കെ ഫോൺ ഓഫിസ് പൂട്ടിയോ? | Fact Check
.jpg?w=1120&h=583)
Mail This Article
കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ കെ ഫോൺ ആരംഭിച്ച്, വൈകാതെ തന്നെ നിർത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ട്. ‘അഞ്ഞൂറ് കോടിയുടെ അഴിമതി. കെ ഫോൺ ഓഫീസ് പൂട്ടി’ എന്നെഴുതിയ ഒരു ചിത്രത്തിനൊപ്പമാണ് പ്രചാരണം. മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ ഹെൽപ്‌ലൈനിലും (8129100164) വസ്തുതാ പരിശോധനയ്ക്കായി ഈ ചിത്രം ലഭിച്ചിരുന്നു. വാസ്തവമറിയാം.
∙ അന്വേഷണം
ഏതാനും ദിവസങ്ങളായി പ്രസ്തുത ചിത്രം വാട്സാപ്പിലും മറ്റ് സമൂഹമാധ്യങ്ങളിലും പ്രചരിക്കുന്നുണ്ട്. കെ–ഫോണുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ മുൻപ് ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാലത് ഇതുവരെ തെളിഞ്ഞിട്ടില്ല. ഈ വിഷയം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് 2024ൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി ഇക്കാര്യം തള്ളുകയും ചെയ്തിരുന്നു. പരിശോധിച്ചപ്പോൾ, കെ ഫോൺ ഓഫീസ് പൂട്ടിയതായോ വലിയൊരു അഴിമതി സ്ഥിരീകരിച്ചതായോ റിപ്പോർട്ടുകൾ കണ്ടെത്തിയില്ല.
തുടർന്നു നടത്തിയ അന്വേഷണത്തിൽ, ഇവരുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ സജീവമാണെന്ന് കണ്ടെത്തി. ഈ മാസം ‘കെഫോൺ ഒരു ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കിയിരിക്കുന്നു’ എന്നിതിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ പേജ് പരിശോധിച്ചപ്പോൾ, മുൻ വർഷങ്ങളിലും സമാന പ്രചാരണമുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. അന്ന്, പ്രചരിക്കുന്ന അവകാശവാദം വ്യാജമാണെന്ന് ഇവർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കെ ഫോണിന്റെ 2019ലെ പോസ്റ്റ് കാണാം.
സംസ്ഥാന സർക്കാരിന്റെ ഫാക്ട് ചെക്ക് സംവിധാനവും മുൻപ് പ്രചാരണമുണ്ടായപ്പോൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.
∙ വാസ്തവം
കെ ഫോൺ ഓഫിസുകൾ പൂട്ടിയെന്ന പ്രചാരണം വ്യാജമാണ്. ലക്ഷത്തിലേറെ ഉപഭോക്താക്കളുമായി കെ ഫോണ്‍ പ്രവർത്തനം തുടരുന്നുണ്ട്.