വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഇനി ക്ഷാമബത്ത വർധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കില്ലേ? | Fact Check
.jpg?w=1120&h=583)
Mail This Article
കേന്ദ്ര സർക്കാർ പുതിയ സാമ്പത്തിക ആക്ട് (Finance Act 2025) പുറത്തിറക്കിയെന്നും വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഇതുപ്രകാരം ഇനി ക്ഷാമബത്ത (ഡിഎ) വർധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കില്ല എന്നും ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിരമിച്ച ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഇനി സർക്കാരിനായിരിക്കില്ലെന്ന് ഈ നിയമത്തിലുൾപ്പെടുത്തിയിട്ടുണ്ടെന്നും ഇതിൽ പറയുന്നു. വാസ്തവമറിയാം.
∙ അന്വേഷണം
‘Retired Govt Employees Will No Longer Get DA Hikes & Pay Commission Benefits Under Finance Act 2025’ എന്നാണ് പ്രചരിക്കുന്ന സന്ദേശത്തിലെ തലക്കെട്ട്. വാർത്താ മാധ്യമമായ ലോക്‌മത്തിലെ ഹർഷിക യാദവ് റിപ്പോർട്ട് ചെയ്ത വാർത്ത എന്ന തരത്തിലുള്ള ഉള്ളടക്കമാണ് സന്ദേശമായി പ്രചരിക്കുന്നത്. ‘In a major policy shift affecting millions of pensioners, the government has passed the Finance Act 2025, which withdraws key post-retirement benefits for retired government employees, according to a report by Lokmat. Under the new provisions, pensioners will no longer be eligible for dearness allowance (DA) hikes or future Pay Commission benefits, including those from the upcoming 8th Pay Commission.’– എന്നാണ് പ്രചരിക്കുന്ന സന്ദേശത്തിന്റെ തുടക്കം.

ലോക്‌മത്ത് ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു. എന്നാൽ, ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന്, പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കാൻ, ഫിനാൻസ് ബിൽ/ഫിനാൻസ് ആക്ട് 2025 പരിശോധിച്ചു. 2025 മാർച്ചിലാണ് ഇത് പാസ്സായത്. ഈ നിയമം പ്രധാനമായും നികുതി–സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ചാണ്, സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ ഇതിൽ പരാമർശിക്കുന്നതായി കണ്ടെത്തിയില്ല.
എന്നാൽ, ‘പുതിയ ഭേദഗതിയനുസരിച്ച് ശമ്പളക്കമ്മിഷൻ ശുപാർശകളുടെ ആനുകൂല്യം നേരത്തേ വിരമിച്ച കേന്ദ്ര ജീവനക്കാർക്കു ലഭിക്കില്ല. ശുപാർശകൾ നടപ്പാക്കിയശേഷം വിരമിക്കുന്നവർക്കേ ആനൂകൂല്യം ലഭിക്കൂ.’ എന്ന് കെ.സി.വേണുഗോപാലും എൻ.കെ.പ്രേമചന്ദ്രനും സഭയിൽ ചോദ്യംചെയ്തതായി പരാമർശിക്കുന്ന ഒരു വാർത്ത കണ്ടെത്തി. തുടർന്നു നടത്തിയ പരിശോധനയിൽ, കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽനിന്നു പെൻഷൻ ബാധ്യതകൾക്കുള്ള ചെലവുകൾക്കായുള്ള കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും സാധുത വിലയിരുത്തി സ്ഥിരീകരിക്കുന്നത് സംബന്ധിച്ച ഒരു ബിൽ ഫിനാൻസ് ആക്ട് 2025ന്റെ ഭാഗമായി ലോക്സഭയിൽ പാസ്സാക്കിയതിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പ് ലഭിച്ചു. ഇത് പുതിയ ഭേതഗതിയല്ല, നിലവിലുള്ള സിസിഎസ് (പെൻഷൻ) നിയമങ്ങൾ പ്രഖ്യാപിച്ച തീയതി മുതൽ പ്രാബല്യത്തിൽ വന്നതിന്റെ പുനസ്ഥിരീകരണം മാത്രമാണിതെന്നാണ് ലഭ്യമായ വിവരം. നിലവിലെ പെൻഷനെ ഇത് ബാധിക്കുന്നില്ല എന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമനും ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

ശേഷം, കീവേർഡുകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ 2025 മെയ് 27ന്, സിസിഎസ് (പെൻഷൻ) 2021 നിയമങ്ങളിലെ റൂൾ 37 ഭേദഗതി ചെയ്തത് സംബന്ധിച്ച വാർത്തകളും ലഭിച്ചു. ഇതു പ്രകാരം, മോശം പെരുമാറ്റത്തിന് ഒരു പൊതുമേഖലാ ജീവനക്കാരനെ പിരിച്ചുവിട്ടാൽ, അവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് പ്രസ്താവിക്കുന്നുണ്ട്. അതല്ലാതെ, പ്രചരിക്കുന്നതുപോലുള്ള മാറ്റങ്ങൾ പ്രഖ്യാപിച്ചതായി കണ്ടെത്തിയില്ല.
തുടർന്നുള്ള അന്വേഷണത്തിൽ, പ്രചരിക്കുന്നത് തെറ്റിദ്ധാരണപരത്തുന്ന സന്ദേശമാണെന്ന് കണ്ടെത്തി. പ്രസ്തുത പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കുന്ന പിഐബി ഫാക്ട് ചെക്കിന്റെ ഒരു പോസ്റ്റും കണ്ടെത്തി.
∙ വാസ്തവം
വിരമിച്ച സർക്കാർ ജീവനക്കാർക്ക് പുതിയ സാമ്പത്തിക ബിൽ (ഫിനാൻസ് ആക്ട് 2025) പ്രകാരം ഇനി ക്ഷാമബത്ത (ഡിഎ) വർധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കില്ല എന്ന പ്രചാരണം വ്യാജമാണ്.