'പാക്കിസ്ഥാന്റെ വെള്ളം തടഞ്ഞതെന്തിന്?' കേന്ദ്ര സർക്കാരിനെതിരെ കേരളത്തിൽ പ്രതിഷേധമോ? വാസ്തവമറിയാം | Fact Check
.jpg?w=1120&h=583)
Mail This Article
കേന്ദ്ര സർക്കാരിനെതിരെ കേരളത്തിൽ ആളുകൾ പ്രതിഷേധം നടത്തുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം ആളുകൾ പച്ച ബനിയൻ/ജേഴ്സി ധരിച്ച്, പച്ചക്കൊടിയേന്തി, മലയാളത്തിൽ മുദ്രാവാക്യം വിളിക്കുന്ന സംഭവത്തെ ഒരു യുവതി വിമർശിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളത്. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനിലേക്കുള്ള വെള്ളം തടഞ്ഞതുൾപ്പെടെ പല കാര്യങ്ങളും പിൻവലിച്ച് നടപടി സ്വീകരിച്ചതിനെതിരെയുള്ള റോഡ് പ്രതിഷേധമാണിതെന്നാണ് വിഡിയോയിലെ അവകാശവാദം. മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ ഹെൽപ്‌ലൈനിലും വസ്തുതാ പരിശോധനയ്ക്കായി ഈ വിഡിയോ ആളുകൾ അയച്ചിരുന്നു. വിഡിയോയുടെ വാസ്തവമറിയാം.
∙ അന്വേഷണം
വിഡിയോയുടെ തുടക്കത്തിൽ ഹിന്ദിയിൽ രണ്ട് വാക്യങ്ങളെഴുതിയിട്ടുണ്ട്. അതിന്റെ പരിഭാഷ ഇപ്രകാരമാണ്, ‘അവരുടെ വസ്ത്രങ്ങളും പതാകകളും ഇസ്‌ലാമിക മുദ്രാവാക്യങ്ങളും നോക്കൂ. അല്ല, ഇത് പാക്കിസ്ഥാനോ ബംഗ്ലദേശോ അല്ല, ഇത് കേരളമാണ്, അതെ ഇന്ത്യൻ സംസ്ഥാനമാണ്..!’. പരിശോധിച്ചപ്പോൾ, നിരവധി അക്കൗണ്ടുകള്‍ പ്രസ്തുത വിഡിയോ പങ്കുവച്ചിട്ടുണ്ട്. പ്രധാനമായും നോർത്ത് ഇന്ത്യൻ അക്കൗണ്ടുകളിൽ നിന്നാണ് ഇത്തരത്തിലൊരു പ്രചാരണം നടക്കുന്നത്.

പ്രചരിക്കുന്ന വിഡിയോയിൽ മലയാളത്തിലാണ് മുദ്രാവാക്യം വിളിക്കുന്നതെന്ന് വ്യക്തമാണ്. ഇതിലുൾപ്പെടുത്തിയിട്ടുള്ള വിഡിയോയിൽ അനൂപ് ആന്റണി ജോസഫ് എന്നെഴുതിയിട്ടുണ്ട്. ബിജെപി യുവ മോർച്ച് മുൻ ദേശീയ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. പരിശോധിച്ചപ്പോൾ, ‘സെക്യുലർ കേരള’ എന്ന കുറിപ്പോടെ 2025 ഏപ്രിൽ 19ന് അനൂപിന്റെ സമൂഹമാധ്യമങ്ങളിൽ പങ്കവച്ചിട്ടുള്ള വിഡിയോ ഉപയോഗിച്ചാണ് ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ നിർമിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. അതായത്, പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് നടന്ന സംഭവമാണിതെന്നും പ്രചാരണം വ്യാജമാണെന്നും വ്യക്തമായി.
വിഡിയോയിൽ പറയുന്നതുപോലെയുള്ള പാക്ക് അനുകൂല പ്രതിഷേധങ്ങൾ കേരളത്തിലുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയില്ല. മാത്രമല്ല, വിഡിയോയിലുള്ളത് പാക്കിസ്ഥാന്റെ പതാകയാണെന്ന തരത്തിലുള്ള അവകാശവാദവും തെറ്റാണ്. പ്രചരിക്കുന്ന വിഡിയോയിലുള്ളത് മുസ്‌ലിം ലീഗിന്റെ പതാകയാണ്.

പതാകയേന്തിയ സംഘത്തിന്റെ വിഡിയോയുടെ ഉറവിടമാണ് പിന്നീട് പരിശോധിച്ചത്. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, വിഡിയോയിലുള്ളവര്‍ ധരിച്ചിട്ടുള്ള ബനിയൻ/ജേഴ്സിയിൽ ‘ആറങ്ങാടി’ എന്നെഴുതിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിൽ, 2025 ഏപ്രിൽ 16ന്, വഖഫ് നിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ട് മുസ്ലീം ലീഗ് സംഘടിപ്പിച്ച മഹാറാലിയുടെ ഭാഗമായി നടന്ന പ്രകടനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് കണ്ടെത്തി. മുസ്‌ലിം ലീഗിനെയും നേതാവിനെയും അനുകൂലിച്ചുകൊണ്ടുള്ള മുദ്രാവാക്യമാണ് ഇവർ വിളിക്കുന്നത്. പ്രകടനത്തിന്റെ നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ കണ്ടെത്തി.

മുൻ ആഴ്ചകളിലും പ്രസ്തുത സംഭവത്തിന്റെ ദൃശ്യങ്ങൾ തെറ്റായി പ്രചരിച്ചിരുന്നു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയുള്ള കുറിപ്പോടെ ആറങ്ങാടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഈ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
∙ വാസ്തവം
2025 ഏപ്രിൽ 16ന്, മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച മഹാറാലിയിലെ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് കേരളത്തിൽ നടന്ന പാക്ക് അനുകൂല പ്രതിഷേധമെന്ന അവകാശവാദങ്ങളോടെ തെറ്റായി പ്രചരിപ്പിക്കുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം, വഖഫ് നിയമ ഭേദഗതിക്കെതിരായിട്ടായിരുന്നു റാലി സംഘടിപ്പിച്ചത്.