ADVERTISEMENT

സിആർപിഎഫിൽ നിന്നു വൊളന്ററി റിട്ടയർമെന്റിൽ വീട്ടിലെത്തിയ പപ്പയുടെ വലിയ ആഗ്രഹമായിരുന്നു ഞങ്ങൾ മക്കളെ മൂന്നു പേരെയും വണ്ടി ഓടിക്കാൻ പഠിപ്പിക്കണമെന്ന്. കടിഞ്ഞൂൽ കുട്ടികൾക്കാണല്ലോ ഇതിനെല്ലാം ആദ്യം അവസരം കിട്ടുന്നത്. പണ്ട് പട്ടാളത്തിൽ നിന്നു അവധിക്കു വരുന്ന സമയത്ത് പുളിവടി വെട്ടി കൈയിൽ പിടിച്ച് സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ച എന്റെ പപ്പായുടെ ക്ഷമയെക്കുറിച്ച് എനിക്ക് ധാരണയുണ്ട്. എന്നാലും വേണ്ടില്ല വീടിന്റെ മുറ്റത്ത് കിടക്കുന്ന കമാൻഡർ ജീപ്പു കാണുമ്പോൾ ഉള്ളിൽ നല്ല ആഗ്രഹവുമുണ്ട് ഇതൊന്നു ഓടിക്കണമെന്ന്. 

ഡിഗ്രിക്ക് പഠിക്കാൻ കോളേജിൽ ചേർന്നിരിക്കുന്ന സമയം. ജീപ്പ് ഓടിക്കാൻ പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പപ്പായുടെ ദേഷ്യം ഓർത്തിട്ട് ഒന്നും പറയാൻ പോയില്ല. ബൈ ദ ബൈ ഞാൻ ചുമ്മാ ആഗ്രഹിച്ചാൽ മതി അത് എന്നെ തേടിയെത്തും എന്നാണല്ലോ പ്രമാണം. കോളേജിൽ ക്ലാസ് തുടങ്ങാൻ ഒരു മാസം കൂടിയുണ്ട് ആ സമയം പപ്പാ അടുത്തുള്ള സ്കൂളിലേക്ക് കൈപ്പള്ളിയിൽ നിന്നും വന്ന് പഠിക്കുന്ന ചെറിയ കുട്ടികളെ രാവിലെ സ്കൂളിലേക്ക് കൊണ്ടുവരാനും തിരിച്ചു വിടാനും ഓട്ടം പോകുന്നുണ്ട്. ചുമ്മാ വീട്ടിലിരുന്ന് ഉണ്ട്, ഉറങ്ങി സമയം കളയുന്ന എനിക്ക് ‘കിളി’ യായി വണ്ടിയിൽ ജോലി തന്നു. സ്കൂൾ തുറന്ന സമയം, വല്ല്യ വായിൽ കരയുന്ന പീക്കിരി പിള്ളരേ വീട്ടിൽ നിന്നും പിടിച്ചിറക്കി ഇക്കിളിയിട്ട് ചിരിപ്പിച്ച് വണ്ടിയിൽ കയറ്റി സ്കൂളിൽ കൊണ്ടു പോയി തിരിച്ച് വീട്ടിൽ കൊണ്ടു വിടുക.

വീട്ടിൽ നിന്നും പൂഞ്ഞാർ– കൈപ്പള്ളി മലവഴിയാണ് സഞ്ചാരം. അങ്ങോട്ടു പോകുമ്പോൾ വണ്ടി കാലിയാണ്. നോട്ട് ദി പോയിന്റ് അപ്പോൾ അങ്ങോട്ട് വണ്ടി കാലിയാണല്ലോ എങ്ങനെയാ വാ... വണ്ടിയോടിക്കാൻ പഠിക്കാം എന്ന് പപ്പ. അങ്ങനെ ആദ്യം സ്റ്റിയറിങ്, പിന്നെ ഡ്രൈവിങ് സീറ്റ്... എവിടെ ഒരു രക്ഷയുമില്ല... മലമുകളിലേക്ക് ചുമ്മാ കൂളായി വണ്ടിയോടിച്ചു പോകുന്ന സ്വപ്നം മുടങ്ങാതെ കാണാറുണ്ട്.

കൈപ്പള്ളി റൂട്ടിൽ രാവിലെ 7.45 ന് ഒരു കെഎസ്‌ആർടിസി വരും (ആ വഴിക്ക് ആകെ ഒരു വണ്ടിയെ ഉള്ളൂ)എന്തു ചെയ്താലും ആ ശുഭമുഹൂർത്തം കഴിഞ്ഞേ ഞാൻ വീട്ടിൽ നിന്നും പുറത്തിറങ്ങൂ. ഇനി എങ്ങാനും വണ്ടിയിൽ കയറിക്കഴിഞ്ഞാണെങ്കിൽ ആ വണ്ടി പോയിക്കഴിഞ്ഞേ സമാധാനം ഉണ്ടാകൂ. അങ്ങനെ കെഎസ്‌ആർടിസി ചേട്ടന് കാര്യം മനസിലായതോടെ എന്നെ ഡ്രൈവിങ് സീറ്റിൽ കാണുമ്പോൾ അങ്ങു ദൂരെ നിന്നേ വണ്ടി ഒതുക്കി തരും.

കാര്യങ്ങൾ ഏതാണ്ടൊക്കെ പഠിച്ച ആവേശത്തിലിങ്ങനെ മുന്നോട്ട് പോകുകയാണ്, കൈപ്പള്ളിവഴിയിൽ തട്ടുതട്ടായ റബ്ബർ തോട്ടങ്ങൾക്കിടയിലൂടെ നല്ലൊരു ‘എസ്’ വളവുണ്ട്. സാധാരണ അവിടെ എത്തുമ്പോൾ പിന്നെ പപ്പായാണ് വണ്ടി ഓടിക്കുന്നത്. ഏതാണ്ടൊക്കെ ആയെന്നു തോന്നിയപ്പോൾ എന്നാ പിന്നെ കുറച്ചു കൂടി ഓടിച്ചോളൂ എന്നായി. ആദ്യമായാണ് ഇത്ര കൊടും വളവിലൊക്കെ വണ്ടി തരുന്നേ...മലമുത്തപ്പനെ മനസ്സിൽ ധ്യാനിച്ച് ആദ്യത്തെ വളവുകയറി രണ്ടാമത്തെത് കയറിയപ്പോൾ തിരിക്കാൻ ഇത്തിരി താമസിച്ചു പോയി...നീ എന്നതാ കാണിക്കുന്നേന്ന് പപ്പാ ചോദിക്കുന്നുണ്ട്...എങ്ങനെയോ ബ്രേക്ക് ചവിട്ടി കുത്തി നിറുത്തി. ജസ്റ്റ് മിസ്സ്!...തൊട്ടു മുന്നിൽ റബ്ബർ ഇലകൾ സൊറപറയുന്നു, ഇത്തിരി കൂടി മുന്നോട്ട് പോയാ വലിയൊരു കുഴി. പപ്പാ പേടിച്ചു പോയോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, ശബ്ദം പുറത്തു വന്നില്ല! അതു കഴിഞ്ഞ് പപ്പാ ഒന്നും മിണ്ടിയില്ല! പിറ്റേ ദിവസം ഞാൻ വിചാരിച്ചു ഇന്നലത്തെ പെർഫോമൻസ് കാരണം പഠിപ്പിക്കൽ നിറുത്തി കാണുമെന്ന് പട്ടാളക്കാരനുണ്ടോ വിടാൻ ഭാവം, പക്ഷേ ‘എസ്’ വളവിനു മുൻപേ വണ്ടി തിരിച്ചു മേടിക്കും എന്നു മാത്രം. ‌

എന്തായാലും അടിസ്ഥാന തത്വങ്ങളൊക്കെ പഠിച്ചിറങ്ങിയെങ്കിലും അന്ന് ലൈസൻസ് എടുത്തില്ല. കല്ല്യാണം കഴിഞ്ഞ് മകളും ഉണ്ടായ ശേഷമാണ് പെട്ടന്നൊരു ആഗ്രഹം തോന്നിയത് എന്തായാലും അപ്പൻ അന്ന് കഷ്ടപ്പെട്ടു പഠിപ്പിച്ചതല്ലേ ലൈസൻ എടുത്തേക്കാമെന്ന്. ലൈസൻസും കിട്ടി. പക്ഷേ വണ്ടി അധികം ഓടിക്കാറൊന്നും ഇല്ല. ഈ ലോക്ഡൗൺ കാലത്ത് വീണ്ടും അതിശക്തമായ ആഗ്രഹം തോന്നി തുടങ്ങി...ഞാനെന്റെ സ്വന്തം കാറിൽ ഉടൻ വരുമെന്നു പ്രതീക്ഷിക്കുന്നു.

English Summary: Driving Experience By Alphonsa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com