ഗാന്ധിജിയുടെ സമാധിയിൽ നിന്ന് പണമെടുത്ത് പോക്കറ്റിലിടുന്ന രാഹുൽ ഗാന്ധി! വാസ്തവം | Fact Check

Mail This Article
രാഹുൽ ഗാന്ധി മഹാത്മാഗാന്ധിയുടെ ശവകുടീരത്തിലുണ്ടായിരുന്ന നാണയം എടുത്ത് പോക്കറ്റിലിട്ടെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി . വാസ്‌തവമറിയാം.
∙ അന്വേഷണം
ഈ മനുഷ്യന് എന്തെങ്കിലും പ്രശ്നമുണ്ടോ? ഈ വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് നോക്കൂ:ബാപ്പുവിന്റെ ശവകുടീരത്തിൽ സമർപ്പിച്ച നാണയം എടുത്ത് പോക്കറ്റിൽ ഇട്ടു പപ്പു പൊട്ടൻ മനസ്സിലായി..ഇപ്പോൾ മനസ്സിലായോ? ഇവന്റെ കക്കലിന് ഇനിയും തെളിവ് വേണ?ഇവനാണ് പോലും ഭാവി പ്രധാന മന്ത്രി. ...മിന്നുന്നത് കണ്ടാൽ പന്നി കാട്ടം ആണേലും എടുത്തു കീശയിൽ ഇടും എന്നാണ് പോസ്റ്റിലെ വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന കുറിപ്പ്. വൈറൽ പോസ്റ്റ് കാണാം.
ഇതേ അവകാശവാദവുമായി പ്രചരിക്കുന്ന മറ്റൊരു പോസ്റ്റ് കാണാം
റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ വൈറല്‍ വിഡിയോയുടെ കീഫ്രെയ്‌മുകള്‍ പരിശോധിച്ചപ്പോള്‍ ഇതേ വിഡിയോ 2025 മെയ് 21–ന് നിരവധി മാധ്യമങ്ങൾ പങ്കുവച്ചതായി കണ്ടെത്തി. രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ സമാധിയിൽ രാഹുൽ ഗാന്ധിയെത്തിയതിന്റെ ദൃശ്യങ്ങളാണിതെന്ന് വിഡിയോയിൽ നിന്ന് വ്യക്തമായി.
കൂടുതൽ പരിശോധനയിൽ ലഭ്യമായ മറ്റൊരു വിഡിയോയില്‍ രാജീവ് ഗാന്ധിയുടെ സമാധിക്കു ചുറ്റും വലംവച്ച് ഖാർഗെയ്ക്ക് പിന്നിലായി നടക്കുന്ന രാഹുൽ ഗാന്ധി പെട്ടെന്ന് സമാധിയിൽ നിന്ന് ഏതോ ഒരു വസ്തു കൈയ്യിലെടുക്കുന്നതായി കാണാം. വോയ്സോവറിനൊപ്പമാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയിലെ 8:55-ാം മിനുട്ടിൽ വൈറൽ വിഡിയോയിലെ ദൃശ്യങ്ങൾ വരുന്ന ഭാഗത്ത്, ശവകുടീരത്തിൽ നിന്ന് രാഹുൽ പൂക്കളെടുത്ത് പിതാവിന്റെ ഓർമയ്ക്കായി പോക്കറ്റിൽ വയ്ക്കുന്നെന്ന് കൃത്യമായി പറയുന്നുണ്ട്.
രാജീവ് ഗാന്ധിയുടെ സമാധിയിൽ വിതറിയിരുന്ന പൂക്കള്‍ രാഹുൽ എടുക്കുന്ന ദൃശ്യമാണ് വൈറൽ വിഡിയോയിലുള്ളതെന്ന് ഇതിൽ നിന്ന് വ്യക്തമായി.
ലഭ്യമായ വിവരങ്ങളിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ ശവകുടീരത്തിലെ നാണയത്തുട്ടുകള്‍ രാഹുല്‍ ഗാന്ധി എടുത്ത് പോക്കറ്റിലിടുന്ന ദൃശ്യം എന്ന അവകാശവാദത്തോടെയുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സ്ഥിരീകരിച്ചു.
∙ വസ്തുത
രാജീവ് ഗാന്ധിയുടെ സമാധിയില്‍ വിതറിയ പൂക്കളാണ് രാഹുൽ ഗാന്ധി പോക്കറ്റിലിട്ടത്. മഹാത്മാ ഗാന്ധിയുടെ ശവകുടീരത്തിലെ നാണയത്തുട്ടുകള്‍ രാഹുല്‍ ഗാന്ധി എടുത്ത് പോക്കറ്റിലിടുന്ന ദൃശ്യം എന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്