ആ ദുരന്തത്തിൽ ഒന്നും സംഭവിക്കാത്ത ഒരാൾ ഉണ്ടായിരുന്നു, 1972 മോഡൽ ചേതക് !

chetak-accident
Illustration: Sreekanth
SHARE

1997 ൽ നടന്ന ഒരു സംഭവം, കുട്ടനാട്ടിൽ നിന്നും ആലപ്പുഴയിൽ കുടിയേറിയ ഈയുള്ളവൻ സ്കൂട്ടറും കാറും പഠിക്കാനുള്ള മോഹവുമായി ആലപ്പുഴയിലെ ഒരു ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു. ജീവിതത്തിൽ വള്ളം തുഴഞ്ഞും, ഒരുരൂപ വാടകയിൽ മുക്കാൽ സൈക്കിളിലും കയറി ആറ്റിൽ മുങ്ങാംകുഴിയുമിട്ടു നടന്ന ഈയുള്ളവന് എന്ത് ഗിയർ?  അങ്ങനെ ബജാജ് ചേതക്കിലും, അംബാസിഡറിലും പരിശീലനം ഗംഭീരമായി നടക്കുന്നു (ആശാന്റെ പൂരപ്പാട്ട് നല്ലപോലെ കേൾക്കുന്നു, പക്ഷേ പുള്ളി പഞ്ചപാവം ആണു കേട്ടോ അത് അവസാനം മനസിലാവും) 

എങ്കിലും മുക്കാൽ സൈക്കിൾ ബാലൻസുമായി പോയ ഞാൻ ആദ്യം കാർ ലൈസൻസ് ആണ് ഒപ്പിച്ചത്, അത് ക്ലച്ച് ഇല്ലാത്ത കാറും പിന്നെ ആശാന്റെ ചില പൊടികയ്യും കൂടെയുണ്ടായിരുന്നു (എച്ച് എടുത്ത് റിവേഴ്സ് വരുമ്പോള്‍  ബാക്ക് സൈഡ് മിററിൽ കൂടി നോക്കി കുത്തിയ കമ്പി മറയുമ്പോൾ ഉടൻതന്നെ സ്റ്റിയറിംഗ് ഫുൾ ഒടിക്കുക, അങ്ങനെ അങ്ങന)

ഇനിയാണ് സംഭവം കാർ ലൈസൻസ് കിട്ടിയ എനിക്ക് ടു വീലർ വലിയ വെല്ലുവിളിയായി. രണ്ടു റൗണ്ട്  8 വരയ്ക്കാൻ കുത്തിയ കമ്പി ഇളക്കി, 3 ാം റൗണ്ടിൽ 2– ാം പ്രാവശ്യം വിജയകരമായി 8 പൂർത്തിയാക്കി ആശാനെ നോക്കിയപ്പോൾ ആശാൻ കൈ കൊണ്ടു എന്തോ സിഗ്‌നൽ കാണിച്ചു ആശാൻ പോരാനാണ് പറഞ്ഞത് പക്ഷേ ഈയുള്ളവൻ ഒന്നുകൂടി എടുക്കാനാണെന്നു തെറ്റിദ്ധരിച്ചു. 3–ാം റൗണ്ടിൽ വീണ്ടും കമ്പികൾ എല്ലാം ഇളക്കി. അങ്ങനെ അതും സ്വാഹ.. അതിയായ വിഷമവുമായി നിന്ന എന്നെ ആശാൻ ആശ്വസിപ്പിച്ചു. 4 -ാം ടെസ്റ്റിൽ ഞാൻ വിജയിച്ചു 

roney-michael
റോണി മൈക്കിള്‍

ആകെ  വിജയീഭാവവുമായി നിന്ന എന്നെ, ആശാൻ ഒരു ഉത്തരവാദിത്തം ഏൽപ്പിച്ചു, ആശാന് കാറുമായി ഒരിടം വരെ പോകാനുണ്ട്, ചേതക് സ്കൂട്ടർ ഒന്ന് പുള്ളിയുടെ ഓഫീസിൽ എത്തിക്കണം. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഞാൻ ആ ഉദ്യമം സന്തോഷത്തോടെ ഏറ്റെടുത്തു, എന്നിട്ട്  കൂടെ നിൽക്കുന്ന ടെസ്റ്റ്‌ തോറ്റ കൂട്ടുകാരനെ പുച്ഛത്തോടെ നോക്കി പറഞ്ഞു 'വേണേ കയറിക്കോ ടൗണിൽ വിടാം '

അപകടം എന്തെന്നറിയാതെ അവൻ എന്റെ പിറകിൽ കയറി. ടെസ്റ്റിൽ ജയിച്ചെങ്കിലും ഗിയറിനെപ്പറ്റി വലിയ ധാരണ ഒന്നുമില്ലായിരുന്നു, എങ്ങോട്ടൊക്കെയോ ഇടും വണ്ടി മുന്നോട്ടുപോകും. ഏതായാലും വണ്ടി ഇരുമ്പുപാലം എത്തി ഇടയ്ക്ക് രണ്ടു മൂന്ന് ജംഗ്ഷൻ ഉണ്ടായിരുന്നു എങ്ങനെയോ അല്ലെങ്കിൽ അതുവഴി വന്ന വണ്ടിക്കാരുടെ ഭാഗ്യംകൊണ്ടോ ഒന്നും സംഭവിക്കാതെ ഇരുമ്പുപാലം എത്തി.

ആലപ്പുഴക്കാർക്ക് അറിയാം ഇരുമ്പുപാലം വടക്കുഭാഗം ഒരു കുത്തനെ ഇറക്കം ആണ്. ആ ഇറക്കം ഇറങ്ങിവരുന്നിടത്താണ് നമ്മുടെ പാവം ആശാന്റെ ഓഫീസ്. ഓഫീസിൽ കാറും, സ്കൂട്ടറും പാർക്ക്‌ ചെയ്യാനുള്ള ഒരു ചെറിയ സ്പേസും അതിനോട് ചേർന്നു തന്നെ പുള്ളിയുടെ ഓഫീസും. ഒരു ഇഷ്ടികക്കെട്ടുകൊണ്ട് വേർതിച്ചിരിക്കുന്നു. പിന്നെ എന്താണ് സംഭവിച്ചത് എന്ന് ഇപ്പോളും ഓർമയില്ല, 

ഇരുമ്പുപാലം കയറിയ എന്റെ വണ്ടി ആ ഇറക്കത്തിൽ 100ൽ പറന്നു ആശാന്റെ സ്കൂളിൽ ഇഷ്ടികക്കെട്ടും ഇടിച്ചു തകർത്തു  ഓഫീസിന്റെ അകത്ത് കയറിയിരുന്നു.. എന്റെ നെറ്റി മുട്ട് എന്നിവ പൊട്ടി ചോരയും വരുന്നുണ്ട്, കൂടെ വന്നയാൾക്കും അതേപോലെ തന്നെ. അടുത്തുണ്ടായിരുന്ന കടക്കാരെല്ലാം ഓടി വന്നു. വർക്ക്‌ ഷോപ്പിലെ ചേട്ടനും കടക്കാരൻ ചേട്ടനും കൂടി ചോര ഒലിപ്പിച്ചു നിന്ന ഞങ്ങളെ പിടിച്ചു കസേരയിൽ ഇരുത്തി കുറച്ചു വെള്ളവും തന്നു ഇരുത്തി, അര മണിക്കൂർ കഴിഞ്ഞാണ് ആശാൻ അതുവഴി വന്നത്.

ഓഫീസ് പൊളിഞ്ഞു കിടക്കുന്നത് കാണാതെ ആശാൻ റോഡിന്റെ മറുവശം വന്നു അങ്ങോട്ട്‌ കയ്യാട്ടി വിളിച്ചു, ആശാന് എന്തോ തിരക്കുണ്ട് അര മണിക്കൂർ കൂടി വേണം.. അതുവരെ അവിടെ ഇരിക്കുമോ എന്ന് പറയാനാണ് വിളിച്ചത് പക്ഷേ പയ്യെ ഞൊണ്ടി ചെന്ന എന്നെ കണ്ടപ്പോളേ പുള്ളിക്ക് എന്തോ പന്തികേടു തോന്നി ഞാൻ ആശാനോട് ഒന്ന് ഇറങ്ങിയിട്ട് പോയാൽ പോരേയെന്നു ചോദിച്ചു.

നടന്നു വരുന്ന ആശാനെ അടുത്തുള്ള ആ കടക്കാരൊക്കെ കൈപൊക്കി ആംഗ്യം കാണിക്കുകയും സഹതാപത്തോടെ നോക്കുന്നുമുണ്ടായിരുന്നു. ഓഫീസിൽ കയറിയ ആശാന് ഒന്നും ആദ്യം പിടികിട്ടിയില്ല. ആശാൻ വീണ്ടും  ഒന്നുകൂടി കണ്ണു മിഴിച്ചു നോക്കിയത് ഇപ്പോഴും ഓർമയുണ്ട്.. തകർന്നു തരിപ്പണമായ ഓഫീസ് കണ്ടു തലയ്ക്കു കൈയ്യും കൊടുത്തൊരു നിൽപ്പ്..  ആശാന്റെ ആ നിൽപ്പ് ഇപ്പോഴും എന്റെ കണ്ണിലുണ്ട്. ഇപ്പോ അടിവീഴും എന്ന് പ്രതീക്ഷിച്ചു നിന്ന എല്ലാവരേയും അത്ഭുതപ്പെടുത്തി  ഓഫീസ് തകർത്ത എന്നോട് പാവം ആശാൻ അപ്പോൾ തന്നെ ക്ഷമിച്ചു.. അങ്ങനെ ടെസ്റ്റ് ജയിച്ച അന്നുതന്നെ ആശാന്റെ ഓഫീസ് തകർത്ത് തകർപ്പനൊരു ഗുരുദക്ഷിണയങ്ങ് കൊടുത്തു.

പക്ഷെ ആ ദുരന്തത്തിൽ ഒന്നും സംഭവിക്കാത്ത ഒരാൾ ഉണ്ടായിരുന്നു 1972 Bajaj Chetak 150CC

English Summary: Driving Experience By Roney Michael

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക..  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
മനോരമ ഒാൺലൈൻ ഓട്ടോ ബയോഗ്രഫി സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന ലേഖനങ്ങളുടേയും രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല