രാജീവ് ഗാന്ധിയുടെ ചരമവാർഷികം; പ്രവർത്തകരുടെ വക പൂമാലയും വിളക്കും രാഹുൽ ഗാന്ധിയുടെ ചിത്രത്തിന്! | Fact Check

Mail This Article
രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ വയനാട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ചിത്രത്തിൽ മാലയിട്ടിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം.
∙ അന്വേഷണം
കേരളത്തിലെ വയനാട്ടിൽ, അന്തരിച്ച ശ്രീ രാജീവ് ഗാന്ധിയുടെ ചരമവാർഷികം അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകർ ആചരിച്ചു. ചിത്രത്തിൽ കാണുന്ന പുഷ്പാർച്ചന നടത്തുന്ന ചിത്രം രാഹുൽ ഗാന്ധിയുടേതാണ്. കോൺഗ്രസ് മുഴുവൻ രോഷാകുലരാണ് എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പിന്റെ പരിഭാഷ. പ്രചരിക്കുന്ന പോസ്റ്റ് കാണാം.
വൈറൽ ചിത്രം റിവേഴ്‌സ് ഇമേജിൽ പരിശോധിച്ചപ്പോൾ 2022, സെപ്റ്റംബർ 20–ന് എക്‌സിൽ പോസ്റ്റ് ചെയ്ത സമാന ചിത്രം ഞങ്ങൾക്ക് ലഭിച്ചു. After their departure എന്നാണ് പോസ്റ്റിനൊപ്പം ഹിന്ദിയിലുള്ള കുറിപ്പിന്റെ പരിഭാഷ.
പ്രചരിക്കുന്ന പോസ്റ്റിൽ സ്ഥലം കേരളത്തിലെ വയനാടാണെന്ന് വ്യക്തമാക്കുന്നുണ്ട്. ചില കോൺഗ്രസ് പ്രവർത്തകരുമായി ഞങ്ങൾ സംസാരിച്ചു. വൈറൽ ചിത്രത്തിൽ വിളക്ക് തെളിയിക്കുന്നത് അഭിഭാഷകനും പാർട്ടി പ്രവർത്തകനുമായ വിനോദ് സെന്നാണെന്നും ഇദ്ദേഹത്തിന്റെ കൂടെയുള്ളത് അന്നത്തെ കെപിസിസി സെക്രട്ടറിയായിരുന്ന എസ്.കെ.അശോക് കുമാറാണെന്നും അവർ വ്യക്തമാക്കി.
കൂടാതെ രാജീവ് ഗാന്ധിയുടെ ചരമവാർഷികവുമായി ഈ ചിത്രത്തിന് ബന്ധമില്ലെന്നും അഞ്ച് വർഷം മുമ്പ് ഓണാഘോഷത്തിന്റെ ഭാഗമായി തിരുപുറം പഞ്ചായത്തിൽ സംഘടിപ്പിച്ച 'കിസാൻ മാർക്കറ്റ്' എന്ന പരിപാടിയിൽ നിന്നുള്ള ചിത്രമാണിതെന്നും അവർ പറഞ്ഞു.ഇക്കാര്യം വിനോദ് സെന്നും സ്ഥിരീകരിച്ചു. കോൺഗ്രസ് ചടങ്ങായതിനാലും സംഘാടകരായ കർഷകരുടെ നിർബന്ധത്താലാണ് അന്ന് രാഹുൽ ഗാന്ധിയുടെ ചിത്രവും ചടങ്ങിൽ ഇത്തരത്തിൽ വച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ രാഹുൽ ഗാന്ധിയുടെ ചിത്രത്തിൽ പ്രവർത്തകർ മാലയിട്ടെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി
∙ വസ്‌തുത
രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ രാഹുൽ ഗാന്ധിയുടെ ചിത്രത്തിൽ പ്രവർത്തകർ മാലയിട്ട് വിളക്ക് കത്തിച്ചന്ന പ്രചാരണം തെറ്റാണ്. 2022–ൽ നെയ്യാറ്റിൻകരയിലെ തിരുപുറം പഞ്ചായത്തിൽ സംഘടിപ്പിച്ച 'കിസാൻ മാർക്കറ്റ്' എന്ന പരിപാടിയിൽ നിന്നുള്ള ചിത്രമാണിത്.