുന്ന വിവരങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ സന്ദേശം വ്യാജമാണെന്നും ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും സൈബർ പൊലീസിന് പരാതി നൽകിയതായും അന്നത്തെ ആർടിഒ പിആർ സുമേഷ് വ്യക്തമാക്കിയിരുന്നു. പത്രക്കുറിപ്പിലെ പ്രചാരണം വിശ്വസിച്ച് ആയിരക്കണക്കിന് പരാതികളും ആർടിഒയുടെ നമ്പറിലേയ്ക്കെത്തിയതായും അദ്ദേഹം മനോരമ ഓൺലൈൻ ഫാക്ട് ചെക്കിനോട് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ ചിലയിടങ്ങളിൽ ആർടിഒയുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. ചില സന്ദേശങ്ങളിൽ 7500 രൂപയാണ് പിഴയെന്നും പ്രചരിക്കുന്നുണ്ട്. ഞങ്ങൾ കോഴിക്കോട് സൈബർ പൊലീസ് സ്റ്റേഷനുമായും ബന്ധപ്പെട്ടു.ആർടിഒ ഇത്തരമൊരു സന്ദേശം വാർത്തയായി നൽകിയിട്ടില്ലെന്നും ആർടിഒയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജമാണെന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അന്ന് പറഞ്ഞിരുന്നു.
ഇതേ സന്ദേശം തന്നെയാണ് വീണ്ടും പ്രചരിക്കുന്നത്. അതിനാൽ തന്നെ പ്രചാരണം വ്യാജമാണ്.
∙ വസ്തുത
യാത്രക്കാരൻ ഓട്ടോ വിളിച്ചാൽ പോയില്ലെങ്കിൽ ഓട്ടോ ഡ്രൈവർക്ക് 3000 രൂപ പിഴ ചുമത്തുമെന്ന മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.