‘വയനാട് ദുരന്ത ബാധിതര്‍ക്കായി പിരിച്ച 740 കോടി എവിടെ?’ വാസ്തവമറിയാം | Fact Check
.jpg?w=1120&h=583)
Mail This Article
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയ (സിഎംഡിആർഎഫ്) തുക കാണാനില്ല, സര്‍ക്കാർ വകമാറ്റി ചിലവഴിച്ചുവെന്ന അവകാശവാദത്തോടെ വ്യാപക പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇതിലേക്ക് ലഭിച്ച തുക വയനാടിനായി ചിലവഴിച്ചിട്ടില്ല എന്ന തരത്തിലും പ്രചാരണമുണ്ട്. വാസ്തവമറിയാം.
∙ അന്വേഷണം
നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഈ അവകാശവാദം പ്രചരിക്കുന്നുണ്ട്. ‘740 കോടി എവിടെ പോയി പാവങ്ങൾക്ക് ഒരു വീട്ടും സ്ഥലവും വാങ്ങാൻ പൈസ കൊടുത്താൽ എവിടെ എങ്കിലും പോയി അവർ ജീവിച്ചേനെ.’ എന്നാണ് പ്രചരിക്കുന്ന ഒരു അവകാശവാദം. മുഖ്യമന്ത്രിക്കും കുടുംബത്തിനെതിരെയും ഇതുമായി ബന്ധപ്പെടുത്തി ചില പ്രചാരണങ്ങളുണ്ട്.
പ്രചരിക്കുന്നതുപോലൊരു വിഷയം റിപ്പോർട്ട് ചെയ്തതായി മാധ്യമ വാർത്തകൾ കണ്ടെത്തിയില്ല. ശേഷം, ഫണ്ട് സംബന്ധിച്ച വിവരങ്ങൾക്കായി സിഎംഡിആർഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് ആദ്യം പരിശോധിച്ചത്. ഓരോ ഘട്ടങ്ങളിലും ഫണ്ടിലേക്ക് സമാഹരിക്കാൻ സാധിച്ചിട്ടുള്ള തുകയുടെ കണക്കുകൾ ഇതിൽ ലഭ്യമാണ്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സമയം മുതല്‍ (2024 ജൂലൈ 30–2025 ജൂണ്‍ 07) ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 763.16 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ TPA-701010200000080 അക്കൗണ്ടിലേക്ക് 316.56 കോടിയും പൊതുജനങ്ങളിൽനിന്നും ഗവൺമെന്റ് ഉദ്യോഗസ്ഥരിൽനിന്നും 446.6 കോടിയുമാണ് ലഭിച്ചിട്ടുള്ളത്. ഇതിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണമുണ്ടെന്ന് വ്യക്തമായി.

സിഎംഡിആർഎഫിൽ നിന്നു ഫണ്ട് വയനാടിനായി അനുവദിച്ചിട്ടില്ല എന്നത് തെറ്റായ പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വയനാടിനായി അനുവദിച്ച തുകയുടെ വിവരങ്ങളും ഫണ്ടിന്റെ വെബ്സൈറ്റിലുണ്ട്. ശേഖരിച്ച ഫണ്ടിൽനിന്നും 36.81 കോടിയാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളതായി ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
പരിശോധിച്ചപ്പോൾ, സിഎംഡിആർഎഫിലേക്ക് ലഭിച്ച തുക വയനാട് പുനരധിവാസത്തിനായി വിനിയോഗിക്കുന്നതാണെന്ന് മുഖ്യമന്ത്രി അസംബ്ലിയിൽ അറിയിച്ചത് സംബന്ധിച്ച വാർത്ത കണ്ടെത്തി. ഫണ്ടിൽ നിന്നും സ്ഥലമേറ്റെടുപ്പ്, വാടക തുടങ്ങിയ ആവശ്യങ്ങൾക്കായി ഇതിനോടകം തന്നെ തുക അനുവദിച്ചതിനു തെളിവായി ചില രേഖകളും അന്വേഷണത്തിൽ ലഭിച്ചു. പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള പണം സിഎംഡിആർഎഫിൽനിന്നും അനുവദിച്ചിട്ടുണ്ട്. പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് ബിൽ/കോണ്‍ട്രാക്ട് പേയ്മെന്റുകള്‍ വരുമ്പോഴാണ് ഇതിൽനിന്നും കൂടുതൽ തുകയെടുക്കുക.
കഴിഞ്ഞ മാസം വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭായോഗം 351.48 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്, സ്പെഷൽ ഓഫിസറും ഇപിസി കോൺട്രാക്ടറും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക് കോൺട്രാക്ടറായ യുഎല്‍സിസിഎസിന് മുൻകൂർ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷൽ ഓഫീസർക്ക് അനുവദിക്കുന്നതാണെന്നത് സംബന്ധിച്ച വാർത്തയും അന്വേഷണത്തിൽ കണ്ടെത്തി. ലഭ്യമായ വിവരങ്ങൾ പ്രകാരം, വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്ന വീടിനു സര്‍ക്കാര്‍ 20 ലക്ഷം രൂപയാണ് ചെലവ് നിശ്ചയിച്ചിട്ടുള്ളത്.
ഫണ്ടിന്റെ സുതാര്യത, വിനിയോഗം എന്നിവ സംബന്ധിച്ച വിശദ വിവരണവും സിഎംഡിആർഎഫിന്റെ വെബ്സൈറ്റിലുണ്ട്. കൂടാതെ, വയനാട് ദുരന്ത സമയത്ത് സിഎംഡിആർഎഫുമായി ബന്ധപ്പെട്ട് 2024ൽ വ്യാജ പ്രചാരണങ്ങൾ നടന്നപ്പോൾ സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും സമൂഹമാധ്യമങ്ങളിൽ നൽകിയ വിശദീകരണ പോസ്റ്റുകളും കണ്ടെത്തി. ഇവയിൽനിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) ഓഡിറ്റിനു വിധേയമാണ് ഈ തുക. ഇത് വകമാറ്റാനോ കണക്കില്‍പ്പെടുത്താതെ വിനിയോഗിക്കാനോ സാധിക്കില്ല എന്ന് വ്യക്തമായി.
ഫണ്ടിന്റെ വിശദ വിവരങ്ങൾ:
കൃത്യമായ മാനദണ്ഡങ്ങളും ഈ ഫണ്ടിന്റെ വിനിയോഗത്തിന് നിലവിലുണ്ട്.

മാത്രമല്ല, ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. ദുരിതാശ്വാസ നിധിയുടെ വരവ്/ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമസഭയ്ക്ക് അധികാരവുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സഭിയിൽ മറുപടി നൽകുന്നതിന്റെ വിഡിയോയും ഇവിടെ കാണാം.
സിഎംഡിആർഎഫിനെ കുറിച്ചുള്ള അന്വേഷണത്തിൽ പിആർഡി വകുപ്പ് 2024 ഓഗസ്റ്റിൽ പുറത്തിറക്കിയ 'Kerala Calling' എന്ന പ്രസിദ്ധീകരണവും ലഭിച്ചു. സിഎംഡിആർഎഫിന്റെ മുൻകാല കണക്കുകൾ, അനിവാര്യത, സുതാര്യത, പ്രാധാന്യം എന്നിവയെല്ലാം ഉൾപ്പെടുത്തിയ ഒരു ഭാഗം ഇതിലുണ്ട്. ഇവർ രേഖപ്പെടുത്തിയിട്ടുള്ള മുൻ വർഷങ്ങളിലെ കണക്കുകൾ,

ഇതിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സ്ഥിരീകരിച്ചു. ലഭിച്ച തുകയുടെയും ചിലവഴിച്ചിട്ടുള്ള തുകയുടെ കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്. വകമാറ്റി ചിലവഴിച്ചതായി കണ്ടെത്തിയില്ല. വ്യാജ പ്രചാരണങ്ങൾക്കെതിരെ സർക്കാരും വ്യക്തത വരുത്തിയിട്ടുണ്ട്.
∙ വാസ്തവം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയ തുകയ്ക്കു കൃത്യമായ കണക്കുകൾ ലഭ്യമാണ്. പ്രചരിക്കുന്ന പോലെ 740 കോടിയല്ല മറിച്ച് 763.16 കോടിയാണ് ഇതുമായി ബന്ധപ്പെട്ട് സിഎംഡിആർഎഫിൽ നിലവിലുള്ളത്. ഇതിൽനിന്നും 36.81 കോടി വയനാടിനായി ചിലവഴിച്ചിട്ടുണ്ട്. ഫണ്ട് വയനാട് പുനരധിവാസ പദ്ധതികൾക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.