ഹജ്ജിന് പോകുന്നവർക്ക് സംസ്ഥാന സർക്കാർ വക സർപ്രൈസ് ഗിഫ്റ്റ്; ആ പ്രചാരണം വ്യാജം | Fact Check

Mail This Article
കേരള സർക്കാർ ഇത്തവണ ഹജ്ജിന് പോകുന്നവർക്കായി സർപ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നുണ്ട് എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ബാഗും അതിനകത്ത് കണ്ണാടി, നെയിൽ കട്ടർ, ചെരിപ്പ്, കുട, വാട്ടർ ബോട്ടിൽ, വാട്ടർ സ്പ്രേ തുടങ്ങിയവ കാണിച്ച് കേരള സർക്കാരാണ് ഇവ നൽകുന്നതെന്ന തരത്തിലാണ് വിഡിയോ പ്രചരിപ്പിക്കുന്നത്.എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.
∙ അന്വേഷണം
പിണറായിസം തുടരും എന്ന കുറിപ്പിനൊപ്പമാണ് വൈറൽ വിഡിയോ പ്രചരിക്കുന്നത്. വിഡിയോ കാണാം
കീവേർഡുകളുടെ പരിശോധനയിൽ നിരവധി പേർ സമാന വിഡിയോ ഇതേ അവകാശവാദങ്ങളോടെ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി.
കൂടുതൽ തിരയലിൽ വിഡിയോ വ്യാജമാണെന്ന് വ്യക്തമാക്കുന്ന ചിലരുടെ പോസ്റ്റുകൾ ഞങ്ങൾക്കു ലഭിച്ചു. പ്രചാരണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇത്തവണ ഹാജിമാർക്കായി സർപ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നുണ്ട് എന്ന പേരിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ബാഗും അതിനകത്ത് കണ്ണാടി, നെയിൽ കട്ടർ, ചെരിപ്പ്, മുസല്ല, കുട, വാട്ടർ ബോട്ടിൽ, വാട്ടർ സ്പ്രേ തുടങ്ങിയ സംഭവങ്ങളും കാണിച്ച് ഇതൊക്കെ കേരള സർക്കാർ കൊടുക്കുന്നതാണെന്ന മട്ടിലാണ് വിഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത്. ഹജ്ജ് സേവനത്തിന് കോൺട്രാക്ട് ലഭിക്കുന്ന സൗദി മുത്തവിഫ് എല്ലാ വർഷവും സൗദിയിലെ വിവിധ കമ്പനികളുടെയും സമ്പന്നരുടെയും സ്പോൺസർഷിപ്പോട് കൂടി ഹാജിമാർക്ക് പല സമ്മാനങ്ങളും കൊടുക്കാറുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് ഈ സമ്മാനം. എല്ലാ ഹാജിമാർക്കും ഇങ്ങനെയുള്ള ഗിഫ്റ്റ് ലഭിക്കുകയുമില്ല.
അതായത് ഇത് കൊടുക്കുന്നത് ഇന്ത്യാ ഗവൺമെന്റോ കേരള ഗവൺമെന്റോ സൗദി ഗവൺമെന്റോ അല്ല. ഇവർ ഉയർത്തിക്കാട്ടുന്ന ആ ബാഗിൽ തന്നെ മുത്തവിഫ് കമ്പനിയുടെ പേരുണ്ട്. ദുയൂഫുൽ ബൈത് അഥവാ സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന്റെ മുതവിഫ് അവരുടെ ഹാജിമാർക്ക് കൊടുത്തതാണിത്. ഇതിനെയാണ് ഇത്തവണ കേരള ഹജ്ജ് കമ്മിറ്റി വൻ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്ന മട്ടിൽ വ്യാജമായി പ്രചരിപ്പിക്കുന്നത്.
സയീദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ ഹാജീസ് ഹെൽപിങ് ഹാൻഡ്‌സ് വഴി കെ.എം.സി.സിയുടെ സേവനത്തെ ഹാജിമാർ മനസ്സറിഞ്ഞു പ്രാർത്ഥനാപൂർവ്വം സ്വീകരിക്കുന്നതിൽ ചിലരുടെ വിഷമം ഇത്തരം വ്യാജ നിർമിതിയിലുണ്ട്.ഇത്തരം നുണക്കഥകളുമായി വിഡിയോ എടുക്കുന്നവരും പ്രചരിപ്പിക്കുന്നതും ഇത് പരിശുദ്ധ ഹജ്ജ് കർമ്മമാണെന്ന കാര്യം മറക്കരുത്. അല്ലാഹു പൊറുത്തുതരട്ടെ എന്നാണ് ഈ പോസ്റ്റുകളിലുള്ളത്.
ഇതിൽ നിന്ന് വിഡിയോയിലുള്ളത് ഹജ് തീർത്ഥാടകർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ സൗകര്യങ്ങളല്ലെന്ന സൂചന ലഭിച്ചു. സ്ഥിരീകരിക്കാനായി ഞങ്ങൾ കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി അബ്ദുറഹിമാന്റെ ഓഫീസുമായി ബന്ധപ്പെട്ടു.വൈറൽ വിഡിയോയിലെ അവകാശവാദങ്ങള്‍ പൂർണമായും തെറ്റാണെന്ന് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ ഇത്തരം സമ്മാനങ്ങളൊന്നും തന്നെ ഹജ്ജിന് പോകുന്നവർക്ക് നൽകുന്നില്ല. ഹജ്ജ് തീർത്ഥാടനത്തിന്റെ ചുമതല വഹിക്കുകയും സുഗമമായ യാത്ര ഒരുക്കുകയുമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.കേന്ദ്രം അനുവദിക്കുന്ന ക്വാട്ട കൂടാതെ പ്രൈവറ്റായും നിരവധി പേർ ഹജ്ജിനായി പോകുന്നുണ്ട്. ഇത്തരത്തിൽ അവിടെയെത്തു ന്നവർക്ക് സൗദി സർക്കാരും ഹാജിമാർക്ക് സേവനം നൽകുന്ന മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ഇത്തരത്തിലുള്ള ഉപഹാരങ്ങൾ ഒരുക്കാറുണ്ട്. ഇത്തരത്തിലുള്ള ഒന്നാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വിഡിയോയിലെ ബാഗിൽ Al Bait Guests എന്നാണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമായി. കൂടുതൽ പരിശോധനയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് മുതലുള്ള എല്ലാ ഹജ് സേവനങ്ങളും നൽകുന്ന ഒരു സ്വകാര്യ കമ്പനിയാണ് Al Bait Guests എന്ന് വ്യക്തമായി. ഈ കമ്പനിയുടെ പാക്കേജിൽ ഹജ്ജിന് പോകുന്നവർക്കാണ് ബാഗ് ഉൾപ്പെടെയുള്ള അവശ്യ സൗകര്യങ്ങൾ നൽകുന്നത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് ഹജ് തീർത്ഥാടകർക്ക് സംസ്ഥാന സർക്കാർ നൽകിയ ബാഗ് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് സൗദിയിലെ സ്വകാര്യ കമ്പനിയായ അൽ ബൈത്ത് ഗസ്റ്റ്, അവരുടെ യാത്രാ പാക്കേജിൽ ഹജ്ജിനെത്തിയവർക്ക് നൽകിയ ബാഗാണെന്ന് വ്യക്തമായി.
∙ വസ്തുത
പ്രചാരണം വ്യാജം. കേരളത്തിൽ നിന്ന് ഹജിന് പോയവർക്ക് സംസ്ഥാന സർക്കാർ നൽകിയ സർപ്രൈസ് ഗിഫ്റ്റെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് സൗദിയിലെ സ്വകാര്യ കമ്പനിയായ അൽ ബൈത്ത് ഗസ്റ്റ്, അവരുടെ യാത്രാ പാക്കേജിൽ ഹജ്ജിനെത്തിയവർക്ക് നൽകിയ ബാഗിന്റെ ദൃശ്യങ്ങളാണ്.