ADVERTISEMENT

വിവാഹം കഴിഞ്ഞ് ആദ്യ യാത്ര...ലൈസൻസ് കിട്ടിയ ശേഷം കാറുമായി ആദ്യ കറക്കം. ആ യാത്രയിൽ ഭർത്താവുമൊത്ത് നേരെ ചെളിൻകുണ്ടിൽ പോയി മുങ്ങാൻ പറ്റുമോ സക്കീർ ഭായിക്ക്? കാറിന്റെ സൈഡ് വിൻഡോ വരെ ചെളിയിൽ മുങ്ങുമ്പോൾ ഭർത്താവിനോട് തോമസൂട്ടി വിട്ടോടാ എന്നു പറയാൻ പറ്റുമോ സക്കീർ ഭായിക്ക്? ഒടുവിൽ നാട്ടുകാർ ചേർന്നു എലേലയ്യ ഏലയ്യ പാടി വണ്ടി പൊക്കി എടുക്കുമ്പോൾ നന്ദി പറയാൻ പോയി കാറ് വീണത്തിനെക്കാൾ വലുപ്പമുള്ള കുഴിലേക്ക് വീണു പോകാൻ പറ്റുമോ സക്കീർ ഭായിക്ക്? ബട്ട്  ഐ ക്യാൻ.

ഒരു ഏഴെട്ട് കൊല്ലം ടു വീലറിന്റെ പുറത്ത് അത്യാവശ്യം കയ്യാങ്കളിയെല്ലാം നടത്തി പതം വന്നപ്പോഴാണ് ഞങ്ങളുടെ വാഗൻ ആർ കുഞ്ഞിനെ കയ്യിലോട്ട് കിട്ടുന്നത്. അതും കല്യാണത്തിന് രണ്ട് മാസം മുൻപ്. പിന്നെ ഡ്രൈവിംഗ് സ്‌കൂളിലേക്ക്  ഒരോട്ടമായിരുന്നു.. എത്രയും പെട്ടെന്ന് ലൈസൻസ് കിട്ടണം, പറ്റിയാൽ കല്യാണം കഴിഞ്ഞു കെട്യോന്റെ വീട്ടിലേക്ക് കാറോടിച്ചു തന്നെ പോകണം. കൊച്ചിയിൽ നിന്നും മലപ്പുറത്തേക്ക് അത്യാവശ്യം ദൂരം ഉണ്ടല്ലോ. എന്നാൽ  പിന്നെ, ആദ്യത്തെ ലോങ്ങ് ഡ്രൈവ് അത് തന്നെ ആവട്ടെ.. എല്ലാം മനസ്സിൽ കുറിച്ചിട്ടു. ആഗ്രഹങ്ങൾ പറഞ്ഞപ്പോൾ ദിപിൻ കട്ട സപ്പോർട്ട്. പിന്നെന്താ, ഇതൊക്കെ നിനക്ക് ഈസി അല്ലെ? ചുമ്മാ പോയി ലൈസൻസ് എടുത്തിട്ട് വാ.

അങ്ങനെ ഡ്രൈവിംഗ് സ്‌കൂളിൽ എത്തി വളയം പിടിച്ചുള്ള പഠനം ആരംഭിച്ചു. കൂട്ടത്തിൽ വണ്ടിയുടെ ആന്തര, ബാഹ്യ അവയവങ്ങളെ പറ്റി ക്ലാസെടുക്കാൻ വന്ന ആശാനോട് ''സ്‌കൂട്ടർ ബാലൻസ് ഉണ്ടെങ്കിൽ ഡ്രൈവിംഗ് ഈസി ആകുമല്ലോ ല്ലേ'' എന്ന് ചോദിക്കാനും മറന്നില്ല. ഒരു മാസം കൊണ്ട് ഡിഗ്രി സർട്ടിഫിക്കറ്റ് നേടാം എന്ന പോലെ ഉള്ള സ്‌കീം ആയിരുന്നു.. ഒരു മാസം കൊണ്ട് ലൈസൻസ്! 

ആദ്യം 10  ദിവസം സിമുലേറ്ററിൽ പോയി..വിഡിയോ ഗെയിം കളിച്ചുള്ള പരിചയം പോലും ഇല്ലാത്ത എനിക്ക് അതൊരു വലിയ ബാലികേറാ മല ആയിരുന്നു. ബോർ പരിപാടി എന്ന്  സ്വയം വിശേഷിപ്പിച്ചു. പിന്നെ പയ്യെ പയ്യെ ആശാൻ സ്റ്റിയറിംഗ് കയ്യിൽത്തന്നു. വണ്ടി ഓടിക്കൽ അങ്ങ് പക്കാ ആയോ എന്ന് ചോദിച്ചാൽ ഇല്ല. എന്നാൽ കൃത്യം 33–ാം ദിവസം ലൈസൻസ് എന്ന കടമ്പ ചാടിക്കടന്നു. 10 ദിവസത്തോളം  ബൂസ്റ്റർ ഡോസ് എന്ന പോലെ ഒരു ഡ്രൈവിംഗ് ഇൻസ്ട്രക്റ്ററേയും കൂടെ കൂട്ടി കയറ്റം, ഇറക്കം, വളവ്, തിരിവ് ഒക്കെ ഓടിച്ചു പഠിച്ചു.

lakshmi-1
ലേഖികയും ഭർത്താവ് ദിപിനും

ഇനിയാണ് യഥാർഥ ഡ്രൈവിംഗ്. ലൈസൻസ് കിട്ടി എങ്കിലും വണ്ടി എടുക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ല. കല്യാണം ആണ് വരുന്നത് വല്ല അപകടവും വന്നാൽ എന്ത് ചെയ്യും.. കട്ട സെന്റിയുമായി 'അമ്മ.

നീ ഇതുവരെ ഓടിക്കാൻ പഠിച്ചില്ലേ? വണ്ടി എടുത്തോണ്ട് പോടീ എന്ന് പറഞ്ഞ് ചേട്ടൻ.

നിനക്ക് കോൺഫിഡൻസ് ഇല്ലേ, പിന്നെ എന്താ അങ്ങോട്ട് എടുക്ക്, കല്യാണം കഴിഞ്ഞാൽ നീ അല്ലെ വീട്ടിലേക്ക് കാറോടിക്കുന്നത് എന്ന് ഭാവി വരൻ. ആകെ ത്രിശങ്കുവിൽ പെട്ട അവസ്ഥയിൽ ഞാൻ.

''എന്തായാലും ഫൈനൽ തീരുമാനം അമ്മയിൽ നിന്നു വന്നു. കല്യാണത്തിന് വളരെ കുറച്ചു ദിവസമേയുള്ളൂ..നീ വണ്ടി എടുക്കണ്ട.. കല്യാണം കഴിഞ്ഞിട്ടത് എന്ത് വേണേൽ ആയിക്കോ.. '' അമ്മയുടെ തീരുമാനം കടുത്തത് ആയിരുന്നു. 

പട്ടിക്ക് മുഴുവൻതേങ്ങ കിട്ടിയ അവസ്ഥയിൽ ഞാൻ..കൂടെ ധൈര്യം വേണം വണ്ടി ഓടിക്കാൻ എന്ന് ക്ലാസ് എടുക്കാൻ കുറെ 'വേണ്ടപ്പെട്ടവരും' . അങ്ങനെ കല്യാണം കഴിഞ്ഞ് കെട്യോന്റെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തു പോകൽ എന്ന ആഗ്രഹം  ജനപിന്തുണയുടെ അഭാവത്തിൽ, ഏറെ വേദനയോടെ അങ്ങുപേക്ഷിച്ചു.

''സാരമില്ല..കല്യാണം കഴിഞ്ഞിട്ട് കൊച്ചിയിൽ വന്ന് തിരിച്ചു പോകുമ്പോൾ നീ ഡ്രൈവ് ചെയ്തോ..''ഒരു ആവശ്യവും ഇല്ലാതെ, ആത്മവിശ്വാസത്തിന്റെ ടോണിക് കുപ്പിക്കണക്കിന് പകർന്നുകൊണ്ട് ദിപിൻ  പറഞ്ഞു. അങ്ങനെ ആ സുദിനം വന്നു. കല്യാണം കഴിഞ്ഞ് ചെക്കൻ വീട്ടുകാരുടെ ഇന്നോവയിൽ മലപ്പുറത്തേക്ക് പോകുമ്പോൾ മനസ്സിൽ സൂക്ഷിച്ച ഡ്രൈവിംഗ് മോഹത്തെപ്പറ്റി ഒരു കാര്യവും ഇല്ലാതെ ഓർമിപ്പിച്ച് അവൻ എന്നെ സെന്റി ആക്കി.. മലപ്പുറത്തെ വീട്ടിലെ നാലു ദിവസങ്ങളിലും മനസ്സിൽ നിറഞ്ഞു നിന്നത് എന്റെ ഡ്രൈവിംഗ് മോഹമായിരുന്നു.

യഥാർഥ ട്വിസ്റ്റ് വരുന്നേയുള്ളൂ.

കല്യാണം കഴിഞ് നാലാം ദിവസം മലപ്പുറത്ത് നിന്നും കൊച്ചിയിലേക്ക്..എന്റെ മനസ്സിൽ ലക്ഷ്യം ഒന്നേയുള്ളൂ. തിരികെ പോക്ക് സ്വയം ഡ്രൈവ് ചെയ്തിട്ടാവണം. അങ്ങനെ വീടെത്തി. വീട്ടിലെ ചടങ്ങുകൾക്കും ഭക്ഷണത്തിനും ശേഷം വൈകിട്ട് ഒരഞ്ചു മണിയോടെ താക്കോൽ എടുത്ത് കാർ സ്റ്റാർട്ട് ആക്കി. ഏകദേശം 15  ദിവസത്തെ ഇടവേളക്ക് ശേഷം വണ്ടി എടുക്കുവാണ്. ''മോനെ കുട്ടാ ചതിക്കരുത് കേട്ടോ'' എന്ന് പറഞ്ഞ് ഫസ്റ്റ് ഗിയറിലിട്ട് വണ്ടി മുന്നേറ്റെടുത്തു.

'വാ കയറു നമുക്ക് കറങ്ങീട്ട് വരാം...ആത്മവിശ്വാസത്തിന്റെ പാരമ്യത്തിലുള്ള എന്റെ ആ വിളിയിൽ ദിപിൻ വീണു. വീട്ടുകാരുടെ വക നാലു സൈഡിൽ നിന്നും 'സൂക്ഷിക്കണേ' എന്ന മന്ത്രം പുറത്തേക്ക് വരുന്നതിന്റെ വേഗത്തിൽ അവനുമായി ഞാൻ മുന്നോട്ട് കുതിച്ചു. ആദ്യത്തെ രണ്ടു മൂന്നു മിനുട്ട് വണ്ടി സ്മൂത്തായി മുന്നോട്ട് പോയി.. പിന്നെ എടുത്തടിച്ചപോലെ ഒരു ചാട്ടം.

''എന്താ ഇത് ഞാൻ...ഞാൻ ഓടിക്കണോ '' ദിപിന്റെ ചോദ്യം ...ശെടാ..ഗിയർ മാറി പോയതാ... വേറെ ഒന്നുമില്ല..അതൊക്കെ ഇതിൽ പതിവല്ലേ?

അബദ്ധം പറ്റിയാലും ഡയലോഗ് അടിക്ക് ഉണ്ടോ നമ്മുടെ കയ്യിൽ വല്ല പഞ്ഞവും!

അങ്ങനെ വണ്ടി പാലാരിവട്ടം, മാമംഗലം വഴി ഇടപ്പള്ളിക്ക്.... ഉള്ളിൽ എനിക്ക് പേടി ഉണ്ടായിരുന്നു എങ്കിലും കൂടെ ഇരിക്കുന്നവന്റെ കോൺഫിഡൻസ് കണ്ടപ്പോൾ അതിന്റെ ഒരു ആവേശം ഡ്രൈവിംഗിലേക്കും കൊടുത്തു ഞാൻ. 

പെട്ടെന്ന് സൈഡ് എവിടെയോ തട്ടുന്ന പോലെ ശബ്ദം.. തട്ടുന്ന പോലെ അല്ല, തട്ടി. ഫുട്പാത്തിലെ സ്ലാബിൽ.. ഇടത് വശത്തെ വീൽ സ്ലാബിലിടിച്ച് ബലം പരീക്ഷിച്ച ശബ്ദാമാണ്. 

''നീ എന്തിനാ ഇത്രയും ഇടത്തേക്ക് ചേർത്ത് വണ്ടി ഓടിക്കുന്നത്.. അത് ശരിയല്ല'' ദിപിൻ  അത് പറഞ്ഞതും ഓ..ഞങ്ങൾ ഇടതന്മാർ അങ്ങനെയാ എന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് അവന്റെ വായടപ്പിച്ചു.

ജീവനിൽ കൊതി തോന്നി തുടങ്ങിയ കൊണ്ട് ആവാം ആശാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല.. കാറിനുള്ളിൽ കടുത്ത മൗനം.

അങ്ങനെ, അഞ്ചുമന ദേവി ക്ഷേത്രത്തിനു മുന്നിലൂടെ കാർ മുന്നോട്ട്, ഒബ്രോൺ മാളിന്റെ മുന്നിൽ നിന്നും ലെഫ്റ്റ് എടുക്കുമ്പോൾ മെയിൻ റോഡ് കേറാൻ ദിപിൻ പറഞ്ഞെങ്കിലും സർവീസ് റോഡാണ് ഉചിതമെന്നു പറഞ്ഞ ഞാൻ മൂന്നാം ഗിയറിൽ വണ്ടി വിട്ടു.

കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയിൽ റോഡാകെ ചെളി നിറഞ്ഞിരിക്കുന്നു. ടാറിട്ട `റോഡിൽ എങ്ങനെയാണു ചെളി നിറഞ്ഞത് എന്ന് ആലോചിച്ചു തുടങ്ങിയപ്പോഴേക്കും 'പെട്ട് മോനെ'. എന്ന പോലെ ഒരു ശബ്ദം. ഇടത് വശം നല്ലത് പോലെ ചേർന്ന് പോയ കാറിന്റെ വീൽ എന്തിലോ ഇടിച്ചു നിൽക്കുകയാണ്. എത്ര ശ്രമിച്ചിട്ടും വണ്ടി മുന്നോട്ട് പോകുന്നില്ല.

എന്താ പറ്റിയത് എന്ന അവന്റെ ചോദ്യത്തിന്. ഡോണ്ട് വറി എന്ന് ഉത്തരം നൽകി, റിവേഴ്‌സ് ഗിയറിട്ട് വണ്ടി പിന്നോട്ട്  എടുക്കാൻ ശ്രമിച്ചു. നാലിഞ്ച് പിന്നോട്ട് നീങ്ങിയ വണ്ടി എന്തിലോ ഇടിച്ചു നിന്നു. ശെടാ ഇനി എന്ത് ചെയ്യും എന്ന ഭാവത്തിൽ ഞങ്ങൾ പരസ്പരം നോക്കി. റോഡിലൂടെ പോയവരെല്ലാം ഞങ്ങളെയും വണ്ടിയെയും സഹതാപത്തോടെ നോക്കുന്നത് കണ്ടതോടെ, ഒരു കാര്യം മനസിലായി. ജാങ്കോ ..നീയറിഞ്ഞോ ഞാൻ പെട്ടു! 

ഡോർ തുറന്നു പുറത്തിറങ്ങി ഡ്രൈവിംഗ് സീറ്റിലേക്ക് വരാൻ ദിപിൻ ശ്രമിച്ചപ്പോഴാണ് ആ വലിയ സത്യം ഞങ്ങൾ മനസിലാക്കിയത്..വണ്ടി ഒരു വശം പാതി ഭാഗം വരെ ചെളിയിൽ താഴ്ന്നിരിക്കുകയാണ്. 'അതീവ ശ്രദ്ധയോടെ' ഇടത് വശം ചേർന്ന് പോയ ഞാൻ കേബിൾ ഇടുന്നതിനായി കുഴിച്ച വലിയ കുഴിയിലേക്കാണ് കാർ ഓടിച്ചു കയറ്റിയിരിക്കുന്നത്.. തുടർച്ചയായി പെയ്ത മഴയിൽ കുഴിയേതാ, റോഡേതാ എന്നറിയാത്ത അവസ്ഥ.

എന്ത് ചെയ്യും എന്ന് ആലോചിച്ച് ഇരുന്നപ്പോഴേക്കും, ആളുകൾ ഓടിക്കൂടി, റോഡിനു ബ്ലോക്ക് ഉണ്ടാക്കിയതിന്റെ പേരിലുള്ള ഹോൺ വിളികൾ ഒരു വഴിക്ക്... ഫസ്റ്റ് ഗിയറിൽ ഇട്ടെടുക്ക്, റിവേഴ്‌സ് ഇട്ടെടുക്ക് എന്നെല്ലാം പറഞ്ഞുള്ള ഉപദേശങ്ങൾ വേറൊരു വഴിക്ക്. ഓരോ ശ്രമം കഴിയുംതോറും ദിപിൻ ഇരിക്കുന്ന വശം കൂടുതൽ ചെളിയിലേക്ക് താഴ്ന്നു. നിസ്സഹായയായി ഡ്രൈവിംഗ് സീറ്റിൽ ഞാനും.

ആള് കൂടുന്നത് കണ്ടതോടെ 'തോമസ് കുട്ടി വിട്ടോടാ' എന്ന് പറയാനാണ് തോന്നിയത്. 

ഒരു വിധത്തിൽ രണ്ടും കൽപിച്ച് വണ്ടി ഓഫാക്കി ഞാൻ റോഡിലിറങ്ങി, ഡ്രൈവിംഗ് സീറ്റ് വഴി തന്നെ ദിപിനും പുറത്തിറങ്ങി.. നോക്കിയപ്പോൾ പാതി ഭാഗം ചെളിയിലേക്ക് താഴ്ന്ന് തോളും ചെരിച്ചിച്ചിട്ട് നിൽക്കുന്ന ലാലേട്ടനെ പോലെ നമ്മുടെ വണ്ടി. തലയിൽ നിന്നും പത്തിരുപത്തഞ്ചു കിളികൾ ഒരുമിച്ചു പറന്നു പോയി...

മൊബൈൽ എടുത്ത് ക്രെയിൻ സർവീസിനെ വിളിക്കുക എന്നതാണ് അടുത്ത പടി. ദിപിൻ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അതിനായുള്ള നീക്കങ്ങൾ തുടങ്ങി. 

അപ്പോഴാണ് ഒരു ആപ്പേ ഓട്ടോയിൽ ഒരു പറ്റം ദൈവ ദൂതന്മാർ പറന്നനിറങ്ങിയത്. ഓട്ടോ ഡ്രൈവറും നാലു യാത്രക്കാരുമാണ്. വണ്ടി നിർത്തി കാര്യം ചോദിച്ചു. ഞങ്ങൾ കാര്യം പറഞ്ഞ് തീരുമ്പോഴേക്കും കൂട്ടത്തിൽ ഒരാൾ കാർ കുഴിയിൽ നിന്നും പൊക്കാൻ ശ്രമിച്ചു. നടപ്പില്ല. പിടിവിട്ടതോടെ കാർ അതിനേക്കാൾ ശക്തിയിൽ കുഴിയിലേക്ക് ചെരിഞ്ഞു.

എന്നാൽ അങ്ങനെ വിട്ടു കളയാൻ അവർ ഒരുക്കമല്ലായിരുന്നു. ആ ഓട്ടോയിൽ വന്ന നാല് ചേട്ടന്മാരും ഒരുമിച്ചു നിരന്നു നിന്ന്‌ വണ്ടി പൊക്കാൻ തുടങ്ങി, ഉടനെ ദിപിനും ഓട്ടോ ഡ്രൈവറും കൂടെ ചേർന്നു. എന്നിട്ടും കാറിനു അനക്കമില്ലെന്നു കണ്ടപ്പോൾ അതിലെ പോയ രണ്ട് സ്‌കൂട്ടർ യാത്രികരും കൂടെ കൂടി. അങ്ങനെ നാട്ടുകാരുടെ ശുഷ്കാന്തിയുടെ വെളിച്ചത്തിൽ, വലിയൊരു കുഴിയിൽ നിന്നും കരകയറി. 

അടുത്തത് നന്ദി പ്രകാശനത്തിനുള്ള നിമിഷമാണ്. ആപത്തിൽ സഹായിച്ച ചേട്ടന്മാർക്ക് മണവാളൻ ആൻഡ് സൺസിന്റെ പേരിൽ അകൈതവമായ നന്ദി രേഖപ്പെടുത്താൻ പോയ ഞാൻ കാർ വീണതിനെക്കാൾ ആഴത്തിൽ ചെളിക്കുണ്ടിലേക്ക് ആഴ്ന്നിറങ്ങി.. അവിടെ നിന്നും എന്നെ രക്ഷിക്കാനും പേരറിയാത്ത ആ നല്ലവരായ മനുഷ്യർ വേണ്ടി വന്നു. അങ്ങനെ ഭർത്താവുമൊത്തുള്ള വിവാഹം കഴിഞ്ഞുള്ള ആദ്യ ഡ്രൈവിംഗ് അനുഭവം ദുരന്ത പര്യവസായിയായി. കൃത്യ സമയത്ത് ആ നിലവിളി ശബ്ദമിട്ടുകൊണ്ട്‌ പ്രിയ സുഹൃത്ത് ടെക്കി ഞാൻ വിളിക്കുന്ന ശ്രീനാഥ്‌ സംഭവസ്ഥലത്തെത്തി രണ്ടിനേയും ചെളിയടക്കം തൂക്കിയെടുത്ത് വീട്ടിലെത്തിച്ചു. വീട്ടിൽ വന്നു കയറിയപ്പോൾ ഉള്ള അമ്മയുടെ റിയാക്ഷൻ അത്രപെട്ടെന്നൊന്നും മറക്കാനാവില്ല.

തുടർന്ന് വണ്ടി ഓടിക്കാൻ ഒട്ടും ധൈര്യം ഇല്ലാതിരുന്ന എന്നെ ദിവസങ്ങൾക്കുള്ളിൽ പഴയ ആത്മവിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത് ദിപിൻ തന്നെയാണ്. കുഴിയിൽ വീണതോടെ വണ്ടിക്ക് ചെറിയ പണി കിട്ടി. പരിക്കുകൾ എല്ലാം ശരിയാക്കി വണ്ടി കയ്യിൽ കിട്ടിയപ്പോഴേക്കും ഞാനും ആത്മവിശ്വാസം വീണ്ടെടുത്തിരുന്നു. അങ്ങനെ മടക്കയാത്ര മലപ്പുറത്തേക്ക് സ്വയം ഡ്രൈവ് ചെയ്ത് ആ കാറിൽ തന്നെ.

പറ്റില്ല എന്ന് പറഞ്ഞ് പിന്മാറുന്ന ചില കാര്യങ്ങൾ നിനക്ക് പറ്റും എന്ന് പറഞ്ഞ് കൂടെ നിൽക്കാൻ ഒരാളുണ്ടെങ്കിൽ തീർച്ചയായും അത് ചെയ്തിരിക്കണം. എന്റെ അനുഭവമാണ്. തുടർന്നുള്ള ജീവിതത്തിൽ ആത്മവിശ്വാസം സ്വയം ആർജിക്കാൻ ഇത്തരം അനുഭവങ്ങൾ സഹായിക്കും. ആ സംഭവത്തിനു ശേഷം കാറുമായി വളരെ പെട്ടെന്ന് തന്നെ ഇണങ്ങി. ഇപ്പോഴും ഏറെ ഇണക്കത്തോടെ തന്നെ ഞങ്ങൾ യാത്ര തുടരുന്നു.

English Summary: Driving Experience By Lakshmi Narayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com