അറുപതാം വയസിൽ നടൻ ആമിർ ഖാന്റെ മൂന്നാം വിവാഹമോ? | Fact Check

Mail This Article
കാമുകി ഗൗരി സ്പ്രാറ്റിനെ നടൻ ആമിർഖാൻ വിവാഹം കഴിച്ചെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.മൂന്ന് ചിത്രങ്ങളുടെ ഒരു ഫോട്ടോ കൊളാഷാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കിരൺ റാവുവുമായുള്ള വിവാഹമോചനത്തിന് ശേഷമുള്ള ആമിർ ഖാന്റെ മൂന്നാമത്തെ വിവാഹമാണിതെന്നും പോസ്റ്റുകളിലുണ്ട്. എന്നാൽ വൈറൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.

∙ അന്വേഷണം
നടൻ രാം ചരൺ ആമിർ ഖാന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതാണ് ആദ്യ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ചിൽ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ ഇതേ ചിത്രത്തിന് സമാനമായ ചിത്രങ്ങൾ ഉൾപ്പെട്ട വാർത്താ റിപ്പോർട്ടുകൾ കണ്ടെത്തി. എന്നാൽ 2023 ജൂൺ 7 ന് ജയ്പൂരിൽ നടന്ന നടൻ ശർവാനന്ദിന്റെയും രക്ഷിത റെഡ്ഡിയുടെയും വിവാഹത്തിന്റെ ചിത്രമായിരുന്നു ഇത്. ഫെയ്‌സ്-സ്വാപ്പിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആമിർ ഖാന്റെ മുഖം ശർവാനന്ദിന്റെ മുഖവുമായി മാറ്റം വരുത്തിയാണ് വൈറൽ ചിത്രം നിർമിച്ചതെന്ന് ഇതിൽ നിന്ന് വ്യക്തമായി.

രണ്ടാമത്തെ ചിത്രം പരിശോധിച്ചപ്പോൾ 2021 നവംബർ 17-ന് ടൈംസ് എന്റർടൈൻമെന്റിന്റെ റിപ്പോർട്ടിൽ യഥാർഥ ചിത്രം ഞങ്ങൾക്കു ലഭിച്ചു. നടി ശ്രദ്ധ ആര്യയുടെയും ഭർത്താവ് രാഹുലിന്റെയും വിവാഹത്തിന്റെ ചിത്രങ്ങളാണിതെന്ന് വ്യക്തമായി. ഇവരുടെ ചിത്രത്തിൽ മാറ്റം വരുത്തിയാണ് വൈറൽ ചിത്രം നിർമിച്ചിരിക്കുന്നത്.
മൂന്നാമത്തെ ചിത്രം പരിശോധിച്ചപ്പോൾ വധൂ–വരന്മാരുടെ വേഷത്തിൽ കണ്ട ചില പൊരുത്തക്കേടുകൾ ചിത്രം എഐ നിർമിതമാകാമെന്ന സൂചനകൾ നൽകി. എഐ ഇമേജ് ഡിറ്റക്ഷൻ ടൂളായ ഹൈവ് മോഡറേഷനിൽ പരിശോധിച്ചപ്പോൾ വൈറൽ ചിത്രം 89 ശതമാനവും എഐനിർമിതമാണെന്ന ഫലങ്ങളാണ് നൽകിയത്.
കൂടുതൽ പരിശോധനയിൽ ആമിർ ഖാന്റെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ലഭ്യമായില്ല. ലഭ്യമായ വിവരങ്ങളിൽ നിന്ന് പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് വ്യക്തമായി.
∙ വസ്തുത
ആമിർ ഖാന്റെ ഗൗരി സ്പ്രാറ്റുമായുള്ള മൂന്നാം വിവാഹത്തെക്കുറിച്ച് അവകാശപ്പെടുന്ന വൈറൽ ചിത്രങ്ങൾ കൃത്രിമമായി നിർമിച്ചതാണ്. പ്രചാരണം വ്യാജം.