‘ലോക്ഡൗൺ യാത്ര എന്തൊരു സുഖം...പൊടിയില്ല, പുകയില്ല, ട്രാഫിക്കില്ല; അയ്യോ...ദേ പോലീസ്’!

wagon-r
Illustration: Sreekanth
SHARE

ഈശ്വരന്മാരെ...നോട്ടം കൊണ്ടോ... വാക്കു കൊണ്ടോ... പ്രവർത്തി കൊണ്ടോ...ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെയൊന്നും ആക്രമണങ്ങളൊന്നുമുണ്ടാകരുതേയെന്ന  പ്രാർത്ഥനയോടെയാണ്  അന്നും ഞാൻ കിടക്കയിൽ നിന്നെണീറ്റത്. പതിവുകൾ മുടക്കിയില്ല. ഫോണെടുത്തു തീയതിയും  സമയവും പരിശോധിച്ചു. തീയതി  25/04/2020 സമയം ഉച്ചക്ക് ഒരു മണി. ഓ... ഇന്ന് പതിവിലും നേരത്തെയാണല്ലോ! ലോക്ഡോൺ ആരംഭിച്ചതിനു ശേഷം ഉച്ചക്ക് രണ്ടു മണിക്കും മൂന്നു മണിക്കിടയിലുമാണ് എഴുന്നേൽക്കുന്നത്.  എഴുത്തും വായനയും സിനിമ കാണലുമൊക്കെയായി രാത്രി ഏറെ വൈകിയാണ് ഉറങ്ങുന്നതും. എഴുതാനുള്ള കുറിപ്പുകളൊക്കെ മെയിൽ ചെയ്ത് കഴിഞ്ഞാൽ പിന്നെ മുകളിൽ ആകാശം താഴെ ഭൂമിയുമെന്ന മട്ടാണ്. മട്ടുപ്പാവിലെ ചാരുക്കസേരയിലിരുന്നു കുറേനേരം നക്ഷത്രങ്ങൾ എണ്ണിനോക്കും. പിന്നെ വെട്ടിപ്പിടിക്കാനുള്ള വൻ സംഭവങ്ങളുടെ നീണ്ട ലിസ്റ്റ് പരിശോധിക്കും. പണം പ്രശസ്തി അധികാരം. ഇവയിൽ ഏതായിരിക്കണം  കൂടുതൽ ആഗ്രഹിക്കേണ്ടത്. "ശേ...ഇപ്പോഴും ഒരു വ്യക്തതയും കിട്ടുന്നില്ലല്ലോ...." വ്യർത്ഥമായ കുറെ ആലോചനകൾക്ക്  ശേഷം  ഏതെങ്കിലും പുസ്തകം തിരയും. കാടുപിടിച്ചു കിടക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം  തിരഞ്ഞെടുക്കുന്ന  പുസ്തകങ്ങളിൽ  ഉണ്ടോയെന്നു പരിശോധിക്കും. ഉണ്ടെങ്കിൽ വായന തുടരും. ഇല്ലെങ്കിൽ പുസ്തകം മടക്കി വെച്ച്  ഓൺലൈൻ പ്ലാറ്റുഫോമുകളിലെ സിനിമകൾ പരതും. ജീവിതം പുഷ്ടിപ്പെടുത്താനുള്ള സംഗതികളൊന്നും അതിലും കണ്ടില്ലെങ്കിൽ   പതിയെ ഏകാന്തതിയിലേക്കു വഴുതി വീഴും. തുടർന്നങ്ങോട്ട്  ഒരുതരം വന്യമായ ഏകാന്തതയാണ്... മടുപ്പിക്കുന്ന ഏകാന്തത.  

വാട്സ്ആപ്പ് ഫേസ്ബുക് ഇൻസ്റ്റാഗ്രാം. അങ്ങനെ അക്കൗണ്ടുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന വാർത്തകളൊക്കെ  പരതി നോക്കി. എവിടെയും കൊറോണ മയം. "ങും... ലോക്ഡൗണിൽ ചില ഇളവുകളൊക്കെ നടക്കുന്നുണ്ട്. പുറത്തേക്കൊന്നിറങ്ങി നോക്കാം......". ഉച്ചക്കാണ്  പ്രാതൽ കഴിക്കുക. അമ്മ ഉണ്ടാക്കിവെച്ച ഇഡലിയും സാമ്പാറും ചമ്മന്തിയും കൂട്ടിക്കുഴച്ചു ഏമ്പക്കവും വിട്ട്  കാറിന്റെ താക്കോലെടുത്തു പുറത്തേക്കിറങ്ങി. 

"കൊച്ചേ... മാസ്ക് വെച്ചോണ്ട് പോ.. അല്ലെങ്കി പോലീസ് പിടിക്കും" അടുക്കളയിൽ നിന്നുള്ള അമ്മയുടെ മുന്നറിയിപ്പാണ്. മുതിർന്ന പൗരന്മാരുടെ മുന്നറിയിപ്പുകളെ പൊതുവെ അവഗണിച്ച് മാത്രമേ ശീലമുള്ളൂ. അതിനാൽ മുന്നറിപ്പുകളെയെല്ലാം  കാറ്റിൽപ്പറത്തി ‌കാറു സ്റ്റാർട്ട്‌ ചെയ്തു. മാരുതി  വാഗൺആർ...അച്ഛന്റെ  കാശു കൊടുത്തു വാങ്ങിയ എന്റെ സ്വന്തം കാർ. ഈ കാറിലായിരുന്നു എന്റെ  ഡ്രൈവിംഗ് പഠനം. ബെൻസും  ഓഡിയുമൊക്കെ പരീക്ഷിച്ചുക്കൂടേയെന്ന് വിലപിടിപ്പുള്ള കാറുകളിൽ ഞെളിഞ്ഞിരുന്ന്  സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. ഉത്തരം വളരെ സിംപിളാണ്. ആർഭാടം  കാണിക്കാൻ കയ്യിൽ കാശില്ല. പിന്നെ ജീവിതത്തിന്റെ അനിവാര്യതയാണ്  ഡ്രൈവിംഗ്. ജീവഹാനിയൊന്നും കൂടാതെ ലക്ഷ്യ സ്ഥാനത്തെത്തുകയാണ്  പ്രധാനം.  വിലപിടിപ്പുള്ള കാറുകളുടെ സ്റ്റീയറിങ്ങിൽ തൊടുമ്പോഴേ നെഞ്ചിനകത്തൊരു   പെടപെടപ്പ്  കേൾക്കും. എന്നാൽ  കുണ്ടിലും കുഴിയിലും കയറ്റത്തിലുമൊക്കെ  വാഗൺ ആർ ഓടിച്ച് കയറ്റുമ്പോൾ....ഒരു രാജ്യം തന്നെ വെട്ടിപ്പിടിച്ചതിന്റെ പ്രതീതിയുണരും. ഡ്രൈവിംഗ് തലയ്ക്ക്പ്പിടിച്ച  എന്റെ ആൺ സുഹൃത്തുക്കൾ ഇത്തരം സങ്കൽപങ്ങളെ   കണക്കിന് പരിഹസിക്കാറുണ്ട്. എന്നാൽ 'ചൊറികൾ'  മുഖവിലയ്‌ക്കെടുക്കാതെ അമ്മയുടെ മടിത്തട്ടിലിരിക്കുന്ന മട്ടിൽ   വാഗൺആറിലെ  ഡ്രൈവിംഗ് സീറ്റിലമർന്നിരുന്നു  ഞാൻ നഗരം ചുറ്റും. 

ആഹാ...എന്തൊരു സുഖം...പൊടിയില്ല പുകയില്ല ട്രാഫിക്കില്ല. പുഴ ഒഴുകുന്ന പോലെ... ഒരു കുട്ടവഞ്ചിയിലിരുന്നു ഞാനിതാ...ഓളപ്പരപ്പിലൂടെ ഒഴുകി മറിയുന്നു. ലോക്ഡൗണിനു മുൻപ് വലത്തും ഇടത്തുമൊക്കെ  വെട്ടിച്ചുക്കൊണ്ടായിരുന്നു സാധാരണയായി  ഡ്രൈവ് ചെയ്തിരുന്നത്. ഓട്ടയോ  ബൈക്കോ  കാറോ അപ്രതീക്ഷിതമായി എപ്പോഴും കുറുകെ വന്നുക്കൊണ്ടിരിക്കും. എന്നാൽ  അത്തരത്തിലുള്ള നെഞ്ചിടിപ്പുകളൊന്നും ഇപ്പോൾ അനുഭവപ്പെടുന്നില്ല. സ്വപ്നം കണ്ടു  കൊണ്ടു വേണമെങ്കിലും  കാർ ഡ്രൈവ് ചെയ്യാനാകുമെന്ന  അവസ്ഥ. അത്രയ്ക്കും ശാന്തം....നിശബ്ദം. കാൽനടയാത്രക്കാർ മുഖത്ത് മാസ്ക് ധരിച്ചിട്ടുണ്ട്. അവശ്യ സർവീസുകൾ വിൽക്കുന്ന കടകളൊഴിച്ചാൽ  എല്ലാം അടച്ചിട്ടിരിക്കുന്നു. "ഇപ്പോളാർക്കും ഷോപ്പിങ്ങിനൊന്നും പോണ്ടേ" കോടികൾ മുടക്കി കെട്ടിപ്പൊക്കിയ മാളുകൾ കാണുമ്പോഴൊക്കെ ഇത്തരം ചിന്തകൾ  തലപൊക്കും.  

ഓഹോ...സിഗ്നലെത്തി!  നേരിയ കയറ്റമുള്ള റോഡ്. മൂന്നു വർഷമായി ഡ്രൈവ് ചെയ്യുന്നു. ക്ലച്ചിലും ആക്സിലേറ്ററിലും സമാസമം ബാലൻസ് ചെയ്യുമ്പോളൊക്കെ പിടിവിട്ട്  കാറ് പിന്നിലേക്ക് പോകുമോയെന്ന  ആശങ്ക ഇപ്പോഴും വിട്ടുമാറുന്നില്ല. കയറ്റത്തിൽ  കാറു നിർത്തുമ്പോഴുള്ള നേരിയ വിറയൽ ഉള്ളിലൊതുക്കി പച്ച വെളിച്ചം കാത്തങ്ങനെ വാഗണാറിലിരുന്നു. മുന്നിലും പിന്നിലും ആരുമില്ല. വലതു വശവും ശൂന്യം. ഇടതു വശത്തായി  അതാ....ബുള്ളറ്റ് ബൈക്കിൽ  രണ്ടു ചെറുപ്പക്കാർ. മുന്നിലിരിക്കുന്ന  യുവാവ് ബൈക്കിലെ കണ്ണാടിയിൽ  മുഖം നോക്കിക്കൊണ്ട് കുരുവിക്കൂട് പോലത്തെ   തലമുടി ചീകി ഒതുക്കുന്നുണ്ട്. പിന്നിലുള്ള  യുവാവ് തലയിലൊരു തുണി  ചുറ്റിക്കെട്ടിയിട്ടുണ്ട്. കയ്യിൽ കുങ്കുമപ്പൂവിന്റെ നിറമുള്ള  രുദ്രാക്ഷമാല ചുറ്റിപ്പിണഞ്ഞിരിക്കുന്നു. ഇരുവരും ഹെൽമെറ്റും  മാസ്കും ധരിച്ചിട്ടില്ല. കൊള്ളാം..  എന്നെപ്പോലെത്തന്നെ ...! പൊതുബോധത്തിന്റെ  മാതൃകകൾ.  

ഞാനവരെ  ശ്രദ്ധിക്കുന്നത് അവരും   ശ്രദ്ധിച്ചത് കൊണ്ടായിരിക്കാം പിന്നിലിരിക്കുന്ന യുവാവ് എന്നെ നോക്കി കണ്ണിറുക്കി. ലോക്ഡൗൺ ഇളവ് ഇരുവരുടെയും മുഖത്ത് പ്രകടമായിരുന്നു. എന്തൊക്കയോ പുലമ്പിക്കൊണ്ട് അവർ ആർത്തട്ടഹസിച്ചു. ചുവപ്പ് മാറി പച്ച മിന്നി. ഇടിമിന്നൽ വേഗത്തിൽ യുവാക്കൾ എങ്ങോട്ടോ അപ്രത്യക്ഷമായി. വീട്ടിൽ നിന്ന് പത്ത് കിലോമീറ്ററോളം മാറി സാധാരണ തിരക്കുണ്ടാകാറുള്ള  നഗരത്തിലേക്ക് പ്രവേശിച്ചു. ഹോ .... വഴിയിലൊന്നും പോലീസില്ല. വല്യ ആശ്വാസം......! കാറിനുള്ളിലെ എഫ്എമ്മിൽ നിന്നുള്ള  പാട്ടൊക്കെ കേട്ട്  ഞാനങ്ങനെ  ഒഴുകി നീങ്ങി. 

anu
അനുപ്രിയ രാജ്

"എന്റീശ്വരാ.... അതാ... പോലീസ്.... ! എന്താ ചെയ്യണ്ടത്. വിട്ടു പോയാലോ"? ആകെപ്പാടെ അങ്കലാപ്പും ആശങ്കയും. റോഡിന്റെ വശത്തായി   നിർത്തിയിട്ടിരിക്കുന്ന പോലീസ് ജീപ്പിനരികിൽ രണ്ടു ‌ പോലീസുകാർ.  വാഹനങ്ങൾ പരിശോധിക്കാനായി അതാവശ്യം കുടവയറും രൂക്ഷതയുള്ള  നോട്ടവുമായി ഒരു  പോലീസുകാരൻ നിൽക്കുന്നു. നിർത്തണോ...പോണോ...എന്താ ചെയ്യേണ്ടേ?  ഞാൻ വിരണ്ടു. എന്റെ ചിന്തകളും  വിരണ്ടു. അയ്യോ! ആ കുടവയറൻ എന്റെ നേരെ കൈകാണിക്കുന്നു.

ആഹ്.. നിർത്ത് നിർത്ത്...! 

ഞാൻ അനുസരണയോടെ കാർ  സൈഡിലേക്ക് ഒതുക്കി നിർത്തി. " ഈശ്വരാ...അങ്ങേര് എന്റെയടുത്തേക്കാണല്ലോ വരുന്നേ" "ങും....എങ്ങോട്ടാ?"  കനത്ത വെയിലിന്റെയും ചൂടിന്റെയും ക്ഷീണം കുടവയറന്റെ  മുഖത്ത് നിഴലിക്കുന്നുണ്ട്. "ഞാൻ  സാധനം വാങ്ങാൻ വന്നതാ..."?  എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാമെന്നായി.  "എവടാ  വീട്..." അങ്ങനെയൊന്നും എന്നെ വിടാൻ  ഉദ്ദേശമില്ലെന്ന് കുടവയറൻ  ഉറപ്പിച്ചു. "ആനയറ...വെണ്പാലവട്ടം " ശബ്ദത്തിനൽപം  മൂർച്ച കൂട്ടി. "ഓ അവ്ടെയാണാ...കൊച്ച് എന്ത് വാങ്ങാനാ ഇറങ്ങിയേ". ആനയറിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ ദൂരെമാറി സാധനം വാങ്ങണമെങ്കിൽ അതൊരു ഒന്നൊന്നര  സാധനമായിരിക്കണമല്ലോ എന്ന മട്ടിൽ കുടവയറൻ ചോദിച്ചു. 

"അത്....കേക്ക്...." എന്നെപ്പോലൊരു സുന്ദരിയും സുശീലയുമായ പെണ്ണിന്റെ   നിഷ്കളങ്കമായ മറുപടി കെട്ട് കുടവയറൻ അന്ധാളിച്ചു. "എന്തോന്ന് കേക്കാ..". " അതേ....കേക്ക്" ഞാൻ ഉറപ്പിച്ചു. " അപ്പൊ കൊച്ച് കേക്കാണോ  ഉച്ചക്കും രാവിലെയൊക്കെ  കഴിക്കുന്നേ" പോലീസുകാരൻ എന്നെ  'ആക്കിയതാണെന്നു' പെട്ടന്ന് കത്തിയില്ല. "അല്ല... വൈകുന്നേരം ചായേടെ കൂടെ കഴിക്കാനാ.." സത്യസന്ധമായി ഞാൻ മറുപടി നൽകി. " വീട്ടിലിരിക്കാൻ പറഞ്ഞാ  കേക്കത്തില്ല....കൊറച്ചൊരു ഇളവ് കൊടുത്തപ്പോ കേക്കും കോപ്പും വാങ്ങാനിറങ്ങിയിക്കുന്നു. ആനയറയിലൊന്നും  കേക്ക് കിട്ടുന്ന സ്ഥലമില്ലേ  കൊച്ചേ.."?

"ഈശ്വരാ... ലോക്ഡൗൺ കാഴ്ചകൾ കാണാനിറങ്ങിയതാണെന്നു ഇങ്ങേരോടെങ്ങനെ പറയും?" നിശബ്ദമായി  ഞാൻ നെടുവീർപ്പിട്ടു. "അല്ലേ....മാസ്ക് എവടെ" കുടവയറൻ എന്നെ കുടുക്കുമെന്ന് ഏതാണ്ടൊക്കെ  ഉറപ്പിച്ചു. "മാസ്ക് വീട്ടിലുണ്ട്" 

"എന്താ...അവിടെ പൂജക്ക്‌ വെച്ചിരിക്കയാണോ ....കാറിന്റെ നമ്പറു പറ..മാസ്ക് വെക്കാത്തതിന് ഫൈൻ അടച്ചിട്ടു പോയാ മതി" 

" kl kl...." എന്റെ ശബ്ദം പതറുന്നുണ്ടായിരുന്നു  (ഈശ്വരാ...എത്ര വർഷമായി കാറോടിക്കാൻ   തുടങ്ങിയിട്ട്....എന്റെ കാറിന്റെ നമ്പർ പോലും ഞാനിതുവരെ ശ്രദ്ധിച്ചിട്ടില്ലേ...വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ എന്റെ സ്വന്തം കാർ...എന്റെ പൊന്നോമന വാഗൺആറിന്റെ  നമ്പർ പോലും എനിക്കറിയില്ലന്നോ ...ഹോ...  ഞാനെന്തൊരു  പരാജയമാണ്)

" എന്തോന്നാ...എന്തോന്നാ..കാറിന്റെ നമ്പറ് അറിയില്ലേ ! ഇത് സ്വന്തം വണ്ടിയാണാ ... അതോ.. എവിടെ നിന്നെങ്കിലും അടിച്ചോണ്ട്  വന്നതാണോ" പോലീസുകാരന്റെ സ്വാഭാവിക സംശയബുദ്ധിയുണർന്നു.  "അല്ല.... എന്റെ വണ്ടിയാ" എന്റെ ശബ്ദം കൂടുതൽ ദൃഢമായി.  കുടവയറൻ പോക്കറ്റിൽ നിന്നൊരു  കടലാസ്‌ കഷണമെടുത്ത് നമ്പർ എഴുതിയെടുക്കാനായി കാറിന്റെ മുൻവശത്തേക്കു നീങ്ങി. പെട്ടന്നതാ... എന്തോ വീശിയടിക്കുന്നത്  പോലെ.... ഏഹ്...ദേണ്ടെ വരുന്നു...കുരുവിക്കൂട് തലമുടിക്കാരനും കണ്ണിറുക്ക കാണിച്ചവനും അവരുടെ ബുള്ളറ്റ് ബൈക്കും. 

ശബ്ദം കേട്ട ദിക്കിലേക്ക് പോലീസ് തിരിഞ്ഞു. കുടവയറൻ എന്നെ ഉപേക്ഷിച്ച് ബുള്ളറ്റിനരികിലേക്കു പാഞ്ഞടുത്തു. പൊലീസുകാരെ വെട്ടിച്ചുകൊണ്ട്  അവർ കടന്നു കളയുമെന്നാണ്  കരുതിയത്. എന്നാൽ പോലീസുകാരെല്ലാം ചേർന്ന്    അവന്മാരെ വളഞ്ഞിട്ടു പിടിച്ചു. ഹെൽമെറ്റുമില്ല...മാസ്ക്കുമില്ല.... അങ്ങനെ കുരുവിക്കൂട് തലമുടിക്കാരന്റെയും   കണ്ണിറുക്കിക്കാണിച്ചവന്റെയും  കാര്യത്തിൽ  തീരുമാനമുണ്ടാകുമെന്നുറപ്പായി.   അല്ലാ...ഞാനിപ്പോ എന്താ ചെയ്യേണ്ടത് നിക്കണോ പോണോ...കുടവയറൻ പോലീസ്  കാറിന്റെ നമ്പർ നോട്ട് ചെയ്യുന്നതിനിടയിലല്ലേ കൊടുങ്കാറ്റു പോലെ കുരുവിക്കൂട് തലമുടിക്കാരനും കണ്ണിറുക്കിക്കാണിച്ചവനും പാഞ്ഞെത്തിയത്.  തോമസ്കുട്ടീ...വിട്ടോടാ...! എന്റെ ബുദ്ധി തെളിഞ്ഞു.  

ഞാനും വാഗണാറും നിശബ്ദമായി മുന്നോട്ടു നീങ്ങി മറ്റൊരു റോഡിലെത്തി. 

" അയ്യോ...ദേ വീണ്ടും പോലീസ്"!

ഇതുപേലെ രസകരമായ വാഹനാനുഭവങ്ങള്‍ നിങ്ങൾക്കുമുണ്ടോ? പ്രിയപ്പെട്ട വാഹനത്തെക്കുറിച്ചും എഴുതാം ചിത്രങ്ങൾ പങ്കുവയ്ക്കാം.. രചനകൾcustomersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക, പ്രസിദ്ധീകരണ യോഗ്യമായവ ഓട്ടോ ഗ്രാഫിൽ നൽകുന്നതായിരിക്കും...  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
മനോരമ ഒാൺലൈൻ ഓട്ടോ ബയോഗ്രഫി സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന ലേഖനങ്ങളുടേയും രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല