ADVERTISEMENT

ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ എനിക്ക് കെഎസ്ആർടിസി ഡ്രൈവറായി പിഎസ്‌സി നിയമനം ലഭിച്ചു. ആദ്യ നിയമനം ചെങ്ങന്നൂർ ഡിപ്പോയിലായിരുന്നു. ഓവർ സ്പീഡും, മര്യാദയില്ലാത്ത മറികടക്കലുമൊക്കെയുള്ള അഹങ്കാരികളാണ് 

കെഎസ്ആർടിസി ഡ്രൈവർമാരെന്ന അഭിപ്രായം തന്നെയായിരുന്നു എല്ലാ പൊതുജനത്തെയും പോലെ എനിക്കുമുണ്ടായിരുന്നത്. എന്റെ മാത്രമല്ല ഒരുമിച്ചു ജോലിക്ക് കയറിയ ഒട്ടുമിക്ക ആളുകൾക്കുമുണ്ടായിരുന്നതും. അന്ന് അവിടെ ജോലിയിൽ പ്രവേശിച്ച ഡ്രൈവർമാരിൽ പലരും കോഴിക്കോട്, തൃശ്ശൂർ, വയനാട്, ഇടുക്കി, കോട്ടയം, ചേർത്തല എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു. 

അതുകൊണ്ട് തന്നെ അകലെയുള്ളവർ ഡിപ്പോയിലെ റസ്റ്റ്‌ റൂമിൽ തങ്ങി അടുപ്പിച്ചു അഡീഷണൽ ജോലി ചെയ്തശേഷം രണ്ടു, മൂന്നു ദിവസം അവധി എടുത്താണ് വീട്ടിൽ പോവുക. അധികം ദൂരത്ത് അല്ലെങ്കിലും എന്നെ പോലെ കോട്ടയം, ചേർത്തല പ്രദേശത്തുള്ള ചിലർ  വെളുപ്പിനെയുള്ള ഡ്യുട്ടി ചെയ്യുവാൻ തലേദിവസം വൈകിട്ട് എത്തും (രാവിലെ എത്തി ചേരുവാനുള്ള വാഹനസൗകര്യം ഇല്ലാത്തതിനാലായിരുന്നു ഇങ്ങനെ ഡിപ്പോയിൽ എത്തിയിരുന്നത്)‌. വളരെ വൈകി സർവീസ് തീരുന്ന ചിലരും ഇതേ കാരണത്താൽ  ഡിപ്പോയിൽ തങ്ങി രാവിലെയാണ്  വീട്ടിൽ പോയിരുന്നത്. ഒരു ഡോർമെറ്ററി പോലെയുള്ള ഹാളിൽ പായ വിരിച്ചു വൈകിട്ട് കിടക്കും മുൻപുള്ള ചർച്ചയിൽ മിക്കവരും എല്ലാവരും അവരവരുടെ അനുഭവങ്ങളും ആശയങ്ങളും, തമാശകളുമൊക്കെ പങ്കുവക്കുക പതിവാണ്.

ഈ കൂടിച്ചേരലിൽ കെഎസ്ആർടിസി ഡ്രൈവർമാരുടെ അഹങ്കാരി എന്ന വിശേഷണം മാറ്റിയെടുക്കാൻ ഞങ്ങൾ ഒരു കൂട്ടം ഡ്രൈവർമാർ തീരുമാനിച്ചു. ഞങ്ങൾക്ക് കിട്ടിയ ട്രെയിനിങ് അതിന് പ്രചോദനം കൂട്ടുന്നതായിരുന്നു.

ഏതു വിഭാഗം വണ്ടിയാണെങ്കിലും അപകടരഹിതമോ, നിയമ തടസങ്ങളോ ഇല്ലെങ്കിൽ ഡ്രൈവർക്ക് യുക്തിപൂർവം നിർത്തി ആളെ കയറ്റാം. അങ്ങനെ ചെയ്യുന്നത് കൊണ്ട് കോർപറേഷൻ നഷ്ടത്തിൽ ആയിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരു ഉപകാരം ആയിരിക്കുമെന്നും. അമിത വേഗത അപകടം വരുത്തുന്നു എന്ന് മാത്രമല്ല ഇന്ധന ചിലവ് കൂട്ടും ആയതിനാൽ 60 കിലോമീറ്റർ സ്പീഡിൽ താഴെ 50-60കിമി / മണിക്കൂർ സ്പീഡ് മാത്രം പരമാവധി വേഗത പാടുള്ളൂ. എന്നുമൊക്കെ ഞങ്ങൾ ട്രെയിനിങ് സമയത്ത് പഠിച്ചു ഇതൊക്കെ പാലിച്ചു ഞങ്ങൾ പലരും ഓടിച്ചു തുടങ്ങി.

anu-thomas-1
അനു തോമസ്

അങ്ങനെ ഒരു ദിവസം വെളുപ്പിനെ 5.20ന് തുടങ്ങുന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ ആയിരുന്നു അന്നത്തെ ഡ്യുട്ടി. കൂടെയുള്ളത് ഒരു വനിതാ കണ്ടക്ടറായിരുന്നു. ചെങ്ങന്നൂർ നിന്ന് കോട്ടയം വന്നു തിരിച്ചു ചെങ്ങന്നൂർ ചെന്ന് അവിടുന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞു എറണാകുളം പോകണം. പഠിച്ച തിയറി വച്ച് കോട്ടയത്ത്‌ നിന്നു ചെങ്ങന്നൂർ എത്തിയപ്പോൾ എറണാകുളം പോവേണ്ട സമയം കഴിഞ്ഞു. ആയതിനാൽ പ്രഭാത ഭക്ഷണം ഒഴിവാക്കി പോവാം എന്ന് എന്റെ  കൂടെയുള്ള വനിത കണ്ടക്ടർ പറഞ്ഞു. അങ്ങനെ കൈ കാണിച്ചവരെയൊക്കെ കയറ്റി വണ്ടി എറണാകുളം ലക്ഷ്യമാക്കി നീങ്ങി സ്പീഡ് 60ൽ  കൂടുന്നില്ല എന്നതും ഇടയ്ക്കിടെയുള്ള നിർത്തലും യാത്രക്കാരെ രോക്ഷാകുലരാക്കി. പലരും കണ്ടക്ടറോട് കയർത്തു ചിലർ ചീത്ത വിളിച്ചു. എന്നോട് വഴക്കുണ്ടാക്കിയവരോട് ഞാൻ നിയമവശം പറഞ്ഞു. ധൃതിയുള്ള ചിലർ ഇടക്കിറങ്ങി, എറണാകുളം ചെന്നപ്പോൾ തിരിച്ചു പോരേണ്ട സമയവും കഴിഞ്ഞു ഒരു മണിക്കൂർ ലേറ്റ്  ഉച്ചക്ക് ഊണും നടന്നില്ല ഉടനെ തന്നെ അവിടുന്ന് കൊട്ടാരക്കര ബോർഡ് വച്ചു യാത്ര തുടർന്നു.

തലയോലപ്പറമ്പ് ആയപ്പോൾ അക്ഷമരായ യാത്രക്കാർ വഴക്ക് തുടങ്ങി ചീത്തവിളി കേട്ട് ന്യായം പറഞ്ഞ എന്റെ അടുക്കൽ വിളറിയ മുഖവുമായി ചങ്ങനാശ്ശേരി വരെ സഹിച്ച ലേഡി കണ്ടക്ടർ അടുത്ത് വന്ന് 'എന്റെ സാറേ ഇങ്ങനെ ഇട്ട് വണ്ടി ഉരുട്ടാതെ, വണ്ടി വിട്.... അല്ലെങ്കിൽ ആളുകൾ പ്രശ്നമുണ്ടാക്കും. കാണുന്നിടത്തെല്ലാം നിർത്തേണ്ട, ഫാസ്റ്റിന്റെ സ്റ്റോപ്പിൽ മാത്രം നിർത്തിയാൽ മതി അല്ലെങ്കിൽ ഓടിയെത്തില്ല ഇപ്പോൾ തന്നെ രണ്ടു മണിക്കൂർ ലേറ്റ് ആണ്'. എനിക്ക് ഫാസ്റ്റിന്റ സ്റ്റോപ്പ്‌ എല്ലാം അറിയില്ല എന്ന് ഞാൻ പറഞ്ഞു, സ്റ്റോപ്പിൽ ഞാൻ ബെൽ അടിച്ചോളാം അവിടെ മാത്രം നിർത്തിയാൽ മതി എന്നവർ പറഞ്ഞു. ഞാൻ ഏറ്റു. ട്രെയിനിങ്ങിൽ പടിക്കുന്നപോലെ  60 കിമീ സ്പീഡ് പോയിട്ട് 80 കിമീ സ്പീഡിൽ നിർദിഷ്ട സ്റ്റോപ്പിൽ മാത്രം നിർത്തി ഓടിയാൽ പോലും സമയം പാലിച്ച് ഓടാൻ ബുദ്ധിമുട്ടുള്ള റണ്ണിംഗ് ടൈം ആണ് കെഎസ്ആർടിസിയുടേത് മനസിലാക്കി അതിലുപരി വഴക്ക് ഒഴിവാക്കാൻ  ഞാൻ വേഗത കൂട്ടി 70-80 കിമി  വേഗത്തിൽ അപ്പോൾ ആളുകൾ ശാന്തരായി തുടങ്ങി... എങ്കിലും വിശ്വാമിത്രന്റെ തപസ്സു മുടക്കാൻ വന്ന മേനകയെ പോലെ ചില അപ്സരസുകൾ എന്നെ തോണ്ടി വിളിച്ചു ചില സ്റ്റോപ്പില്ലാ ഇടങ്ങളിൽ നിർത്തികൊടുക്കുവാൻ അപേക്ഷിച്ചു.

സുന്ദരിമാരുടെ അപേക്ഷകളെ തള്ളിക്കളയുവാൻ എന്റെ ലോല  മനസ് അനുവദിച്ചില്ല. ഇത്‌ കണ്ടക്ടർ മേഡത്തിന്റെ മുഖത്ത് രൗദ്ര ഭാവം ഉളവാക്കി. വണ്ടി സ്പീഡിൽ കുതിച്ചു അടൂർ എത്തും മുന്നേ പറന്തൽ എന്ന സ്ഥലത്തുള്ള ഹംബ് പെട്ടന്നാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. ബ്രേക്ക് ചവിട്ടി എങ്കിലും അത്ര പെട്ടെന്ന് നിൽക്കാനുള്ള മികവ് ആ വണ്ടിയുടെ ബ്രേക്കിന് ഉണ്ടായിരുന്നില്ല. വണ്ടി തെന്നി ചെന്ന് ഹംബ് എടുത്തു ചാടി. ചിലർ വാവിട്ടു കൂവി കരഞ്ഞു എങ്കിലും വലിയ കുഴപ്പമില്ലെന്ന് കണ്ട ഞാൻ വണ്ടി മുന്നോട്ട് വിട്ടു. അപ്പോൾ ആരൊക്കെയോ സിംഗിൾ ബെല്ലും ഡബിൾ ബെല്ലും ഒക്കെയടിക്കുന്നു. സാധാരണ സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ ഇറങ്ങാൻ ഉള്ളവർ കണ്ടക്ടർ ബെൽ അടിക്കാൻ കൂട്ടാക്കാതെ വരുമ്പോൾ അടിക്കുന്നത് പോലെ തോന്നി. അങ്ങനെ കുറേകൂടി മുന്നോട്ടു പോയപ്പോൾ ആരൊക്കെയോ നിർത്താൻ പറഞ്ഞു. ഞാൻ ബസ് നിർത്തി ഹംബ് ചാടിയപ്പോൾ കണ്ടക്ടർ വീണു. വീണെഴുന്നേറ്റ പുള്ളിക്കാരി  മോഹാലസ്യപ്പെട്ട് ഇരിക്കുന്നു പാതി അബോധാവസ്ഥ. അങ്ങനെ ഉടനെ അടുത്ത അടൂർ ഡിപ്പോയിൽ അറിയിച്ചു, യാത്രക്കാർക്ക് പരിക്ക് ഇല്ലെങ്കിൽ  യാത്രക്കാരെ കയറ്റി വിട്ട് കണ്ടക്ടറെ അടുത്ത ആശുപത്രിയിൽ എത്തിക്കാൻ അവിടുന്ന് നിർദ്ദേശിച്ചു. അങ്ങനെ വന്ന രണ്ടു ബസുകളിലായി യാത്രക്കാരെ ഓക്സിലറി എഴുതി കയറ്റി വിട്ടു. അവിടുന്ന് ഓട്ടോ പിടിച്ച് അടൂർ സർക്കാർ ആശുപത്രിയിൽ കൊണ്ട് ചെന്നു, ഡോക്ടർ, എക്സ്റേ, രക്തം, മൂത്രം  എന്നിവയൊക്കെ പരിശോധിക്കാൻ എഴുതി തന്നു, ഭാര്യയെ പോലും ആശുപത്രിയിൽ കൊണ്ടുപോയി പരിചയം ഇല്ലാത്ത ഞാനാകെ പരിഭ്രമിച്ചു. എന്തായാലും അപ്പോഴാണ് പന്തളത്തുള്ള ഒരു ഡ്രൈവർ സുഹൃത്തിന്റെ കാര്യം ഓർമ വന്നത് അവന് അന്ന് ഓഫാണ്. ഉടനെ തന്നെ അവനെ വിളിച്ചു എത്താൻ ആവശ്യപ്പെട്ടു. ഭാഗ്യത്തിന് ആള് അടൂർ എവിടെയോ ഉണ്ട്‌. ഉടൻ വരാമെന്നു പറഞ്ഞു.

അവൻ എത്തിയപ്പോൾ ഞാൻ കണ്ടക്ടറെയും താങ്ങിപിടിച്ചു എക്സ്റേ എടുക്കുവാൻ കൊണ്ടു പോകുകയാണ്. കയ്യിൽ പരിശോധനയ്ക്കുള്ള  രക്തവും മൂത്രവുമൊക്കെയുണ്ട്  എല്ലാം വെളിയിലെ ലാബിൽ വേണം പരിശോധിക്കാൻ. രക്തവും മൂത്രവും അവനെ ഏൽപിച്ചു. അവൻ അത് കൊണ്ട് ലാബിൽ ഏൽപിച്ചു 1-2 മണിക്കൂർ കഴിയും റിസൾട്ട്‌ കിട്ടാൻ. മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി അവൻ റിസൾട്ട്‌ വാങ്ങാൻ പോയി, റിസൾട്ട്‌ നൽകിയത് അവന്റെ ഭാര്യ വീടിന്റെ അടുത്തുള്ള ഒരു ചേച്ചി ആയിരുന്നു. അവർ റിസൾട്ട്‌ നോക്കി ചിരിച്ചു റിസൾട്ട്‌ കവറിൽ ആക്കി കൊടുത്തു അവൻ അത് കൊണ്ടുവന്ന് എന്റെ കയ്യിൽ തന്നിട്ട് കുഴപ്പമില്ലെന്ന് തോന്നുന്നു ലാബിലെ ചേച്ചി നോക്കിയതാണെന്ന് പറഞ്ഞു.

എന്തോ അത്യാവശ്യത്തിനു ഇറങ്ങിയപ്പോളാണ് ഞാൻ വിളിച്ചത് ഉടനെ ഇങ്ങോട്ട് ആശുപത്രിയിലേക്ക് പോന്നത്. ഇനി അത്യാവശ്യം കഴിഞ്ഞ സ്ഥിതിക്ക് പൊക്കോട്ടെ എന്തോ അത്യാവശ്യം ഉണ്ടെന്ന് അവൻ പറഞ്ഞു. ഗ്ലുക്കോസ് ഡ്രിപ്പ്‌ ഇട്ട് കുറച്ചു കഴിഞ്ഞപ്പോൾ നമ്മുടെ കണ്ടക്ടർ ഓക്കെ ആയി. ഇനി റിസൾട്ട്‌ ഡോക്ടറെ കാണിക്കുന്ന പണിയല്ലേയുള്ളൂ. അവനെ യാത്രയാക്കി. റിസൾട്ട്‌ ഡോക്ടറെ കാണിച്ചു കുഴപ്പമില്ല ഗ്ലൂക്കോസ് ലെവൽ കുറഞ്ഞു പോയതാണ് പ്രശ്നം. പോരാത്തതിന് ആള് പ്രെഗ്നന്റ് ആണ് സൂക്ഷിക്കണം എന്ന് ഡോകടർ പറഞ്ഞു. ഒരാഴ്ചത്തെ റെസ്റ്റും കുറച്ച് ഗുളികകളും കുറിച്ചു തന്നിട്ട് പോയ്ക്കൊള്ളാൻ പറഞ്ഞു. വണ്ടി അടൂർ ഡിപ്പോയിൽ ഏൽപ്പിച്ചു ഞങ്ങൾ ചെങ്ങന്നൂർ ഡിപ്പോയിലേക്ക് മടങ്ങി.

ആപത്തിൽ സഹായിച്ച ആ ഡ്രൈവർ സുഹൃത്തിനെ പല തവണ പല ദിവസങ്ങളിലും വിളിച്ചെങ്കിലും ഫോൺ ഓഫ്‌ ആയിരുന്നു. ജോലിക്കും വരുന്നില്ല. പിന്നെയും ദിവസങ്ങൾ കടന്നു പോയി. പന്തളത്തുള്ള മറ്റൊരു സുഹൃത്തിനെ ബന്ധപെട്ടു അദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് സംഭവം മനസിലായത്. ആശുപത്രിയിൽ നിന്നു എന്നോട് യാത്ര പറഞ്ഞു പോയ ആൾ  വൈകിട്ട് രണ്ടണ്ണം സേവിച്ചു വീട്ടിൽ ചെല്ലുമ്പോഴുണ്ട് ഭാര്യയുടെ അപ്പനും അമ്മയും സഹോദരിയുമൊക്കെ കൂടി കുറെയധികം മധുര പലഹാരങ്ങളൊക്കെ വാങ്ങി നമ്മുടെ ചങ്ങാതിയുടെ വീട്ടിൽ എത്തിയിരിക്കുന്നു. വിവാഹം കഴിഞ്ഞ് നാലു വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാതെ ചികിത്സയിൽ കഴിയുന്ന മോൾക്ക്‌ വിശേഷം ഉണ്ടെന്ന വിവരം അപ്പോൾ തന്നെ ലാബിലെ ചേച്ചി അമ്മയെ അറിയിക്കുകയും അങ്ങനെ ആ സന്തോഷം അറിഞ്ഞയുടൻ അപ്പനെയും വിളിച്ചു വരുത്തി മധുരവുമായി മോളുടെ അടുത്തെത്തിയതാണ്.

അപ്പോഴാവട്ടെ  മോൾ ഈ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ല. സത്യാവസ്ഥ അറിയാൻ മരുമകനെ നോക്കിയിരുന്നപ്പോൾ അർധ ബോധാവസ്ഥയിൽ എത്തിയ അവൻ അവ്യക്തമായി എന്തോ മറുപടിയാണ് നൽകിയത്. വിശ്വാസ യോഗ്യമല്ലാത്ത മറുപടി കേട്ടപ്പോൾ അപ്പനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പം ഭാര്യയും പോയി. കാര്യങ്ങൾ പറഞ്ഞു മനസിലാക്കുവാൻ കുറച്ച് ദിവസം കീടം സേവിച്ചു അബോധാവസ്ഥയിൽ കഴിയേണ്ടി വന്നു. പിന്നീട് ആരുടെയൊക്കെയോ സഹായത്തോടെ ദിവസങ്ങളോളമുള്ള അശ്രാന്ത പരിശ്രമവും വേണ്ടി വന്നു അവന് ഭാര്യയെ തിരികെ കൊണ്ടുവരാൻ.

ഇതാണ് ഈ കാലത്ത് ആർക്കും ഒരു ഉപകാരവും ചെയ്യരുതെന്ന് പറയുന്നതിന്റെ അർത്ഥം അവന് അതോടെ മനസിലായി. രണ്ടുമാസം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യയും ഗർഭം ധരിച്ചു എന്നാൽ ഇതറിയിച്ചിട്ടും മോളെ കാണാൻ വന്ന അപ്പന്റെയും അമ്മയുടെയും കയ്യിൽ മധുര പലഹാരങ്ങൾ ഉണ്ടായിരുന്നില്ല... അവരും എന്തോ പാഠം പഠിച്ചിരിക്കുന്നു.

English Summary: Driving Expericene by Anu Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com