ആദ്യം ചോദ്യോത്തരം, പിന്നെ വ്യക്തി വിവരങ്ങൾ, ഒടിപി, ഷെയറിങ്ങ്... സുഡിയോയുടെ പേരിൽ പ്രചരിക്കുന്ന ലിങ്ക് വ്യാജം | Fact Check

Mail This Article
വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോ അവതരിപ്പിക്കുന്ന ‘സുഡിയോ– ഫാഷൻ ഗിഫ്റ്റ്’ എന്ന മത്സരത്തിന്റേതെന്ന പേരിൽ ചില ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണുന്ന ചോദ്യോത്തരിയിൽ പങ്കെടുക്കുകയും തുടർന്നുള്ള നിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ നാലായിരം രൂപയുടെ ഗിഫ്റ്റ് കാർഡ് നേടാനുള്ള അവസരമുണ്ടെന്നാണ് ഇതിൽ പറയുന്നത്. വ്യക്തിവിവരങ്ങളും ഇതിനായി നൽകാൻ ഇവർ ആവശ്യപ്പെടുന്നുണ്ട്. ടാറ്റയ്‌ക്കെതിരെ ‘ബോയ്‌കോട്ട് സുഡിയോ’ (Boycott Zudio) എന്ന പ്രചാരണം വ്യാപകമാകുന്ന വേളയിലാണ് സുഡിയോയുടെ പേരിൽ ഇത്തരമൊരു ഓഫർ സന്ദേശം വരുന്നത്.

മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ ഹെൽപ്‌ലൈനിലും (8129100164) വസ്തുതാ പരിശോധനയ്ക്കായി ഈ ലിങ്ക് ലഭിച്ചിരുന്നു. വാസ്തവമെന്തെന്ന് കണ്ടെത്താം.
∙ അന്വേഷണം

മത്സരത്തിൽ പങ്കെടുക്കാനെന്ന തരത്തിലുള്ള ലിങ്കുകളാണ് പ്രചരിക്കുന്നത്. ‘Zudio-Fashion Festival Gift. Win exciting gifts from Zudio during this fashion festival’ എന്നാണ് പ്രചരിക്കുന്ന ലിങ്കിന്റേതായി എഴുതി കാണിക്കുന്ന വിവരണം. ഒപ്പം, സുഡിയോയുടെ എഴുത്ത്/ലോഗോയും കാണാം.
https://zudio.com@zttuis.cyou?id=250609031639 എന്നതാണ് പ്രചരിക്കുന്ന ലിങ്കുകളിലൊന്ന്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഏതാനും ആൾക്കാർ നിരന്നുനിൽക്കുന്ന ഒരു ചിത്രവും ‘Congratulations! Through the questionnaire, you will have a chance to win a Gift Card worth Rs.4000’ എന്നെഴുതിയിട്ടുള്ളതും കാണാം. ‘Do you know Zudio?’ എന്നത് പോലെ എളുപ്പത്തിൽ ഉത്തരം നല്‍കാവുന്ന നാല് ചോദ്യങ്ങളാണ് ഇവർ ചോദിക്കുക. ലഭ്യമായ വിവരങ്ങൾ പ്രകാരം, ചോദ്യങ്ങൾക്കുത്തരം നൽകി കഴിഞ്ഞാൽ അടുത്ത നിർദേശം ഈ ലിങ്ക് ഏതാനും വ്യത്യസ്ത ആളുകൾക്ക് ഷെയർ ചെയ്യാനാണ്. ഇതിനു ശേഷം മത്സരത്തിൽ പങ്കെടുത്തയാളുടെ പേര്, ലിംഗഭേതം, സ്ഥലം, മൊബൈല്‍ നമ്പർ തുടങ്ങിയ വ്യക്തി വിവരങ്ങൾ ചോദിച്ചറിയുന്നു. തുടർന്ന് ഒരു ഒടിപി വരും, അതും പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്നു.

പരിശോധിച്ചപ്പോൾ, സുഡിയോയുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള അതേ ചിത്രമാണ് പ്രചരിക്കുന്ന ലിങ്ക് തുറന്നാലുള്ള വെബ്സൈറ്റിലുള്ളതും. എന്നാല്‍, സുഡിയോ ഇത്തരത്തിലൊരു മത്സരമോ സമ്മാനദാനമോ നടത്തുന്നതായി കണ്ടെത്തിയില്ല.
പ്രചരിക്കുന്ന ലിങ്ക് ശ്രദ്ധിച്ചപ്പോള്‍ ഇതിന് തട്ടിപ്പ് നടത്തുന്ന ലിങ്കുകളുമായി സാമ്യമുണ്ട്. ലിങ്കിന്റെ യുആർഎല്‍ സുഡിയോയുടേതെന്ന് തോന്നും വിധം ‘zudio.com’ എന്ന് അനുകരിക്കുന്നുണ്ടെങ്കിലും ഇതിൽ ‘@’ എന്ന് നൽകിയിട്ടുള്ളത് സാധാരണ കാണുന്ന ലിങ്കുകളിൽനിന്നു വ്യത്യസ്തമാണ്. പരിശോധിച്ചപ്പോൾ, പ്രചരിക്കുന്ന ലിങ്കിലെ യഥാർഥ, ഡൊമെയ്ൻ ‘zudio.com’ എന്നതല്ല മറിച്ച് അതിനു ശേഷം നൽകിയിട്ടുള്ള ‘zttuis.cyou’ എന്നതാണെന്ന് വ്യക്തമായി. ഇതിന് യഥാർഥ സുഡിയോയുമായി യാതൊരു ബന്ധവുമില്ല. സാധാരണയായി സൈബര്‍ തട്ടിപ്പ് നടത്താനാണ് ഇത്തരത്തിലുള്ള യുആർഎല്ലുകൾ ഉപയോഗിക്കാറുള്ളത്.
വെബ്സൈറ്റുകള്‍ പരിശോധിക്കുന്ന ടൂളുകൾ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിൽ പ്രചരിക്കുന്ന ലിങ്ക്/ഡൊമെയ്ൻ സുരക്ഷിമല്ല, ഫിഷങ്ങിന് ഉപയോഗിക്കുന്നതാണെന്നാണ് ഫലം ലഭിച്ചത്. യഥാർഥ വെബ്സൈറ്റിന്റെ വ്യാജനെ സൃഷ്ടിച്ചോ വിശ്വസനീയമായ ഉറവിടമെന്നു തെറ്റിദ്ധരിപ്പിച്ചോ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി പണവും വ്യക്തി വിവരങ്ങളും ചോർത്തുന്ന സൈബർ തട്ടിപ്പ് രീതിയാണ് ‘ഫിഷിങ്’. അതിനാൽ ഈ ലിങ്ക് തുറക്കുന്നതും വ്യക്തി വിവരങ്ങൾ നൽകുന്നതും അപകടമാണ്. ചിലപ്പോൾ, ഇങ്ങനെയുള്ള വ്യാജ ലിങ്കുകളിൽ പ്രവേശിക്കുന്നത് വഴി വൈറസോ മാൽവേറുകളോ ലിങ്ക് തുറക്കാൻ ഉപയോഗിച്ച ഡിവൈസിൽ കയറാനും സാധ്യതയുണ്ട്. മാത്രമല്ല, വിവരങ്ങൾ നൽകിയ ഉടൻ തന്നെ ഇവര്‍ ഒടിപി പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതും അപകടമാണ്. കൈയിൽനിന്നും പൈസയും മറ്റും തട്ടിയെടുക്കാനുള്ള തന്ത്രമാണത്.
ഇതിൽനിന്നെല്ലാം പ്രചരിക്കുന്നത് വ്യാജ ലിങ്കാണെന്നു സ്ഥിരീകരിച്ചു.
യഥാർഥത്തിൽ, മുൻപും കെഎഫ്സി, ആമസോണ്‍, മീഷോ, ഫ്ലിപ്കാർട്ട്, മിന്ത്ര, ഇന്ത്യാ പോസ്റ്റ് തുടങ്ങിയ വ്യത്യസ്ത സ്ഥാപനങ്ങളുടെയും ഫ്രീ റീചാർജിന്റെയും പേരിൽ സമാന തട്ടിപ്പുകൾ നിരവധി നടന്നിട്ടുണ്ട്. കമ്പനികളുടെയോ കടകളുടെയോ വാർഷികാഘോഷം പ്രമാണിച്ചുള്ള സമ്മാനങ്ങൾ (give away), ലക്കി ഡ്രോ, സ്‌ക്രാച്ച് ആൻറ് വിൻ തുടങ്ങി, സൗജന്യ മൊബൈൽ റീച്ചാർജ്/ഡേറ്റാ, ബാങ്കില്‍നിന്നു പണം സമ്മാനം നൽകുന്നു, നിശ്ചിത തുകയ്ക്കു ഭക്ഷണം ലഭിക്കും എന്നിങ്ങനെ പലവിധ ഓഫർ കെണികളുമായി ഇത്തരം ലിങ്കുകൾ സന്ദേശമായി ലഭിക്കാറുണ്ട്. പല പേരിലാണെങ്കിലും ഈ തട്ടിപ്പുകള്‍ക്കെല്ലാം ഒരേ രീതിയാണ്. ഇനി മുതൽ ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം:
ഏത് കമ്പനിയുടേതെന്ന അവകാശവാദത്തോടെയാണോ ലിങ്ക് പ്രചരിക്കുന്നത്, അവരുടെ ഔദ്യോഗിക വെബ്സൈറ്റ് അഥവാ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് യഥാർഥമാണോ അതോ തട്ടിപ്പാണോ എന്ന് എല്ലായ്‌പ്പോഴും ഉറപ്പാക്കുക. പല സ്ഥാപനങ്ങളും അവരുടെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകാറുണ്ട്.
ലിങ്ക്– പ്രചരിക്കുന്ന ലിങ്ക്/യുആർഎൽ, ഡൊമെയ്ൻ എന്നിവ ശ്രദ്ധിക്കുക. തട്ടിപ്പ് ലിങ്കുകളാണെങ്കിൽ, ചിലപ്പോൾ കമ്പനിയുടെ പേരിൽ അക്ഷരത്തെറ്റുണ്ടായേക്കാം. ചിലപ്പോൾ, കൃത്യമായ പേരിനുപകരം പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങളോ സംഖ്യകളോ ആയിരിക്കും ഉണ്ടാവുക. യുആർഎല്ലിന്റെ അവസാന ഭാഗത്തുള്ളതാണ് യഥാർഥ ഡൊമെയ്ൻ. ഇന്ത്യയിൽ സാധാരണ .com, .in എന്നിവയാണ് ഉപയോഗിക്കാറുള്ളത്.
പേജ്– ലിങ്ക് ക്ലിക്ക് ചെയ്തെന്നിരിക്കട്ടെ, ഇതിൽ കാണുന്ന ചിത്രവും, ലോഗോയും ചിലപ്പോൾ യഥാർഥത്തിലുള്ളതു തന്നെയോ സാമ്യമുള്ളതോ ആകാം. ചിലപ്പോൾ ഇവയ്ക്ക് വ്യക്തതക്കുറവുണ്ടാകാനിടയുണ്ട്. അതിനാൽ, സൂക്ഷ്മമായി പരിശോധിക്കുക. മത്സരം/ക്വിസ് എന്ന രൂപത്തിൽ 4–5 ചോദ്യങ്ങളാണുണ്ടാവുക. ഇവയ്ക്ക് സ്ഥിരം പ്രകൃതവുമാണുണ്ടാകാറുള്ളത്. ഉദാഹരണത്തിന്, ‘ഞങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് അറിയുമോ’, ‘ഇഷ്ടമാണോ’, ‘ഞങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങാറുണ്ടോ’ തുടങ്ങിയവ. ഇതിൽ നിങ്ങൾ എന്ത് ഉത്തരം നൽകിയാലും തുടർന്നുള്ള നടപടികളിലേക്ക് നിങ്ങൾക്കെത്താൻ സാധിക്കും. കാരണം നിങ്ങളുടെ ഉത്തരമല്ല തട്ടിപ്പുകാർക്കു പ്രധാനം, അവസാനം വരെയെത്തിച്ചു വേണ്ടതെല്ലാം കൈക്കലാക്കുക എന്നതാണ്.
ചോദ്യങ്ങൾക്കു പുറമേ റിവാർഡ് ലഭിച്ച നിരവധിയാളുകളുടെ അനുഭവക്കുറിപ്പെന്ന് തോന്നിക്കുന്ന കമന്റുകള്‍ ഇത്തരം തട്ടിപ്പുകാർ പേജിൽ നൽകാറുണ്ട്. വാസ്തവമെന്തെന്നാൽ, എപ്പോൾ, എത്ര തവണ തുറന്നുനോക്കിയാലും അതിലെ കമന്റുകളോ, സമയമോ, സമ്മാനം നേടിയതായി എഴുതികാണിക്കുന്നവരുടെ എണ്ണമോ മാറില്ല. അവയിൽ ക്ലിക്ക് ചെയ്യാനും സാധിക്കില്ല.
കൂടാതെ, ആളുകൾ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, സമയബന്ധിതമായി വിവരങ്ങൾ കൈമാറുക തുടങ്ങിയ നിർദേശങ്ങൾ അനുസരിക്കേണ്ട വിധത്തിലാകാം ഇത് തയ്യാറാക്കിയിട്ടുണ്ടാവുക. ഇതിലും വീഴരുത്.
ലിങ്ക് തുറന്നിരുന്നുവെങ്കിൽ ഫോണിൽ മാൽവെയറുകൾ ഇന്‍സ്റ്റോളായിട്ടില്ല എന്ന് പരിശോധിക്കുക. ബാങ്കിൽനിന്നു പണം പിന്‍വലിക്കുകയോ പിൻവലിക്കാനുള്ള ശ്രമങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല എന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരത്തിലെന്തെങ്കിലുമുണ്ടായാൽ സുരക്ഷയ്ക്കുവേണ്ട നടപടികൾ കൈക്കൊള്ളുക. സാമ്പത്തിക തട്ടിപ്പിലകപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിൽ വിളിച്ചറിയിക്കുക.
∙ വാസ്തവം
സുഡിയോ അവതരിപ്പിക്കുന്ന ‘സുഡിയോ– ഫാഷൻ ഗിഫ്റ്റ്’ എന്ന മത്സരത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ലിങ്കുകൾ വ്യാജമാണ്. ഫിഷിങ് ലിങ്കുകളാണിവ. ഇത്തരം തട്ടിപ്പുകൾ സാധാരണയായി യഥാർഥ കമ്പനി പേരും ലോഗോയും ഉപയോഗിച്ച് ഉപയോക്താക്കളെ വിശ്വസിപ്പിക്കാൻ ശ്രമിക്കും, പക്ഷേ യഥാർഥ ഡൊമെയ്ൻ അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് അല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. വ്യക്തിവിവരങ്ങളോ ഒടിപിയോ പങ്കുവയ്ക്കരുത്. സൈബറിടങ്ങളിൽ ജാഗ്രത പാലിക്കുക.