"ഇന്ത്യാ–പാക്ക് വെടിനിർത്തലിന് മോദി സമ്മതിച്ചത് രാജ്യത്തെ 'ആ പ്രമുഖ വ്യവസായിയുടെ അറസ്റ്റ്' തടയാനെന്ന് ഇലോൺ മസ്‌ക്"! വാസ്തവം | Fact Check

Mail This Article
പഹൽഗാം ആക്രമണത്തത്തുടർന്ന് അമേരിക്കയുടെ മധ്യസ്ഥ ശ്രമങ്ങൾ നടത്തിയെന്ന അവകാശവാദങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.എന്നാൽ ഇപ്പോൾ രാജ്യത്തെ ഒരു പ്രമുഖ വ്യവസായിയെ അറസ്റ്റ് ചെയ്യുന്നത് തടയാനാണ് ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ കരാറിന് പ്രധാനമന്ത്രി മോദി സമ്മതിച്ചതെന്ന് ഇലോൺ മസ്‌ക് പറഞ്ഞതായി അവകാശപ്പെടുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
∙ അന്വേഷണം
If Modi ji has the courage..Answer this..!! എന്ന കുറിപ്പിനൊപ്പമാണ് വൈറൽ കാർഡ് പ്രചരിക്കുന്നത്. പ്രചരിക്കുന്ന പോസ്റ്റ് കാണാം.
ഇതേ അവകാശവാദത്തോടെ പ്രചരിക്കുന്ന മറ്റ് ചില പോസ്റ്റുകൾ പരിശോധിച്ചപ്പോൾ വ്യവസായിയായ അദാനിയെ രക്ഷിക്കാനാണ് മോദി വെടിനിർത്തലിന് സമ്മതിച്ചതെന്നും പ്രചരിക്കുന്നുണ്ട്.
ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് പ്രധാനമന്ത്രി മോദിയെക്കുറിച്ചും പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ വെടിനിർത്തൽ കരാറിനെക്കുറിച്ചും ഇലോൺ മസ്‌ക് ഇത്തരത്തിലൊരു പരാമർശം നടത്തിയിരുന്നെങ്കിൽ, ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യുമായിരുന്നു. വൈറൽ അവകാശവാദത്തിന്റെ സത്യാവസ്ഥ പരിശോധിക്കുന്നതിനായി ഞങ്ങൾ നടത്തിയ കീവേർഡ് പരിശോധനയിൽ ഇത്തരമൊരു വാദത്തെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും തന്നെ കണ്ടെത്താനായില്ല.
പിന്നീട് ഞങ്ങൾ ഇലോൺ മസ്‌കിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ പരിശോധിച്ചെങ്കിലും വൈറൽ അവകാശവാദത്തെ പിന്തുണയ്ക്കുന്ന അദ്ദേഹത്തിന്റെ പോസ്റ്റുകളൊന്നും കണ്ടെത്താനായില്ല. എന്നാൽ താനും വൈസ് പ്രസിഡന്റ് ജെഡി വാൻസും മുതിർന്ന നേതാക്കളുമായി വെടിനിർത്തൽ ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ട്വീറ്റിന് മറുപടിയായി, മസ്‌ക് "അഭിനന്ദനങ്ങൾ" എന്ന് മറുപടി നൽകിയ മറ്റൊരു പോസ്റ്റ് ലഭിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിക്കുന്നതിൽ അമേരിക്ക പ്രധാന പങ്ക് വഹിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നിരുപാധികം നിരസിച്ചിരുന്നു. വെടിനിർത്തലിന് അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന ധാരണ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും നിരസിച്ചിരുന്നു . മൂന്നാം കക്ഷി പങ്കാളിത്തമില്ലാതെ പാക്കിസ്ഥാനുമായി നേരിട്ട് ഉഭയകക്ഷി പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ഇന്ത്യയുടെ ദീർഘകാല നയമെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക മാർഗങ്ങളിലൂടെ, ബാഹ്യ മധ്യസ്ഥതയില്ലാതെയാണ് വെടിനിർത്തൽ തീരുമാനമെടുത്തതെന്ന് ജയശങ്കർ വ്യക്തമാക്കിയിരുന്നു.
ഗൗതം അദാനിക്കെതിരെ യുഎസ് അധികാരികൾ ക്രിമിനൽ, സിവിൽ കേസുകൾ ഫയൽ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പ്രചാരണം നടക്കുന്നത്.ഇതല്ലാതെ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെയോ മറ്റ് ആരുടെയെങ്കിലുമോ അറസ്റ്റ് തടയാനാണ് ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ കരാറിന് പ്രധാനമന്ത്രി മോദി സമ്മതിച്ചതെന്ന് ഇലോൺ മസ്‌ക് പറഞ്ഞതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ല.ഇതിൽ നിന്ന് ഈ അവകാശവാദം തെറ്റാണെന്ന് വ്യക്തമായി.
∙ വസ്തുത
ഗൗതം അദാനിയുടെ അറസ്റ്റ് തടയാനാണ് ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ കരാറിന് പ്രധാനമന്ത്രി മോദി സമ്മതിച്ചതെന്ന് ഇലോൺ മസ്‌ക് പറഞ്ഞെന്ന അവകാശവാദം തെറ്റാണ്.