ADVERTISEMENT

അഞ്ചാം ക്ലാസ്സിൽ തുടങ്ങിയതാണ് ഒരു സൈക്കിളിന്  വേണ്ടിയുള്ള നെഞ്ചത്തടിയും നിലവിളിയും ഏതോ കൈനോട്ടക്കാരി പറഞ്ഞതിന് അനുസരിച്ചു കൊച്ചിനെ ശ്രദ്ധിക്കണം വാഹനം നിമിത്തം 'ഉവ്വാവ് വരും' എന്നൊക്കെ വിശ്വസിച്ചു അമ്മ  ഇപ്പോ വാങ്ങി തരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. അച്ഛൻ പിന്നെ സൂക്ഷ്മതയുടെ ഉപദേശത്തിൽ ഡോക്ടറേറ്റ് എടുത്തയാൾ ആയതു കൊണ്ട് എന്‍റെ കരച്ചിലും ഉഡായിപ്പും ഒന്നും നടന്നില്ല.

അതിനിടക്ക് വീടിനടുത്തുള്ള സുഹൃത്ത് ശരത് സൈക്കിളും എടുത്തു സർക്കസ് കളിച്ചു സ്കൂളിന് അടുത്തുള്ള കനാലിൽ വീണു വായേതാ മൂക്കേതാ എന്ന്  ഭൂതക്കണ്ണാടി വച്ച് നോക്കണ്ട പരുവത്തിൽ സ്കൂളിൽ നിന്ന് ഓട്ടോയിൽ കെട്ടുകാഴ്ച ആയി കൊണ്ടുവന്നത് വീട്ടുകാർ കണ്ടു. അതോടെ എന്‍റെ സൈക്കിൾ സ്വപ്നം ഏതാണ്ട് പഴയ പ്രിയദർശൻ പടം പോലെ ദുരന്ത പര്യവസായിയായി.

അങ്ങനെ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്രിസ്മസ് അവധി കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ പന്നിപ്പൂട പോലെ അങ്ങും ഇങ്ങും കിളുത്ത കുഞ്ഞി മീശയും  വച്ച് എന്‍റെ മോങ്ങല് കണ്ടു സഹിക്കാൻ വയ്യാതെ എനിക്ക് സൈക്കിൾ വാങ്ങി തരാൻ വീട്ടിൽ തീരുമാനിച്ചു, ഉൾപുളകം കൊണ്ട്  ഞാൻ തുള്ളിച്ചാടി. വെള്ളിയാഴ്ച സ്കൂൾ വിട്ടു വന്നിട്ടു വാങ്ങിത്തരാം എന്നു പറഞ്ഞു ക്ലാസ്സിലെ നമ്മടെ കുരുപ്പുകളോടെല്ലാം കാര്യം പറഞ്ഞു. ആ ദിവസം വന്നെത്തി. വെള്ളിയാഴ്ച  രാവിലെ മുതൽ ശരീരം ക്ലാസ്സിൽ ആണെങ്കിലും മനസ്സു മുഴുവൻ കൊമ്പുള്ള എംടിബി സൈക്കിൾ മാത്രം ആയിരുന്നു. ആരൊക്കെയോ  ക്ലാസ്സിൽ വന്നു ഓരോ വിഷയങ്ങൾ പഠിപ്പിച്ചു. എന്തോ എനിക്ക് ഒന്നും പിടികിട്ടിയില്ല. ഞാൻ അറിഞ്ഞതേയില്ല തിങ്കളാഴ്ച വരുമ്പോ സൈക്കിളിൽ വരും എന്നു വമ്പൻ ഗമയും പവറും ഇറക്കി മനസ്സിൽ 'കൂടെ ഉള്ള അവൻമാർക്ക് പലർക്കും ബിഎസ്എ എസ്‌എൽആർ ആയതുകൊണ്ട് എനിക്ക് എംടിബി മതി എന്നു ഉറപ്പിച്ചു, വെള്ളിയാഴ്ച വീട്ടിലോട്ടുള്ള 1.5 ഓട്ടം ജയന്തി ജനത എക്സ്പ്രസ്സിന്റെ  സ്പീഡിൽ ആയിരുന്നു.

അച്ഛൻ പറഞ്ഞതനുസരിച്ചു ഓട്ടോക്കാരൻ കൃഷ്‌ണൻകുട്ടി കൊച്ചാട്ടൻ ഓട്ടോയും കൊണ്ട് വന്നു. തൊട്ടടുത്തുള്ള കോന്നിയിൽ കടയുണ്ടെങ്കിലും 8 കിലോമീറ്റർ ഉള്ള പത്തനംതിട്ടയിലെ വലിയ സൈക്കിൾ ഷോപ്പ് ബസിൽ ഇരുന്നു പലവട്ടം കണ്ടു ഉറപ്പിച്ചിരുന്നു (അമല ബാറിന് കുറച്ചു നീങ്ങി) ദ്രതങ്ങ പുളകിതനായി ഞാൻ ഓട്ടോയുടെ അകത്തു ചാടിക്കയറി നേരെ പത്തനംതിട്ട പഴയ കെസ്ആർടിസി ബസ് സ്റ്റാന്റിനു എതിർവശത്തുള്ള സൈക്കിൾ ഷോപ്പിലെത്തി. എന്നെ കാത്തു സൈക്കിളുകൾ നിരന്നിരിക്കുന്നു ചുവപ്പ്, നീല കളറുകൾ ആണ്‌ കൂടുതൽ ഒന്നും നോക്കിയില്ല കൂട്ടത്തിലെ തിളക്കം കൂടുതൽ ഉള്ള നീല എംടിബി മുക്കാൽ സൈക്കിൾ അങ്ങു  വാങ്ങി, കൂടെ ഒരു പമ്പും. ഓട്ടോയുടെ അകത്തു എങ്ങനെയോ കുത്തി കയറ്റി  ഞാനും അച്ഛനും ഇരുന്നു വീട്ടിൽ എത്തി.

നമ്മുടെ ജംക്‌ഷന്റെ പേര് പന്നിക്കണ്ടം എന്നാണ്. ഞങ്ങളുടെ 30 വർഷം പഴക്കമുള്ള മോർടേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ഉദയൻ കൊച്ചാട്ടന്റെ പലചരക്കു കട, കുട്ടപ്പൻ കോച്ചാട്ടന്റെ മാടക്കട, രാമേന്ദ്രന്റെ ബാർബർ ഷോപ്പും പിന്നെ കലിംഗും വല്യ ബദാം മരവും ഇതാണ് ജംഗ്ഷൻ. റോഡിന്റെ വശങ്ങളിൽ പാടമാണ്. അങ്ങനെ വീട്ടിലെത്തി എനിക്കാണേൽ നിക്കാനും വയ്യ, ഇരിക്കാനും വയ്യ. ജംഗ്ഷനിൽ ക്ലബ്ബിലെ അന്നത്തെ മേജർ സെറ്റുകൾ എല്ലാം ഉണ്ട്. നമ്മള്  അന്ന് ബാല സെറ്റ് മാത്രമാണ്, നേരം സന്ധ്യയിരുന്നു കൂട്ടുകാരൻ ജോബിയുടെ സൈക്കിളിൽ ഇടങ്കാലിട്ടു പഠിച്ചതാണ് സൈക്കിൾ അഭ്യാസം. അത്യാവശ്യം ഓടിക്കും. എനിക്ക് സൈക്കിളും കൊണ്ട്  ക്ലബ്ബിന്റെ മുന്നിൽ കൂടി പോയെ മതിയാവൂ. മുറ്റത്തു അങ്ങോട്ടും കറങ്ങിയിട്ടു ഒരു സുഖമില്ല അമ്മ നിലവിളക്കു കത്തിച്ചു. എന്നോട് പറഞ്ഞു പോയി കുളിക്കെടാ ചെറുക്കാ എന്ന്. അച്ഛൻ വീടിനു അകത്തായിരുന്നു. ഇപ്പോ വരാം എന്നും പറഞ്ഞു ഞാൻ സൈക്കിളിൽ കയറി  ജംഗ്ഷൻ നോക്കി ഒരു പാച്ചില്‍. പാഞ്ഞു കലിംഗിന്റെ അടുത്തു എത്താറായി. ഒടുക്കത്തെ സന്തോഷമായിരുന്നു എനിക്ക്. ക്ലബ്ബിലെ ടീമ്സും നാട്ടിലെ ഓൾ ഇന്ത്യ റേഡിയോ ലോക്കൽ നിലയത്തിലെ കൊച്ചാട്ടന്മാരും എല്ലാം അവിടെ കരക്കമ്പി പറഞ്ഞു ഇരിപ്പുണ്ട്. ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്നെനിക്ക് മനസിലായില്ല ചരലിൽ കയറുന്നതു ഓർമയുണ്ട്, ഞാൻ സൈക്കിളുമായി കലിങ്കിനോട് ചേർന്നുള്ള ചീനി കണ്ടത്തിലേക്കു സർക്കസ്സുകാരന്റെ മെയ്‌വഴക്കത്തോടെ ജമ്പ് ചെയ്തു. പത്തടി പൊക്കം എന്തായാലും ഉണ്ട്. എന്തോ സംഭവിച്ചെന്ന് മനസിലായി തപ്പിതടഞ്ഞു എഴുന്നേറ്റു.

മുകളിലേക്ക് നോക്കി, പൊട്ടക്കിണറ്റിൽ വീണ പട്ടികുഞ്ഞിനെ നോക്കുന്ന സഹതാപത്തോടെ. മുകളിൽ മോശമല്ലാത്ത ആൾകൂട്ടം ആരൊക്കെയോ താഴേക്കു ചാടി എന്നെയും സൈക്കിളിനെയും പൊക്കിയെടുത്ത് അപ്പുറത്തു വഴിയിലൂടെ മുകളിൽ എത്തി. ബഹളം കേട്ടു അച്ഛനും അമ്മയും പെങ്ങളും ഓടിപിടിച്ചു വന്നു. ഇടത്തുകയ്യിൽ എന്തോ ഒരു അസ്വാഭാവികത തോന്നി. പക്ഷെ  നാണക്കേടിന്റെ മൂർദ്ധന്യത്തിൽ ഞാൻ അത് ഓർത്തില്ല. വീടിനു വെളിയിൽ എന്‍റെ നടത്തവും വരവും കണ്ടു അന്ധാളിച്ചു നിന്ന അമ്മൂമ്മയുടെ മുഖം ഇപ്പോഴും മനസിലുണ്ട്. അച്ഛനും അമ്മയും കൂടി നിർബന്ധിച്ചു ഒരു പച്ചമുട്ട കഴിപ്പിച്ചു. സൈക്കിളിന്റെ ഫോർക് എന്തോ ഒരു ചെറിയ രൂപ വ്യത്യാസം തോന്നിയിരുന്നു.

അങ്ങനെ കൈനോട്ടക്കാരി പറഞ്ഞത് പോലെ എനിക്ക് ട്രോഫി കിട്ടി, രാവിലെ ആയപ്പോഴേക്കും ഇടതു കയ്യിൽ നീരായി. സമയം കളഞ്ഞില്ല. കൃഷ്ണൻകുട്ടി ചേട്ടന്റെ ഓട്ടോയിൽ എന്നെ കോന്നി ടിവിഎം ആശുപത്രിയിൽ കൊണ്ടുപോയി. അപ്പുക്കുട്ടൻ ഡോക്ടറെ കണ്ടു എക്സ്റേ എടുത്തപ്പോൾ കയ്യിൽ ഒടിവില്ല, പക്ഷേ ചെറിയ പൊട്ടലുണ്ട്. അങ്ങനെ എന്‍റെ കയ്യിൽ പ്ലാസ്ട്രോ പാരീസിന്റെ ഉരുക്കു കവചം തന്നു ഓട്ടോയിൽ തിരിച്ചു പോകുമ്പോൾ കൃഷ്ണൻ കുട്ടി കൊച്ചാട്ടന്റെ മുഖത്ത് ഒളിപ്പിച്ചു വച്ച ചിരി പലപ്പോഴും പൊട്ടിവരുന്നതു ഞാൻ നിസ്സഹായനായി കണ്ടു.

അങ്ങനെ സൈക്കിൾ വാങ്ങി 10 മിനുറ്റിനുള്ളിൽ കൈ ഓടിച്ചവൻ എന്ന നാട്ടിലെ റെക്കോർഡ് എനിക്ക് കിട്ടി. സ്കൂളിൽ പറഞ്ഞു വച്ച വീരവാദങ്ങൾ എല്ലാം അമിട്ട് പൊട്ടും പോലെ പൊട്ടി. തിങ്കളാഴ്ച സ്കൂളിൽ പോവണ്ട എന്ന് അമ്മ പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷം കയ്യോടു ചേർത്തു കഴുത്തിന് കുറുകെ കരിപ്പൊട്ടി കയറു വലുപ്പത്തിൽ വലിയ പൂണൂലും അതിൽ താങ്ങി നിൽക്കുന്ന പ്ലാസ്റ്റർ  ഓഫ് പാരീസ് ഗദയുമായി ഞാൻ നാണം കേട്ടു ചൂളി പണ്ടാരമടങ്ങി സ്കൂളിൽ എത്തി. ഒരുമാതിരി ഞറു നക്കിയ ഞാലിപ്പൂവന്റെ അവസ്ഥയായിരുന്നു.

അവിടെ പടിയോടു ചേർന്ന് നിന്നിരുന്ന ബിനോയ്, ആൽവിൻ, അനൂപ്, അജിത്തു എന്നീ ദ്രോഹികൾ ചിരിച്ച ചിരി ഇന്നും ഓർമയുണ്ട്. പിന്നെ എന്നെ നോക്കി അപ്പുറത്തു വരി വരിയായി സൈക്കിളുകളും."എന്‍റെ ഫസ്റ്റ് റൈഡ് ഞാൻ വിചാരിച്ചപോലെ സെന്റ് ജോർജ് ഹൈസ്കൂളിലേക്കു ആയിരുന്നില്ല   ചീനിക്കണ്ടത്തിലേക്കു ആയിരുന്നു" സൂർത്തുക്കളെ. എന്‍റെ കൊമ്പുള്ള എംടിബി ഒരുപാടു കാലം ഞാൻ പൊട്ടും പൊടിയും തൊടാതെ  ഉപയോഗിച്ച്  കീ ചെയിൻ തരാതരം മാറി. വീലിന്റെ കമ്പികളിൽ പലനിറത്തിലുള്ള സ്ട്രോകൾ  ഇട്ടും. പഴയ ഓഡിയോ കാസെറ്റിന്റെ തിളങ്ങുന്ന വള്ളി ഹാൻഡിലിൽ ഇരുവശത്തും തൂക്കിയിട്ടും ഒക്കെ ഞാൻ അലങ്കാരപ്പണികളും നടത്തി. പിന്നീട് എപ്പോഴോ എരുത്തുലിൽ പഞ്ചറായി ഇരുന്ന എന്‍റെ ആദ്യ വാഹനം അച്ഛൻ അടുത്തുള്ള പെയിന്റ് പണിക്കാരൻ മാത്യുചായന് തുരുമ്പു വിലക്ക് കൊടുത്തു.

കാലങ്ങൾ കഴിഞ്ഞ് ആക്ടിവ വാങ്ങി. അത് കൊടുത്തു ഫസിനൊ വാങ്ങി. നിലവിൽ നാലു ചക്രമായി ഒരു ടിയാഗോ കുഞ്ഞും ഉണ്ട്. ടെക്നിക്കൽ സൈഡ് അറിവുകൾ കുറവാണെങ്കിലും വാഹനങ്ങളോടുള്ള ഇഷ്ടം മനസ്സിൽ 'എല്ലുപൊടി ' ഇട്ടു പരിപോഷിപ്പിച്ചത് കൊമ്പുള്ള നീല എംടിബി സൈക്കിൾ ആയിരുന്നു, എന്‍റെ ആദ്യത്തെ വാഹനം റൈഡ് ടു ചീനിക്കണ്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com