ADVERTISEMENT

ലഭ്യമായ മാധ്യമങ്ങളിലൂടെയെല്ലാം ഇന്ന് ആശയവിനിമയ പ്രളയമാണ്. ഒന്നല്ല, രണ്ടല്ല, മൂന്നല്ല... വസ്തുതയെന്തെന്ന് യാതൊരു നിശ്ചയവുമില്ലാത്ത ആയിരക്കണക്കിനു പ്രചാരണങ്ങളുടെ കുത്തൊഴുക്കാണ് സമൂഹമാധ്യമങ്ങളിൽ. തള്ളേണ്ടതും കൊള്ളേണ്ടതുമെന്തെന്ന തിരിച്ചറിവില്ലാതെ വ്യാജന്മാരുടെ പ്രചാരണങ്ങളും തകൃതിയായി ഈ സൈബറിടങ്ങളിൽ നടന്നുവരുന്നു. ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ആരോഗ്യം, യാത്രകൾ, തൊഴിൽ, ഹോബികൾ, ലോകത്ത് നടക്കുന്ന പ്രധാന സംഭവങ്ങൾ എന്നിവയെയെല്ലാം ചുറ്റിപ്പറ്റി പലതരത്തിലുള്ള ഉള്ളടക്കങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മഴക്കാലമായതിനാൽ രോഗങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും മഴക്കാല പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങൾ ആളുകളിലേക്ക് പങ്കുവയ്ക്കപ്പെടും.

  • ഇവ പൂർണമായും വിശ്വസിക്കുന്നതിനു മുൻപ് ഇവയ്ക്ക് ശാസ്ത്രീയ അടിസ്ഥാനമുണ്ടോ സത്യമാണോ എന്നത് കൃത്യമായി പരിശോധിക്കുക.

കോളജ് പഠനം പൂർത്തിയാക്കി ജോലി നേടാൻ കാത്തിരിക്കുന്നവരെയും തൊഴിൽമാറ്റത്തിനുള്ള അവസരം നോക്കുന്നവരെയും വെട്ടിലാക്കി പണം തട്ടാൻ വ്യാജ തൊഴിൽ വാഗ്ദാനങ്ങളും സജീവമാണ്.

  • തൊഴിലവസരങ്ങളെക്കുറിച്ച് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചോ കമ്പനിയെ നേരിട്ട് ബന്ധപ്പെട്ടോ ഉറപ്പിച്ചിട്ടു മാത്രം അപേക്ഷിക്കുക. അങ്ങോട്ടു പണം നൽകി ജോലി നേടിയെടുക്കേണ്ടി വരുന്ന തൊഴിൽ വാഗ്ദാനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

രാഷ്ട്രീയ പോർക്കളത്തിലെ തർക്കങ്ങള്‍ക്കും മെനഞ്ഞെടുക്കുന്ന കഥകൾക്കുമെതിരെയുള്ള രക്ഷകൻ കൃത്യമായ രേഖകളും കണക്കുകളും ചരിത്രബോധവുമാണെന്നാണ് കാലം പഠിപ്പിക്കുന്നത്.

  • ചുറ്റും നടക്കുന്ന സംഭവങ്ങളിലെ സത്യം വിശ്വസനീയമായ വാർത്തകൾ, ഔദ്യോഗിക അറിയിപ്പുകൾ, ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകള്‍ പങ്കുവയ്ക്കുന്ന വിവരങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്.

ഇതിനെക്കുറിച്ചെല്ലാമുള്ള അവബോധവും ജാഗ്രതയുമാണ് ഏറ്റവും പ്രധാനം. കണ്ടതും കേട്ടതും അങ്ങനെ തന്നെ വിശ്വസിക്കുന്നതിനും ഷെയർ ചെയ്യുന്നതിനും മുന്‍പ് മനോരമ ഓൺലൈൻ ഫാക്‌ട് ചെക്കിന്റെ ഹെൽപ്‌ലൈനിൽ‌ (8129100164) നിങ്ങളുടെ സംശയങ്ങൾ പങ്കു‌വയ്ക്കാം. വ്യാജ പ്രചാരണങ്ങളുടെ സത്യം ഞങ്ങൾ പറയാം. വ്യാജന്മാരെ തളയ്ക്കാൻ നിങ്ങൾ വായിച്ചറിയുന്ന സത്യം മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക. 

സത്യം അറിയൂ... സത്യം പങ്കുവയ്ക്കൂ...

ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പ്രധാന പോസ്റ്റുകളെയും സന്ദേശങ്ങളെയും കുറിച്ചറിയാം,

∙ വിഴിഞ്ഞം തുറമുഖവും തൊഴിലവസരങ്ങളും തട്ടിപ്പുകളും

v2

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് നിരവധി സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്. തുറമുഖത്തെ ഒഴിവുകളിലേക്കുള്ള സെലെക്ഷൻ ഇന്റർവ്യു നടത്തുന്നുണ്ടെന്ന തരത്തിൽ ഒഴിവിന്റെ പേരും അപക്ഷകർക്കുള്ള മാനദണ്ഡങ്ങളും ബന്ധപ്പെടേണ്ട വിവരങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്. വ്യക്തികളുടെ ഇമെയിൽ, വാട്‌സാപ് സന്ദേശങ്ങളിലൂടെയും ഇത്തരം തൊഴിൽ വാഗ്ദാനങ്ങളെത്തുന്നുണ്ട്.

എന്നാൽ, വിഴിഞ്ഞത്തിന്റെ പേരിൽ പ്രചരിക്കുന്ന ഇത്തരം തൊഴിലവസര സന്ദേശങ്ങൾ വ്യാജമാണ്. കാരണം, വിഴിഞ്ഞം തുറമുഖത്തെ തൊഴിലവസരങ്ങളുടെ വിവരങ്ങൾ പ്രമുഖ മാധ്യമങ്ങളിലും കമ്പനി വെബ്സൈറ്റായ www.vizhinjamport.in ലുമാണ് പ്രസിദ്ധീകരിക്കുന്നത്. തുറമുഖത്തെ നിയമനങ്ങൾക്കായി ഒരു ഏജൻസിയേയും നിയോഗിച്ചിട്ടില്ല. അതിനാൽ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെട്ടുള്ള വ്യക്തികളുടെയോ സംഘടനകളുടെയോ വാഗ്ദാനങ്ങളും വ്യാജമാണ്. ഇത്തരം തൊഴിൽ പരസ്യങ്ങളിൽപ്പെട്ടു വഞ്ചിതരാവരുതെന്നും തുറമുഖ കമ്പനി അറിയിച്ചിട്ടുണ്ട്.

Read more at: https://www.manoramaonline.com/fact-check/viral/2025/05/28/beware-vizhinjam-recruitment-scams-fact-check.html

∙ മഴക്കാലത്തെ ഊത്തപിടുത്തവും പിഴയും

factcheck-inland-fishing

മഴക്കാലം അടുത്ത്, വയലും തോടുമെല്ലാം പുതുവെള്ളം കയറി ഒന്നാവുന്ന ഈ ഒരു സമയത്ത് മൺസൂൺ കാലത്തെ ഈ മത്സ്യവേട്ട സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നുണ്ട്. കേരളത്തിലെ തോടുകളിലും വയലുകളിലും മീൻ പിടിച്ചാൽ 15,000 രൂപ പിഴയും ആറു മാസം തടവും ലഭിക്കുമെന്നൊരു പ്രചാരണമുണ്ട് സമൂഹമാധ്യമങ്ങളിൽ.

വാസ്തവമെന്തെന്നാൽ, ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുകളോ അറിയിപ്പുകളോ വന്നിട്ടില്ല. പ്രജനന സമയങ്ങളില്‍ സഞ്ചാരപഥങ്ങളില്‍ തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകള്‍ച്ചര്‍ ആൻഡ് ഇന്‍ ലാന്‍ഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങള്‍ അധ്യായം 4, ക്ലോസ് 6, സബ് ക്ലോസ് 3, 4, 5 പ്രകാരം മുൻപേ നിരോധിച്ചിട്ടുള്ളതാണ്. അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15,000 രൂപ പിഴയും ആറു മാസം തടവും ലഭിക്കുന്നതാണ്. 

Read more at: https://www.manoramaonline.com/fact-check/viral/2025/05/27/false-news-kerala-fishing-fines-fact-check.html

∙ ദേശീയപാത അതോറിറ്റിയുടെ കേരളത്തിലെ ഓഫിസ് പൂട്ടിച്ചത് ആര്?

national-highway-authority-of-india-kerala-office-closure-fact-check-1-

എൻഎച്ച് 66നെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളിലൊന്നാണ് ദേശീയപാത അതോറിറ്റി (എൻഎച്ച്‌എഐ) അവരുടെ കേരളത്തിലെ ഓഫിസിന്റെ പ്രവർത്തനം നിർത്തിയതു ഏതു സർക്കാരിന്റെ ഭരണകാലത്താണെന്നത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കെയാണ് ദേശീയപാത അതോറിറ്റി അവരുടെ കേരളത്തിലെ ഓഫിസ് പൂട്ടിപോയതെന്നും ഉമ്മൻ ചാണ്ടി സർക്കാരാണ് ഇവരെ തിരികെ കൊണ്ടുവന്ന് ദേശീയപാത നിർമാണം പുനരാരംഭിക്കുന്നതെന്നുമാണ് ഒരു വാദം. ഇതു നേരേ തിരിച്ചാണ് മറ്റൊരു കൂട്ടർ വാദിക്കുന്നത്.

യഥാർഥത്തിൽ, 2014ൽ ഉമ്മൻ ചാണ്ടി നയിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്താണ് ദേശീയ പാത 66ന്റെ വികസനത്തിൽനിന്നും എൻഎച്ച്‌എഐ പിന്‍വാങ്ങിയത്. പക്ഷേ, ഇതേ തുടർന്ന് ഇവർ പൂർണമായും സംസ്ഥാനത്തുനിന്നും ഓഫിസ് അടച്ചു പോയിട്ടില്ല, മറിച്ച് പദ്ധതിക്കായുള്ള സ്ഥലമെടുപ്പും നിർമാണവും അനിശ്ചിതത്വത്തിലായ ഘട്ടങ്ങളിൽ പദ്ധതിക്കായി ദേശീയപാത അതോറിറ്റി ചെലവു വഹിച്ചിരുന്ന കേരളത്തിലെ പല ഓഫിസുകള്‍ പൂട്ടിയിരുന്നു. പിന്നീട്, 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരാണ് പദ്ധതി പുനരാരംഭിച്ച് വീണ്ടും സജീവമാക്കിയത്.

Read more at: https://www.manoramaonline.com/fact-check/politics/2025/05/27/nhai-kerala-office-closure-during-achuthanandan-or-oommen-chandy-tenure-fact-check.html

∙ ഇന്ത്യൻ റെയില്‍വേയും സീനിയർ സിറ്റിസൺ ടിക്കറ്റ് ഡിസ്കൗണ്ടും

Indian Railways Senior Citizen Ticket Discount Fake News

രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി 'സീനിയർ സിറ്റിസൺ ടിക്കറ്റ് ഡിസ്കൗണ്ട്' എന്നൊരു പുതിയ നയം ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചുവെന്ന സന്ദേശം ഒരിക്കലെങ്കിലും മലയാളി സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുണ്ടാകും. മുതിർന്ന പൗരന്മാർക്ക് ട്രെയിൻ ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ് ലഭ്യമാകുമെന്നാണ് ഇതിലെ അവകാശവാദം. ഇളവ് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ, ഇളവ് പരിധികൾ, ടിക്കറ്റ് ബുക്ക് ചെയ്യേണ്ട വിധം തുടങ്ങിയ വിശദ വിവരങ്ങൾ ഇതിൽ പറയുന്നുണ്ട്.

എന്നാൽ, ഏതാനും വർഷങ്ങളായി പ്രചരിക്കുന്ന വ്യാജ സന്ദേശമാണിത്.  കോവിഡ് 19 മഹാമാരിയുടെ സമയത്ത് റെയിൽവേ വകുപ്പ് നിർത്തലാക്കിയതാണ് മുതിർന്ന പൗരന്മാർക്കുള്ള ഇളവുകള്‍. ഇതിനു മുൻപ് ട്രെയിൻ ടിക്കറ്റ് നിരക്കിൽ പല ഇളവുകളുമുണ്ടായിരുന്നു.

Read more at: https://www.manoramaonline.com/fact-check/viral/2025/05/28/indian-railways-senior-citizen-discount-fake-news.html

∙ ‘രക്താർബുദം മാറാൻ അദ്‌ഭുത മരുന്ന്’- ഈ പ്രചാരണത്തിന് വയസ്സ് 15

cancernew

മനുഷ്യരിലെ ബ്ലഡ് കാൻസർ പൂർണമായും ഭേദമാക്കാൻ Imitinef Mercilet എന്നൊരു പുതിയ മരുന്ന് ചെന്നൈയിലെ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടുപിടിച്ചു എന്ന സന്ദേശവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ മരുന്ന് സൗജന്യമായി നൽകുന്നുണ്ടെന്നും അതിനായി ബന്ധപ്പെടേണ്ട വിവരങ്ങളും ചേർത്താണ് സന്ദേശം എഴുതിയിട്ടുള്ളത്.

സമൂഹമാധ്യമങ്ങളില്‍ ഏറ്റവും പഴക്കമുള്ള വ്യാജ പ്രചാരണങ്ങളിലൊന്നാണിത്. 2010 മുതൽ പ്രസ്തുത സന്ദേശം പ്രചരിക്കുന്നുണ്ട്. സത്യമെന്തെന്നാൽ, Imitinef Mercilet എന്നൊരു മരുന്നുമില്ല അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എല്ലാവർക്കും കാൻസറിന്റെ മരുന്ന് സൗജന്യമായും നൽകുന്നില്ല. ക്രോണിക് മൈലോയ്ഡ് ലുക്കീമിയ എന്നയിനം ബ്ലഡ് കാൻസറിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ‘Imatinib Mesylate’ എന്നൊരു മരുന്നുണ്ട്. ഇത് ഇന്ത്യയിലെ എല്ലാ കാൻസർ സെന്ററുകളിലും ലഭ്യമാണ്.

Read more at: https://www.manoramaonline.com/fact-check/health/2025/05/26/cancer-research-center-provide-free-medicine-to-completely-cure-blood-cancer-is-fake.html

ഇനിയുമുണ്ടായിരുന്നു വ്യാജ പ്രചാരണങ്ങൾ. അവയെക്കുറിച്ച് അറിയാം...

∙ ആക്രമണത്തിൽനിന്നു സംരക്ഷണം തേടി ഇന്ത്യൻ സുപ്രീം കോടതിയെ സമീപിച്ച് പാക്കിസ്ഥാൻ’ വിഡിയോയുടെ വാസ്തവം

∙ പരിഹസിച്ച പാക്ക് വനിത ഗുസ്തി താരത്തെ മലർത്തിയടിച്ച ഇന്ത്യക്കാരിയോ?

∙ ‘ബിജെപി ബന്ധം!’ താമര ചിഹ്നമുള്ള തൊപ്പി ധരിച്ച് ചാരവൃത്തിക്കേസിലെ വ്ലോഗർ ജ്യോതി മല്‍ഹോത്ര! ചിത്രം വ്യാജം

∙ ആഫ്രിക്കയിൽനിന്നുള്ള കർദിനാളിനെ ആലിംഗനം ചെയ്യാതെ ലിയോ പതിനാലാമൻ മാർപാപ്പ' പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം

∙ കോവിഡ്–19 ബാധിച്ചു മരിച്ചയാളുടെ ശരീരം ആദ്യമായി പോസ്റ്റ്മോർട്ടം ചെയ്യുന്ന രാജ്യം സിംഗപ്പൂരോ?

∙ നായയ്ക്കു കൊടുക്കുന്ന ഭക്ഷണം ഇറ്റാലിയൻ പത്രപ്രവർത്തക യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് നൽകിയോ?

Cover Image - 1
English Summary:

The article addresses numerous false claims, including job scams, fake medical cures, and manipulated narratives, urging readers to verify information from trusted sources.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com