‘ബിജെപി ബന്ധം!’ താമര ചിഹ്നമുള്ള തൊപ്പി ധരിച്ച് ചാരവൃത്തിക്കേസിലെ വ്ലോഗർ ജ്യോതി മല്‍ഹോത്ര! ചിത്രം വ്യാജം | Fact Check
.jpg?w=1120&h=583)
Mail This Article
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ, ചാരവൃത്തി നടത്തിയതായി ആരോപിക്കപ്പെട്ട് നടപടികൾ നേരിടുന്ന ഇന്ത്യൻ വ്ലോഗർ ജ്യോതി മൽഹോത്രയ്ക്കു ബിജെപി ബന്ധമുണ്ടെന്ന അവകാശവാദത്തോടെ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഇവർ താമര ചിഹ്നമുള്ള കാവി ഷോളും തൊപ്പിയും ധരിച്ച ചിത്രമാണ് പ്രചരിക്കുന്നത്. മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ ഹെൽപ്‌ലൈനിലും (8129100164) വസ്തുതാ പരിശോധനയ്ക്കായി ഈ ചിത്രം ലഭിച്ചിരുന്നു. വാസ്തവമറിയാം.
∙ അന്വേഷണം
റിവേഴ്സ് ഇമേജ് സെർച്ച് നടത്തി പരിശോധിച്ചപ്പോൾ, ജ്യോതിക്കു ബിജെപി ബന്ധമുണ്ടെന്ന തരത്തിൽ ഈ ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തി. ആജ് തക്ക് എന്ന വാർത്താ മാധ്യമത്തിന്റെ ലോഗോ ഉൾപ്പെടെയുള്ള ചിത്രമാണ് പ്രചരിക്കുന്നത്. എന്നാൽ, ഇവർ ഇങ്ങനെയൊരു വാർത്ത നൽകിയതായി കണ്ടെത്തിയില്ല. തുടർന്ന്, ഗൂഗിളിൽ കീവേർഡ് സെർച്ച് ചെയ്തു. ജ്യോതി മൽഹോത്രയ്ക്കു ബിജെപി ബന്ധമുള്ളതായി സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളോ ഇങ്ങനെയൊരു ചിത്രം വാർത്തകളിൽ പ്രസിദ്ധീകരിച്ചതായോ കണ്ടില്ല.
ശേഷം, പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, ഇതിലെ ഓരോ താമര ചിഹ്നങ്ങളുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്, ഇത് എഐ നിർമിത ചിത്രമാണോ എന്നാണ് പരിശോധിച്ചത്. പ്രസ്തുത ചിത്രം നിർമിത ബുദ്ധിയുടെ സഹായത്തോടെ ഉണ്ടാക്കിയെടുത്തതാണെന്ന് എഐ ഡിറ്റക്ഷൻ ടൂളുകളുടെ സഹായത്തോടെ സ്ഥിരീകരിച്ചു.

∙ വാസ്തവം
ജ്യോതി മൽഹോത്രയ്ക്കു ബിജെപി ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്നത് എഐ നിര്‍മിത ചിത്രമാണ്.