വീട്ടിലിരുന്നാൽ മതി മദ്യമെത്തും! സംസ്ഥാന സർക്കാരിന്റെ സഞ്ചരിക്കുന്ന ബാർ നിരത്തിലിറങ്ങിയോ? | Fact Check

Mail This Article
സംസ്ഥാന സർക്കാർ സഞ്ചരിക്കുന്ന ബാർ ആരംഭിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.വാസ്‌തവമറിയാം
∙ അന്വേഷണം
എന്റെ വോട്ട് മൂന്നാം പിണറായി സർക്കാരിന്...അറിഞ്ഞില്ല കണ്ടില്ല എന്ന് പറയരുത്. കേരളത്തിലെ കുടിയൻമാരുടെ നീറുന്ന പ്രശ്നത്തിന് ഒരു പരിഹാരം.. സർക്കാർ ജനങ്ങളോടൊപ്പം..കുടിയന്മാർക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന് ആരാണ് പറഞ്ഞത്..സഞ്ചരിക്കുന്ന ബാർ നിലവിൽ വന്നു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.
കീവേർഡുകളുടെ പരിശോധനയിൽ മനോരമ ന്യൂസ് 2023 ഏപ്രിൽ 28ന് പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർട്ട് ലഭ്യമായി. "ലോറിയിൽ സഞ്ചരിക്കുന്ന ബാർ; യുവാവ് എക്സൈസ് പിടിയിൽ" എന്ന തലക്കെട്ടിനൊപ്പമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.വിഡിയോ കാണാം
അനുമതിയില്ലാതെ ഒരാൾ അനധികൃതമായി നിർമിച്ച സഞ്ചരിക്കുന്ന ബാറാണ് ഇതെന്ന് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായി. ഇത് 2023–ലെ സംഭവമാണെന്നും വ്യക്തമായി. ലഭ്യമായ വിവരങ്ങളുടെ സ്ഥിരീകരണത്തിന് വേണ്ടി എക്സൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങളുമായി ഞങ്ങൾ സംസാരിച്ചു. പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അവർ വ്യക്തമാക്കി.
2023–ൽ തിരുവനന്തപുരം കുമാരപുരം സ്വദേശിയായ ഇഷാൻ നിഹാൽ എന്നയാൾ പ്രത്യേകം രൂപകൽപന ചെയ്ത വാഹനവുമായി നഗരത്തിൽ അനധികൃതമായി കോക്ടെയിൽ മദ്യമുണ്ടാക്കി വിൽപ്പന നടത്തിയതിന് അറസ്റ്റിലായിരുന്നു. ഇയാൾ വാഹനത്തിൽ അനധികൃതമായി മദ്യവിൽപ്പന നടത്തുന്നതിന്റെ തെളിവു സഹിതമുള്ള ദൃശ്യങ്ങൾ എക്സൈസ് വിഭാഗത്തിന് ലഭിച്ചതിനെത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇതിൽ പ്രചാരണം തെറ്റാണെന്ന് വ്യക്തമായി.
കൂടുതൽ വിവരങ്ങൾക്ക് സൗത്ത് സോൺ എക്സൈസ് ജോയിന്റ് കമ്മീഷണർ രാധാകൃഷ്ണനുമായും ഞങ്ങൾ സംസാരിച്ചു. 2023 ഏപ്രിൽ 23–നാണ് സംഭവം നടന്നതെന്നും അബ്‌കാരി നിയമത്തിന് വിരുദ്ധമായി നിയമപരമായ പെർമിറ്റോ മറ്റ് സാധുവായ രേഖകളോ ഇല്ലാതെ അനധികൃത മദ്യം സൂക്ഷിച്ചു വച്ചതിനും, വിദേശ മദ്യം കൈവശം വച്ച കുറ്റത്തിനും നിയമവിരുദ്ധമായി മദ്യത്തിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിനുമുള്ള വകുപ്പുകൾ ഉൾപ്പടുത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിക്കെതിരെ ചുമത്തിയ വകുപ്പുകളും പിടിച്ചെടുത്ത വാഹനത്തിന്റെ ചിത്രങ്ങളുമുൾപ്പെട്ട എഫ്ഐആറും ഞങ്ങൾക്കു ലഭിച്ചു.
ലഭ്യമായ വിവരങ്ങളിൽ നിന്ന് പിണറായി സർക്കാർ ആരംഭിച്ച സഞ്ചരിക്കുന്ന ബാറിന്റെ ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
∙ വാസ്‌തവം
പിണറായി സർക്കാർ ആരംഭിച്ച സഞ്ചരിക്കുന്ന ബാറിന്റെ ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2023 ഏപ്രിൽ 26ന് എക്സൈസ് അറസ്റ്റ് ചെയ്‌ത തിരുവനന്തപുരം സ്വദേശിയായ ഇഷാൻ നിഹാൽ എന്ന വ്യക്തി അനധികൃതമായി നിർമിച്ച സഞ്ചരിക്കുന്ന ബാറിന്റെ ദൃശ്യമാണിത്.