'എം.സ്വരാജിന്റെ നാമനിർദേശ പത്രികാ സമർപണത്തിൽ മാറ്റം വരുത്തിയത് ജ്യോത്സ്യന്റെ നിർദേശ പ്രകാരം'! ആ കാർഡ് വ്യാജം | Fact Check
.jpg?w=1120&h=583)
Mail This Article
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന എം.സ്വരാജ് ആദ്യം പത്രിക സമർപ്പിക്കാനിരുന്ന തീയതി മാറ്റി മറ്റൊരു ദിവസമാണ് പത്രിക സമർപ്പിച്ചത്. ഈ തീരുമാനം ഒരു ജ്യോത്സ്യൻറെ നിർദേശപ്രകാരമാണെന്ന തരത്തിൽ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സ്വരാജിന്റെ ചിത്രമുള്ള ഒരു വാർത്താ കാർഡാണ് പങ്കുവയ്ക്കപ്പെടുന്നത്. വാസ്തവമറിയാം.
∙ അന്വേഷണം
പരിഹാസരൂപേണ ചിത്രത്തോടൊപ്പം നൽകിയിട്ടുള്ള വിവരണം ഇപ്രകാരമാണ്, ‘വെള്ളിയാഴ്ചയും ശനിയാഴ്ചയും കണ്ടകശനി ആണെത്രേ.... ഈയിടെ ആയി ജ്യോത്സ്യത്തിലൊക്കെ വലിയ വിശ്വാസമാണ്.... ഞായറാഴ്ച ജ്യോതിഷ്യൻ പറയാം.... അതുവരെ നാമനിർദേശ പത്രിക ഇല്ല’. പരിശോധിച്ചപ്പോൾ ഇങ്ങനെയൊരു സംഭവം നടന്നതായി റിപ്പോർട്ടുകൾ ലഭിച്ചില്ല. പ്രചരിക്കുന്ന കാർഡിൽ പേരുള്ള മാധ്യമത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും ഇത്തരത്തിലൊരു കാർഡ് അവർ പ്രസിദ്ധീകരിച്ചതായി കണ്ടെത്തിയില്ല. സ്വരാജ് പത്രികാ സമർപണം മാറ്റിയത് സംബന്ധിച്ച ഇവരുടെ വാർത്തയില്‍, ജ്യോത്സ്യന്‍ പറഞ്ഞതുകൊണ്ടാണ് പത്രികാ സമർപണ തീയതി മാറ്റിയതെന്ന പരാമർശവുമില്ല.
തുടർന്നുള്ള അന്വേഷണത്തിൽ, പ്രചരിക്കുന്നതിനു സമാനമായ വാർത്താ കാർഡ് കണ്ടെത്തി. ഇതിൽനിന്നും, എഡിറ്റ് ചെയ്തു മാറ്റം വരുത്തിയ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് വ്യക്തമായി. യഥാർഥ വാർത്താ കാര്‍ഡിൽ, ‘ഇന്ന് പത്രിക നൽകാനായിരുന്ന ധാരണ’ എന്നാണ് എഴുതിയിരുന്നത്. ജ്യോത്സ്യനെക്കുറിച്ചുള്ള ഭാഗം ഇതിനു മുകളിലേക്ക് എഡിറ്റ് ചെയ്ത് ചേർത്തതാണ്. അതിനാൽ, പ്രസ്തുത വാർത്താ കാര്‍ഡ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
എം.സ്വരാജിന്റെ നാമനിർദേശ പത്രികാ സമർപണത്തിൽ മാറ്റവരുത്തിയത് ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരമാണെന്ന വാർത്താ കാർഡ് വ്യാജമാണ്.