ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളെ വധിച്ചതിനെതിരെ കേരളത്തിൽ സിപിഎമ്മിന്റെ പ്രതിഷേധമോ? | Fact Check

Mail This Article
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഛത്തീസ്‌ഗഡിൽ 27 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനു പിന്നാലെ, ആ കൊലപാതകങ്ങൾക്കെതിരെ കേരളത്തിൽ സിപിഎം നടത്തിയ പ്രതിഷേധം എന്ന് അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൈറൽ വിഡിയോയുടെ വസ്തുത പരിശോധിക്കാനായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വാസ്തവമറിയാം
∙ അന്വേഷണം
റെഡ് വോളന്റിയർ യൂണിഫോമിലുള്ള ആളുകൾ മുദ്രാവാക്യം വിളിക്കുന്നത് വിഡിയോയിൽ കാണാം. സൂർത്തുക്കളെ…അമിത് ഷാക്കെതിരെയാണ്…കേന്ദ്ര ആഭ്യന്തര വകുപ്പിന് എതിരെയാണ്…മാവോയിസ്റ്റുകളെ കൊല്ലുന്നതിന് എതിരെയാണ്…ഏതായാലും ജയ്ക്കും, സ്വരാജും, റഹീമും ഒന്നും ഇറങ്ങീട്ടില്ല…. വെടിയുണ്ടക്ക് ആളെ തിരിച്ചറിയാൻ കഴിയില്ലല്ലോ… അതോർത്താവും ഏതായാലും, അമിത്ഷാ പേടിച്ചു പണി നിർത്തി പോയെന്നാ കേട്ടത് എന്നാണ് ഞങ്ങൾക്ക് ലഭിച്ച വൈറൽ വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇതേ പോസ്റ്റുകൾ കാണാം
വൈറൽ വിഡിയോയിൽ നിന്ന് കീഫ്രെയിമുകൾ വേർതിരിച്ചെടുത്ത് നടത്തിയ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ 2025 മെയ് ആദ്യ ആഴ്ച മുതൽ സമാന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നതായി കണ്ടെത്തി. എന്നാൽ 2025 മെയ് 21 നാണ് ഛത്തീസ്‌ഗഡിൽ സുരക്ഷാ സേന 27 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത്. ഇതിൽ നിന്ന് വൈറൽ വിഡിയോയ്ക്ക് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവവുമായി ബന്ധമില്ലെന്ന് വ്യക്തമായി.
വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അതിൽ ഇംഗ്ലീഷും തമിഴും മുദ്രാവാക്യങ്ങളുണ്ടെന്ന് വ്യക്തമായി. 2025 ഏപ്രിൽ ആദ്യവാരം തമിഴ്‌നാട്ടിലെ മധുരയിൽ സംഘടിപ്പിച്ച 24-ാം പാർട്ടി കോൺഗ്രസിനെ പരാമർശിക്കുന്നതായിരുന്നു തമിഴ് മുദ്രാവാക്യങ്ങൾ.
കൂടുതൽ അന്വേഷണത്തിൽ, 2025 ഏപ്രിൽ 6 ന് സിപിഎമ്മിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കിട്ട ഒരു റീൽസ് വിഡിയോയിലും സമാന ദൃശ്യങ്ങളും മുദ്രാവാക്യങ്ങളുമുള്ള ഒരു റെഡ് വോളന്റിയർ മാർച്ച് കണ്ടെത്തി. തമിഴ്‌നാട് സിപിഎമ്മിന്റെ യൂട്യൂബ് പേജിലും 24-ാം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് നടന്ന റെഡ് വോളന്റിയർ മാർച്ചിന്റെ സമാന ദൃശ്യങ്ങളടങ്ങുന്ന വിഡിയോ പങ്കുവച്ചിട്ടുണ്ട്. 2025 ഏപ്രിൽ 9ന് പങ്കുവച്ചിട്ടുണ്ട്.
സ്ഥിരീകരണത്തിനായി സിപിഎമ്മിന്റെ തമിഴ്‌നാട് ഘടകം നേതാക്കളുമായി ഞങ്ങൾ സംസാരിച്ചു. 2025 ഏപ്രിൽ 2 മുതൽ ഏപ്രിൽ 6 വരെ മധുരയിൽ നടന്ന 24-ാമത് സിപിഎം പാർട്ടി കോൺഗ്രസിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന റെഡ് വളണ്ടിയർ മാർച്ചിലെ ദൃശ്യങ്ങളാണിതെന്ന് അവർ വ്യക്തമാക്കി.
2025 മെയ് 21–ന് നടന്ന മാവോയിസ്റ്റുകളുടെ കൊലപാതകങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് വൈറൽ വിഡിയോയ്ക്ക് ബന്ധമില്ലെന്ന് ഇതിൽ നിന്ന് വ്യക്തമായി.
∙ വസ്തുത
ഛത്തീസ്‌ഗഡ് മാവോയിസ്റ്റ് കൊലപാതകങ്ങൾക്കെതിരെ സിപിഎം നടത്തിയ പ്രതിഷേധം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2025 ഏപ്രിൽ 2 മുതൽ ഏപ്രിൽ 6 വരെ മധുരയിൽ നടന്ന 24-ാമത് സിപിഎം പാർട്ടി കോൺഗ്രസിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന റെഡ് വളണ്ടിയർ മാർച്ചിലെ ദൃശ്യങ്ങളാണ് വൈരൽ വിഡിയോയിലുള്ളത്