ഡ്രൈവിങ് പഠനം അഥവാ എസ്ഐ സാർ വിരണ്ടോടിയ കഥ

si
Illustration: Sreekanth
SHARE

സ്കൂൾ പഠനകാലത്ത് സ്കൗട്ട്സ് & ഗൈഡ്സിൽ ചേർന്നപ്പോൾ എന്തോ ഒരു സാഹസം കാട്ടാൻ സൈക്കിൾ പഠിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് ആദ്യമായി ഒരു സൈക്കിൾ ചവിട്ടുന്നത്. സംഭവം പൊളിഞ്ഞു എന്നു മാത്രമല്ല എന്റെ കൈമുട്ടിലെ കുറേ തൊലിയും പൊളിഞ്ഞു. അങ്ങനെ ഒരു ബാലൻസും കിട്ടാത്ത ഞാൻ അതെല്ലാം വിട്ട് വെറും പുസ്തകപ്പുഴുവായി മാറി. പിന്നെ വായനയും കവിതയെഴുത്തും സ്വപ്നം കാണലും മാത്രമായിരുന്നു കുറേ കാലം എന്റെ പണി.

അന്നൊക്കെ സൈക്കിൾ എന്നല്ല വണ്ടി ഓടിക്കുന്ന ഒറ്റ പെണ്ണുങ്ങളെയും ഞാൻ മൈന്റ് ചെയ്തിട്ടേയില്ല... ! ഹെന്തിന്.. വല്ല കാര്യവുമുണ്ടോ.. ഹും..വണ്ടിയോടിക്കുന്നു. എന്റെ കുശുമ്പ് അങ്ങനെ വർഷങ്ങളോളം ഉള്ളിൽ കിടന്നു നീറി...ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ എന്ന് വിജയൻ പറയുന്ന പോലെ ഒടുവിൽ ആ സമയം വന്നു ചേർന്നു. അങ്ങനെ 2019 ലെ ജനുവരി ഒന്നാം തിയതി ഞാൻ നേരെ ഡ്രൈവിംഗ് സ്കൂളിലേക്ക് കേറിച്ചെന്നു. .. എന്താ ടൂവീലറാ ? മാസ്റ്റർ ചോദിച്ചു

അല്ല ഫോർ വീലറാ ... വേഗം ആവുമോ? ഞാൻ അതൊക്കെ ഓരോരുത്തരുടെ കഴിവുപോലെയല്ലേ? സൈക്കിൾ ബാലൻസൊക്കെ ഉണ്ടാവുമല്ലോ അല്ലേ ...? ടൂ വീലറും കൂടെ നോക്കരുതോ?

jain
Jain

(എന്തിനാ വെർതേ അതൊക്കെ ഓർമിപ്പിക്കുന്നത്. എന്ന ആത്മഗതം കുറച്ച് ഉറക്കെയായിപ്പോയോ ? ടൂവീലർ ഉണ്ടായിരുന്നിട്ടും ഞാനതിൽ കഴിഞ്ഞ 8 കൊല്ലവും തമാശയ്ക്കു പോലും കേറിയിട്ടില്ലെന്ന സത്യം വിദഗ്ദമായി ഒരു ചിരി കൊണ്ട് ഞാൻ മൂടി വച്ചു.)

എന്തായാലും വൈകിട്ട് 3 മണി മുതൽ 1 മണിക്കൂർ ആഴ്ചയിൽ 4 ദിവസം ഓക്കേ. ആദ്യ ഗഡു ഫീസെല്ലാം അടച്ച് ഭയങ്കര സന്തോഷത്തോടെ ഞാൻ, ഹൈവേയിലൂടെ ചീറിപ്പായുന്ന മനോഹരമായ കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ എന്നെത്തന്നെ കണ്ട് സായൂജ്യമടഞ്ഞു.

അങ്ങനെ പഠനം തുടങ്ങി. പിന്നെയല്ലേ സ്വപ്നം കാണുന്നത്ര എളുപ്പമല്ല കാര്യങ്ങൾ എന്ന് മനസിലായത്. ഫീസടയ്ക്കുന്നതിനു പുറമേ ഡ്രൈവിങ് മാസ്റ്ററുടെ വക ചീത്ത വിളിയും അതങ്ങനെ നിത്യേന കേട്ടു കേട്ട് എന്തും സഹിക്കാവുന്ന ഒരു പരുവമായി എന്തായാലും അങ്ങനെ ഒരു ദിവസം ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാൻ നല്ല ഒന്നാന്തരം H എഴുതി. റോഡ് ടെസ്റ്റും ഡബിൾ ഓക്കേ. ലൈസൻസ് കിട്ടിയിരിക്കുന്നു. എല്ലാവർക്കും ലഡ്ഡു!

എന്നിട്ടോ? പുതിയ വണ്ടി ഷെഡ്ഡിൽത്തന്നെ കിടന്നു. പെട്രോളില്ലാഞ്ഞിട്ടല്ല ധൈര്യം ഇല്ലാഞ്ഞിട്ടാണ് വണ്ടി എടുക്കാത്തതെന്ന് ആരോടെങ്കിലും പറയാനാവുമോ? ഇന്ന് ഭയങ്കര മഴയല്ലേ. ഇന്ന് വണ്ടിയെടുക്കുന്നില്ല. എന്തൊരു വെയിലാ. ഈ ചൂടത്ത് ഓവനിൽ വച്ചതു പോലെയായിപ്പോവും... വണ്ടി എടുക്കുന്നില്ല. മുട്ടിനെന്തോ ഒരു വേദന. ഇന്ന് ബസിൽ പോവാം. എന്നിങ്ങനെ ഒരു മാസം കടന്നു പോയി. 

മുറ്റത്തും ഷെഡ്ഡിലുമായി 1000 രൂപയുടെ പെട്രോളാണ് തീർത്തത്! എനിക്ക് സങ്കടം വരാൻ തുടങ്ങി. ആരെങ്കിലും വേണം കൂടെ അല്ലെങ്കിൽ ഓടിക്കാനാവില്ല. സ്വന്തമായി എടുക്കണം എങ്കിലേ ശരിക്കു പഠിക്കു. ധൈര്യമായി എടുത്തോ. എന്ന് ഡ്രൈവിംഗ് സ്കൂൾ മാസ്റ്റർ. 

അങ്ങനെയങ്ങനെ ആ സമയവും വന്നു, അന്നൊരു അവധി ദിവസമായിരുന്നു... സകല ധൈര്യവും സംഭരിച്ച് ഞാൻ ഒറ്റയ്ക്ക് വണ്ടി എടുത്തു... നേരെ പോയി വീട്ടിലെ മതിലിൽ ചെറുതായി ഉരഞ്ഞു പെയിന്റു പോയി ങാ. സാരമില്ല. ഫ്രീ സർവീസ് ഉണ്ടല്ലോ ... പോട്ടെ റൈറ്റ്... റോഡിലിറങ്ങി ....ചെറിയ ഒരിറക്കമാണ് .. ഇടതു ഭാഗത്ത് ഒരു വർക് ഷോപ്പ് വലതു ഭാഗത്ത് ഒരു മില്ല്.

ആളുകൾ എന്നെ അന്യഗ്രഹ ജീവിയെ എന്ന പോലെ നോക്കുന്നു. ...അഥവാ എനിക്കങ്ങനെ തോന്നുന്നു .... ഞാൻ അപാരമായ ധൈര്യത്തോടെ ഇരിക്കുകയാണ് പ്രിയപ്പെട്ടവരെ... ഇരിക്കുകയാണ്. വണ്ടി നീങ്ങുന്നുണ്ട്.

ഇറക്കത്തിൽ ഇടതു ഭാഗത്ത് ഒരു ബുള്ളറ്റിൽ കാൽ കയറ്റി വച്ച് എസ്ഐയും ചുറ്റും രണ്ടു മൂന്നു പേരും. എന്തോ തമാശയൊക്കെ പറഞ്ഞ് നിൽക്കുകയാണ്. .. ഔദ്യോഗിക വേഷത്തിലല്ല ...(അദ്ദേഹത്തെ എനിക്ക് ഒരു തവണ കണ്ടു പരിചയമുണ്ട്. കളഞ്ഞു കിട്ടിയ ഒരു എടിഎം പൊലീസ് സ്റ്റേഷനിൽ ഏൽപിക്കാൻ പോയ വകുപ്പിൽ.)

ഞാൻ ഗിയർ മാറ്റിയതും വണ്ടി ഒറ്റച്ചാട്ടം. ഞാൻ ആക്സിലേറ്ററിലാണ് ചവിട്ടിക്കൊണ്ടിരിക്കുന്നത്. (പ്രിയരേ ആദ്യമായി തനിയെ വണ്ടിയെടുത്ത് പുറത്തിറങ്ങുമ്പോൾ തിരക്കു കുറഞ്ഞ റോഡ് തിരഞ്ഞെടുത്തേക്കണേ. കാരണം. ലൈസൻസുണ്ടെങ്കിലും. പരിഭ്രമം അതിനേക്കാളും ഉണ്ടാകുമല്ലോ അപ്പോൾ ബ്രേക്കേത് ആക്സിലേറ്റർ ഏത് എന്നൊന്നും അത്ര. നിശ്ചയം ഉണ്ടാവണമെന്നില്ല!) റോഡിൽ നിന്നും ഇടതു ഭാഗം ചേർന്ന് താഴേക്ക് സ്പീഡിൽ അത്ര പന്തിയല്ലാതെ ഒരു കാർ പാഞ്ഞ് വരുന്നതു കണ്ടപ്പോഴേ എസ്.ഐ സാർ ബൈക്കിൽ നിന്ന് ചാടി ഓടി മാറി. 

കൂടെയുള്ളവരും ... അപ്പൊഴേക്ക് ബ്രേക്കിന്റെ ഉപയോഗം ഞാൻ എങ്ങനെയോ മനസിലാക്കിക്കഴിഞ്ഞിരുന്നു. ബൈക്കുമായി 1 മീറ്റർ മാത്രം മിച്ചമുള്ളപ്പോൾ ഞാൻ ബ്രേക്കിട്ടു നിങ്ങളെന്തിനാ പേടിച്ചേ. അതിനിപ്പൊ ഒന്നുമുണ്ടായില്ലല്ലോ .... ദേ L ഒട്ടിച്ചിട്ട്ണ്ടല്ലോ. അങ്ങനെ പലതും ചിന്തിച്ച് സ്വയം ആശ്വസിച്ച് പരിസരബോധം വീണ്ടെടുത്ത് മെല്ലെ റോഡിലേക്ക് കേറ്റി. ഒളികണ്ണിട്ട് നോക്കുമ്പോൾ അവരെല്ലാം ഈ പെണ്ണ് എന്തൊപ്പിക്കാൻ നടക്കുകയാ എന്ന മട്ടിൽ എന്നെ തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു.

കുറച്ചു ദൂരം പോയി പലതവണ ഓഫായി വീണ്ടും സ്റ്റാർട്ട് ചെയ്ത് ഗിയർ മാറ്റാനൊക്കെ മറന്ന്. അങ്ങനെ തിരികെ വീട്ടിൽ തിരിച്ചെത്തി ഷെഡിൽ കേറ്റിയിട്ടു .. ചന്തുവിനെ തോൽപിക്കാനാവില്ല മക്കളേ എന്ന മട്ടിൽ പുറത്തേക്കു പോയ ഞാൻ വന്നവരവുകണ്ട് മക്കൾ ചിരിയോടു ചിരി... അവർക്കങ്ങനെ ചിരിച്ചാൽ മതിയല്ലോ.

പക്ഷേ. അതോടെ പേടി പോയി. ഇപ്പോൾ എതിരെ വലിയ വണ്ടിയൊക്കെ വരുമ്പോൾ നമ്മള് ചെറുതല്ലാത്ത ഒരു ബഹുമാനത്തോടെ ഒതുങ്ങി വളരെ സ്നേഹത്തോടെയങ്ങ് കടന്നുപോകുന്നു.

വാൽക്കഷണം:  ഈ എസ്.ഐ സാറിനെ എന്റെ അപ്പൻ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടായിരിക്കും എന്നെ വെറുതെ വിട്ടതെന്നുമാണ് അമ്മയുടെ നിഗമനം.

English Summary: Driving Experience By Jain Calicut

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക..  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
മനോരമ ഒാൺലൈൻ ഓട്ടോ ബയോഗ്രഫി സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന ലേഖനങ്ങളുടേയും രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല