ADVERTISEMENT

കല്യാണം കഴിഞ്ഞു പലർക്കും അമ്മായിയപ്പന്റെ സ്നേഹത്തിൽ ഒരു കാറൊക്കെ സ്വന്തമാകുമെങ്കിൽ, ആദ്യം  കാറിനെ പ്രണയിച്ച് വിവാഹം കഴിച്ചശേഷം ഇല്ലീഗലായി രണ്ടാം കെട്ടുകെട്ടിയവനായിരുന്നു ഇവൻ. ബക്കറ്റ് ചിക്കനുണ്ടാക്കുന്നി‌ടത്തേക്കു ഡ്രോൺ വന്നതുപോലെ സംഭവ ബഹുലമായായിരുന്നു ഭാര്യയും വാഹനവും ഒരു മൂന്നുമാസം ഗ്യാപ്പിൽ ജീവിതത്തിലേക്കു കടന്നുവന്നത്. 

കല്യാണം കഴിഞ്ഞ് വയറും വാടകയ്ക്കെടുത്തൊരു കറക്കമുണ്ട്; ബന്ധുവീടുകളിലൂടെ. കാലവും നേരവുമറിയാതെ ചായയും ജ്യൂസും നാരങ്ങാ വെള്ളവുമൊക്കെ കുടിച്ച്, വൈകുന്നേരം കോക്ടെയ്‌ലാക്കി പുറത്തുകളയുന്നൊരു യാത്ര. അങ്ങനെ കോട്ടയത്തിനടുത്തുള്ള ഏഴാം മൈലിലേക്കുള്ള ആദ്യ യാത്ര. ഞാൻ ഓടിക്കാമെന്നു ഭാര്യ പറഞ്ഞപ്പോൾ മറ്റൊന്നുമാലോചിച്ചില്ല. സ്റ്റിയറിങ് കൈമാറി. കിടു ഡ്രൈവറാണെന്നു വീട്ടുകാരും പറഞ്ഞിരുന്നു. ആദ്യമാദ്യം ചോദിക്കുന്ന എന്തും നമ്മൾ സാധിക്കുമല്ലോ. സോ...

ഇല്ലിവളവിന്റവിടൊക്കെ വണ്ടി ഒാടിക്കുന്നതു കണ്ടപ്പോൾ, തോളിൽത്തട്ടി ‘എവിടുന്നു കിട്ടി കുട്ടീ നിനക്കീ ധൈര്യ’മെന്നു ചോദിക്കാൻ തോന്നിപ്പോയി. അങ്ങാടി വളവ് കഴിഞ്ഞപ്പോൾ ഒരു ലൈൻമാനും സഹായിയും ഒരു ഏണിയുമായി പോകുന്നതു കണ്ടു. വണ്ടി സൈഡ് ചേർത്തത് ഇത്തിരി കൂടുതലല്ലേയെന്ന് ആലോചിച്ചു ജസ്റ്റ് ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പ്രയദർശൻ സിനിമയിലെപ്പോലെ തലയില്‍നിന്ന് ഏണി ഊരി മാറ്റി എണീക്കാൻ നോക്കുന്ന ലൈൻമാനെയാണ്..

ഇതൊന്നും ഓടിക്കുന്നയാൾ അറിഞ്ഞിട്ടില്ല. ഏതോ കെഎസ്ഇബി ജീവനക്കാരൻ ബൈക്കിൽ വരുന്നതും മൂന്നുപേരും കൂടി പിന്തുടരുന്നതും കണ്ടതോടെ തലയുടെ ഏറ്റവും മുകളിൽ ബ്രഹ്മരന്ധ്രത്തിൽ നിന്നൊരു കിളി പറന്നുപോയി...

നിർത്ത് നിർത്തെന്നു പറഞ്ഞു. വണ്ടി നിർത്തി. പിന്നിൽ ബൈക്കിൽ വന്നവരും നിർത്തി. തെറി കേൾപ്പിക്കണ്ടെന്നു കരുതി ഗ്ലാസ് കയറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തി ഇറങ്ങിച്ചെന്നു... പിന്നെ ശിവനേ.. എന്റെ കയ്യുടെ ആക്‌ഷൻ കണ്ടാൽ ആ ഏരിയയിൽ കറന്റ് ഇല്ലാത്തതിന് അവരെ ഗുണദോഷിക്കുവാന്നേ തോന്നൂ... പക്ഷേ ഞാൻ പറഞ്ഞോണ്ടിരുന്നത് ‘സോറി അണ്ണാ.. .വണ്ടി ഓടിക്കാനറിയാത്ത കുട്ടിയാ.. ഒരബദ്ധം പറ്റി ക്ഷമിക്കണം.. തെറി പറയരുത് പ്ലീസ്... തെറി പറ....ഹീയ്യോ...’ ( ധർമജൻ ബോൾഗാട്ടി– മാർഗംകളി. ജെപിജി)...

തീർന്നില്ല, നവവധുവിന്റെ വീട്ടിലേക്കുള്ള രണ്ടാമത്തെ യാത്രയും അത്രതന്നെ സംഭവ ബഹുലമായിരുന്നു. ഷെവർലെ സ്പാർക്ക് ഓടിച്ചിട്ടു പെട്ടെന്ന് മാരുതിയിലേക്കു മാറിയതിന്റെ ഒരു മരുങ്ങസ്യ ആണ് ആദ്യം പറ്റിയതെന്ന് സമാധാനിച്ചു. പിന്നെയും അത്യാവശ്യം സ്പീഡിൽ തേഡ് ഗിയറിലൊക്കെ ഓടിച്ചു. അങ്ങനെ ആ ദിനമെത്തി. ആവശ്യമില്ലാതെ ഗിയർ മാറ്റരുത്, സ്പീഡ് കുറച്ചു പോണം, ഈ വക നിർദേശങ്ങൾ നൽകിയശേഷം ശകടം ഭാര്യയെ ഏൽപ്പിച്ച് ഒന്നുമയങ്ങി.. ഉറക്കത്തിൽ എപ്പോഴോ കൊക്കയിൽ വീഴുന്നതായി സ്വപ്നം.. സ്വപ്നമാണോ?

സംഭവം സത്യമാണ്. ഒരു ഇറക്കത്തിലേക്ക് കുറ്റിച്ചെടികളൊക്കെ തകർത്ത് പോവുകയാണ് കാർ. ഭാര്യ റേസിങ്ങ് കാർ ഡ്രൈവ് ചെയ്യുന്നതുപോലെ ആക്സിലേറ്ററിൽ കാലമർത്തി, മാരക മുഖഭാവവുമായി ഇരിക്കുന്നു. ബ്രേക്ക്... ബ്രേക്ക്.. വിളിച്ചു പറയുന്നുണ്ടെങ്കിലും പരിഭ്രമത്തിൽ ആക്സിലേറ്ററിലാണ് ചവിട്ടുന്നത്. ഒടുവില്‍ എങ്ങനെയോ ഒരു കുഴിയിൽചാടി മുന്നോട്ടു നീങ്ങാനാവാതെ വണ്ടി കിതച്ചു നിന്നു. എസിയിടുമ്പോൾ ഒരു കുഴിപോലും കയറാത്ത കെ10 എൻജിന് നന്ദി...

അൽപസമയം ഇടവേള... റോഡരികിലെ പൊന്തക്കാട് തകർത്ത് റബർത്തോട്ടത്തിൽനിന്നു ഡ്രിഫ്റ്റ് ചെയ്ത് കയറുന്ന കാറിനെയും അതിലെ ‘സുന്ദരനായ’ ഡ്രൈവറെയും കോട്ടയം– കുമളി റൂട്ടിലെ കെഎസ്ആർടിസി ബസിലെ യാത്രക്കാർ ആരാധനയോടെ നോക്കി. ചുറ്റും കൈത വച്ചു പിടിപ്പിച്ച റബർത്തോട്ടത്തിൽ നിന്ന് കയറാൻ അങ്ങനെയേ പറ്റൂന്ന് ആർക്കുമറിയില്ലല്ലോ!

English Summary: Driving Experience By Sanumon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com