അഗാധ ഗർത്തത്തിൽ മുങ്ങി വാഹനങ്ങൾ! ഇത് കേരളത്തിലെ തകർന്ന റോഡോ? | Fact Check
.jpg?w=1120&h=583)
Mail This Article
കേരളത്തിലെ തകർന്ന റോഡിന്റെ ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, വൈറൽ ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.
∙ അന്വേഷണം
റോഡിൽ അഗാധമായൊരു ഗർത്തവും അതിൽ പതിച്ച വാഹനങ്ങളുമാണ് ചിത്രത്തിലുള്ളത്. 'ഇതാ കിടക്കുന്നു മരുമകന്റെ റോഡ് മരുമകൻ എത്രയും പെട്ടന്ന് അവിടെ പോയി ഒരു റീൽസ് ഇടണം' എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റിന്റെ സ്ക്രീൻഷോട്ട് കാണാം.
വൈറൽ വിഡിയോയുടെ സ്ക്രീൻഷോട്ടുകള്‍ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു തിരഞ്ഞപ്പോൾ മുൻപും നിരവധിപേർ സമാന വിഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. വൈറൽ വിഡിയോ കൂടുതൽ പരിശോധിച്ചപ്പോൾ വിഡിയോയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തി. തകർന്ന റോഡിലൂടെ കുത്തിയൊലിക്കുന്ന വെള്ളത്തിന്റെ ഉറവിടം വിഡിയോയിലില്ല. കൂടാതെ, വിഡിയോയിലെ മറ്റ് ചുറ്റുപാടുകളും വെള്ളത്തിൽ നിൽക്കുന്നവരുടെ ചലനവും വിഡിയോ എഐ നിർമിതമാകാമെന്ന സൂചന നൽകി.
വൈറൽ വിഡിയോ എഐ നിർമിതമാണോ എന്ന് സ്ഥിരീകരിക്കാനായി വിവിധ എഐ പരിശോധന ടൂളുകളിൽ വൈറൽ വിഡിയോയുടെ സ്ക്രീൻഷോട്ടുകൾ പരിശോധിച്ചപ്പോൾ ചിത്രം എഐ നിർമിതമാണെന്ന ഫലങ്ങളാണ് ലഭിച്ചത്. തുടർന്നുള്ള പരിശോധനയിൽ @AIDisastersShorts എന്ന യൂട്യൂബ് ചാനലിലാണ് വൈറൽ വിഡിയോ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. ഇവരുടെ വിഡിയോകളെല്ലാം എഐ നിർമിതമാണെന്ന് ഇവരുടെ ചാനലിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറൽ വിഡിയോ എഐ നിർമിതമാണെന്ന് സ്ഥിരീകരിച്ചു.
∙ വസ്തുത
കേരളത്തിലെ തകർന്ന റോഡിന്റെ ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ എഐ നിർമിതമാണ്.