ADVERTISEMENT

ഏഴെട്ടു വർഷം മുൻപത്തെ ഒരനുഭവമാണ്. പുതിയ വണ്ടി എടുത്തിട്ട് ആദ്യത്തെ ട്രിപ്പ് - വയനാടിന്. ഞങ്ങൾ രണ്ടുപേരും പിന്നെ കസിൻ കിഷോർ, ഭാര്യ നീത, കുട്ടികൾ. അവിടെ രണ്ടു ദിവസം ചുറ്റിക്കറങ്ങി നേരെ മൈസൂർക്ക്. അവിടത്തെയും കറക്കം കഴിഞ്ഞുള്ള മടക്ക യാത്രയിൽ ഒരാന ഓടിച്ച അനുഭവമാണ് ഈ കുറിപ്പിനാധാരം. ഓർക്കുമ്പോൾ ഇപ്പോഴും ഒരു നടുക്കം തോന്നുന്ന അനുഭവം.

തോൽപ്പെട്ടിയിൽ ഒരു സഫാരി ഒക്കെ കഴിഞ്ഞ് നേരെ നാഗർഹോള വഴിയാണ് മൈസൂരേക്ക് പോയത്. അങ്ങോട്ട് പോയ വഴി വേണ്ട മടക്കം എന്നു തീരുമാനിച്ചു മടക്കം ബന്ദിപ്പൂർ കാട്ടിലൂടെയാക്കി. അതാവുമ്പോൾ കാട് കൂടുതൽ, മൃഗങ്ങളെയും കാണാം. ഡ്രൈവ് ചെയ്തിരുന്നത് കിഷോറേട്ടൻ ആയിരുന്നു, ഞാൻ ക്യാമറ ഒക്കെ റെഡി ആക്കി പുറത്തേക്കും നോക്കി ഇരിപ്പാണ്. മാൻ, കുരങ്ങ്, കാട്ടുപോത്ത് പിന്നെ പലതരം പക്ഷികൾ ഒക്കെ കണ്ടു, കുറെ ചിത്രങ്ങളും എടുത്തു. ആനയെ കണ്ടില്ല എന്ന വിഷമമായിരുന്നു എന്റെ മനസ്സിൽ. അങ്ങനെ കാടിന്റെ പകുതി പിന്നിട്ടു വരുമ്പോൾ എതിരെ ഒരു ബസ് നിർത്തി ഇട്ടിരിക്കുന്നു. കാര്യം മനസ്സിലാകാതെ നോക്കുമ്പോൾ പെട്ടെന്നാണ് പുറകിലിരുന്നവർ "ദേ ആന" എന്ന് കൂവി വിളിച്ചത്.

നേരെ വണ്ടി സൈഡ് ആക്കി നോക്കുമ്പോൾ ഒരു സൈഡിൽ രണ്ടു മൂന്നാനകൾ. രണ്ടു പിടിയാനകൾ അൽപം അകലെയായി നിന്ന് പുല്ലോ മറ്റോ തിന്നുന്നു. അതിനെതിരെയുള്ള വശത്ത് നിന്നും ഒരു കുട്ടിക്കൊമ്പൻ അത്ര അകലെയല്ലാതെ റോഡിലേക്കും നോക്കി നിൽക്കുന്നുണ്ട്. കക്ഷിയ്ക്ക് റോഡ് ക്രോസ്സ് ചെയ്യാനുള്ള പ്ലാനുണ്ടെന്നു ഞങ്ങൾക്ക് മനസ്സിലായി. അടിപൊളി..... എന്നിലെ വന്യജീവി ഫോട്ടോഗ്രാഫർ സടകുടഞ്ഞെഴുന്നേറ്റു. നേരെ ക്യാമറ അങ്ങോട്ട് ഫോക്കസ് ചെയ്തു. ഫോക്കസ് ഒക്കെ നോക്കി വന്ന സമയം സമയം അതാ ഇഷ്ടൻ തുമ്പിക്കൈയ്യും പൊക്കി അലറിക്കൊണ്ട്  വണ്ടിക്കു നേരെ ഒറ്റ പാച്ചിൽ! ആന ക്രോസ്സ് ചെയ്യാൻ ഉദ്ദേശിച്ച വഴിയിൽ മുടക്കി നിന്നാ ആർക്കായാലും ദേഷ്യം വരില്ലേ പിന്നെ... കക്ഷി തുമ്പിക്കൈ നീട്ടിപ്പിടിച്ചുകൊണ്ടാണ് ഓടിയെത്തുന്നത്. ഇതാ തീർന്നു എല്ലാം! ആരൊക്കെയോ നിലവിളിച്ചു, ഞാനും എന്തോ പറഞ്ഞു (എന്താണെന്നു ഒരോർമ്മയും ഇല്ല!) ധൈര്യം വീണ്ടെടുത്ത് ആ സമയത്ത് കിഷോറേട്ടൻ വണ്ടി എടുത്തതും ആന തൊട്ടു തൊട്ടില്ല എന്നപോലെ അടുത്തെത്തിയതും ഒരേ സമയം. ഏതായാലും അവനു ഞങ്ങളെ കൈ വക്കാൻ പറ്റിയില്ല എന്നതാണ് സമാധാനം. അഞ്ചാറു സ്റ്റെപ്പ് അവൻ കാറിനു പിന്നാലെയും വന്നു.. പിന്നിലെ അവന്റെ അലർച്ച കാടു മാത്രമല്ല ഞങ്ങളെയും വിറപ്പിച്ചു.

എതിരെ കിടന്ന ബസ്സിന് അടുത്തെത്തി നോക്കുമ്പോൾ അതിന്റെ ഡ്രൈവറും യാത്രക്കാരും ഞങ്ങളെ കടുപ്പത്തിൽ ചീത്ത വിളിക്കുകയാണ്. കാട്ടിൽ, ആനയുടെ അടുത്ത് നിർത്തിയതിനാവും.. ഏതായാലും അൽപ്പം മാറ്റി വണ്ടി ഒന്നുകൂടെ നിർത്തി. കിതപ്പ് കൊണ്ട് കുറെ നേരത്തേക്ക് ആർക്കും ഒച്ച പൊന്തിയില്ല. പക്ഷെ അതിനു ശേഷം എല്ലാവരും കുറെ ചിരിച്ചു. അപ്പോൾ ഞാനാ സംഭവം അവരെ കാണിച്ചു, ആ പോന്ന പോക്കിൽ ഞാൻ എടുത്ത രണ്ടു ഫോട്ടോസ്. ഒന്ന് ബ്ലർ ആയിപ്പോയെങ്കിലും ഒന്ന് നന്നായി കിട്ടിയിരുന്നു. മറ്റൊന്നുമല്ല ആന അലറിക്കൊണ്ട് പാഞ്ഞു വരുന്ന അതെ രംഗം തന്നെ! കണ്ടപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു, കാരണം ആരും അത് പ്രതീക്ഷിച്ചില്ല. ആ ഫോട്ടോയും ഇവിടെ ചേർക്കുന്നു. 

പിന്നെ പലതവണ കാടുകളിലും അല്ലാതെയും ആനയെ കണ്ടു. എന്നാൽ, അന്നത്തെ പേടി പിന്നെ എവിടെയൊക്കെ ആനയെക്കണ്ടാലും മാറാതെ പിൻതുടരുന്നു എന്നതാണ് സത്യം. 

English Summary: Driving Experience By Unni Maxx

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com