പെരുമഴയിൽ ചോരുന്ന കേരളത്തിലെ വന്ദേഭാരത്, കുടപിടിച്ച് ട്രെയിൻ നിയന്ത്രിക്കുന്ന ലോക്കോ പൈലറ്റ്! വാസ്തവം | Fact Check

Mail This Article
കനത്ത മഴയിൽ ചോർന്നൊലിക്കുന്ന കേരളത്തിലെ വന്ദേഭാരത് ട്രെയിനിലെ ലോക്കോ പൈലറ്റ് കുടചൂടി ട്രെയിൻ നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ഒരു ചിത്രം വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പറിൽ ലഭിച്ചു. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം
∙ അന്വേഷണം
വന്ദേ ഭാരത് ട്രെയിനിലെ ചോർച്ചയെ തുടർന്ന് ലോക്കോ പൈലറ്റ് കുട പിടിച്ചിരുന്ന് ട്രെയിൻ നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നത്. കനത്തമഴയിൽ കേരളത്തിലോടുന്ന വന്ദേഭാരതിൽ ചോർച്ച, കുടപിടിച്ച് ട്രെയിൻ നിയന്ത്രിക്കുന്ന ലോക്കോ പൈലറ്റ് എന്ന കുറിപ്പിനൊപ്പമാണ് വൈറൽ ചിത്രം വസ്തുതാ പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്.

പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ പരിശോധിക്കാൻ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ടൂൾ വഴി പരിശോധിച്ചപ്പോൾ 2017 ഓഗസ്റ്റ് 9ന് ഇന്ത്യൻ റെയിൽവേയെയും റെയിൽവേ മന്ത്രിയെയും ടാഗ് ചെയ്ത് സുചേത ദലാൽ എന്ന മാധ്യമ പ്രവർത്തക ബോങ്കോനാരീ എന്ന ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലെ ലോക്കോ പൈലറ്റിന്റെ ചിത്രമാണ് കേരളത്തിലെ വന്ദേഭാരതിലെ ചിത്രം എന്ന തരത്തിൽ പ്രചരിക്കുന്നത് എന്ന് വ്യക്തമായി. കൂടാതെ ഇതേ ചിത്രം ഇതേ അവകാശവാദങ്ങളോടെ മുൻകാലങ്ങളിലും പ്രചരിച്ചതായി കണ്ടെത്തി.2023–ൽ കേരളത്തിൽ വന്ദേഭാരത് സർവീസ് ആരംഭിച്ച സമയത്തായിരുന്നു ഈ പ്രചാരണം.
വിഡിയോ സംബന്ധിച്ച് റെയിൽവേ വിശദീകരണവും നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് ശരിക്കും ആശങ്കയുണ്ടായിരുന്നു, അന്വേഷിച്ചിരുന്നു. മുന്നിൽ നിന്ന് മറ്റൊരു എഞ്ചിൻ വലിച്ചുകൊണ്ടുപോയ (പ്രവർത്തിക്കാത്ത) എഞ്ചിൻ ആയിരുന്നു അത് എന്ന വസ്തുത വിഡിയോയിൽ കാണാൻ കഴിയും എന്നാണ് ചിത്രത്തിന് റെയിൽവേ നൽകിയ വിശദീകരണം.
പഞ്ചാബ് കേസരി എന്ന മാധ്യമത്തിന്റെ മറ്റൊരു വിഡിയോയിലും റെയിൽവേ അധികൃതർ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. 2017 ജൂലൈ 25–ൽ നിന്നുള്ള വിഡിയോയാണിതെന്നും വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്. മുന്നിൽ നിന്ന് മറ്റൊരു എഞ്ചിൻ വലിച്ചുകൊണ്ടുപോയ (പ്രവർത്തിക്കാത്ത) എഞ്ചിൻ ആയിരുന്നു ഇതെന്നും എഞ്ചിനിൽ ചോർച്ചയുണ്ടായിരുന്നതായും അധികൃതർ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ജാർഖണ്ഡിലെ ധൻബാദിൽ ചിത്രീകരിച്ച വിഡിയോയാണിതെന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് കനത്ത മഴയിൽ ചോർന്നൊലിക്കുന്ന കേരളത്തിലെ വന്ദേഭാരത് ട്രെയിനിലെ ലോക്കോ പൈലറ്റ് കുടചൂടി ട്രെയിൻ നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
∙ വസ്‌തുത
ചോർന്നൊലിക്കുന്ന കേരളത്തിലെ വന്ദേഭാരത് ട്രെയിനിലെ ലോക്കോ പൈലറ്റ് കുടചൂടി ട്രെയിൻ നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വൈറൽ ചിത്രത്തിലുള്ളത് 2015–ൽ ധൻബാദിൽ നിന്നുള്ള വിഡിയോയാണ് മുന്നിൽ നിന്ന് മറ്റൊരു എഞ്ചിൻ വലിച്ചുകൊണ്ടുപോയ (പ്രവർത്തിക്കാത്ത) എഞ്ചിനിലെ ദൃശ്യമാണിത്.