ADVERTISEMENT

‘‘കേറിനില്ല്, കേറിനില്ല്.. ഹോ അവിടെ ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ടായിട്ടാണോ വാതിൽക്കൽനിന്നു തിക്കിത്തിരക്കുന്നത്... ആ സ്കൂൾ ബാഗൊക്കെ ഊരി താഴെ വച്ചേ.. എസ്ടി പിള്ളേര് എല്ലാരും കാർഡ് എടുത്ത് കയ്യിൽവച്ചോ.. അങ്ങൊതുങ്ങി നില്ല്. എത്രയാള് കേറാനുള്ളതാ...’’ റോഡിലൂടെ സാമൂഹിക അകലം പാലിച്ച് ആളൊഴിഞ്ഞ സീറ്റുകളുമായി കാലിയടിച്ചു പോകുന്ന പ്രൈവറ്റ് ബസുകൾ കാണുമ്പോൾ പണ്ടു സ്കൂൾ, കോളജ് കാലത്തെ ഈ അശരീരികൾ  ഞാൻ നെടുവീർപ്പോടെ ഓർമിക്കും.

അതൊക്കെ ഒരു കാലം. ദൂരെനിന്ന് ബസ് വരുന്നതു കാണുമ്പോഴേ സ്റ്റോപ്പിൽ നിൽക്കുന്ന ഞങ്ങളുടെ ചങ്കിൽ ഡബിൾ ബെൽ മുഴങ്ങും. ബാഗ് തോളിൽ തൂക്കി, വണ്ടിക്കൂലിക്കുള്ള ചില്ലറപ്പൈസ കയ്യിൽ കരുതി ഓൺ യുവർ മാർക്ക്..റെഡി വൺ ടൂ ത്രീ....മോഡിലേക്കു മാറും. ബസ് സ്റ്റോപ്പ് എന്നൊക്കെ പറയുന്നത് ഒരു പ്രഹസനമാണ് സജീ. ഡ്രൈവർ ചേട്ടന് തോന്നുന്നിടത്തേ ചവിട്ടൂ. ചിലപ്പോൾ നിർത്തീ നിർത്തീലാ എന്ന മട്ടിൽ സ്റ്റോപ്പ് കഴിഞ്ഞും ബസ് കുറെ ദൂരം മുന്നോട്ടുപോകും. ഞങ്ങൾ താറാക്കൂട്ടം പോലെ ഒച്ചയിട്ടാർത്ത് പിന്നാലെ വച്ചുപിടിക്കും. ചിലപ്പോൾ ഇങ്ങനെ ഞങ്ങളെ കുറെദൂരം ഓടിച്ച് നിരാശരാക്കി ബസ് നിർത്താതെ പോകുന്ന ഏർപ്പാടുമുണ്ട്. കയ്യിൽ കിട്ടിയ കുടയോ വടിയോ എന്തെങ്കിലും ബസിനു നേരെ എറിഞ്ഞ് അരിശം തീർത്ത് പിള്ളേര് വീണ്ടും തിരികെ നടക്കും. പട്ടിക്കുട്ടി ചന്തയ്ക്കു പോയപോലെ മടങ്ങുന്ന ഞങ്ങളെ ഏന്തിവലിഞ്ഞുനോക്കി അപ്പോഴേക്കും ഏറെദൂരെയെത്തിയ ബസിലെ കിളി കൊഞ്ഞനം കുത്തുന്നുണ്ടായിരിക്കും. നിന്നെ നാളെയെടുത്തോളാമെന്നു മുതിർന്ന ക്ലാസിലെ ചേട്ടന്മാർ ബസിനെ നോക്കി വീരവാദം മുഴക്കുന്നതോടെ ആ എപ്പിസോഡ് അവസാനിക്കുകയായി. പിന്നെ അടുത്ത ബസിനുവേണ്ടിയുള്ള കാത്തിരിപ്പ്.  

ബസ് വന്നാൽ ഉന്തിത്തള്ളി, തിക്കിത്തിരക്കി, കമ്പിയിൽ തൂങ്ങി ഒറ്റശ്വാസത്തിന് അകത്തു കയറിപ്പറ്റിയാലേ സമാധാനമാകൂ. ചാളയടുക്കിയതുമാതിരി എല്ലാരും തിങ്ങിഞെരുങ്ങിയാണ് നിൽപ്. ബസിന്റെ മുന്നിൽ കത്തിച്ചുവച്ച ചന്ദനത്തിരിഗന്ധവും പിള്ളേരുടെ വിയർ‌പ്പുനാറ്റവും കൂടിക്കലർന്നൊരു പ്രത്യേക വാസനയുണ്ടെന്റമ്മച്ചീ.. മൂക്കത്തു പഞ്ഞിവയ്ക്കാൻ തോന്നും.  പെൺപിള്ളേരിൽ കുറെ പേർ ഡ്രൈവർ ചേട്ടന്റെ ഫാൻസായിരിക്കും. അവർ ബസിന്റെ മുൻഭാഗത്തുതന്നെ ആദ്യമേ നിലയുറപ്പിക്കും. ബോണറ്റിലെ ചൂടു പോലും സഹിച്ച് അവർ ചുള്ളൻ ഡ്രൈവറോട് സൊറ പറഞ്ഞുനിൽക്കും. റിയർ വ്യൂ മിററിലൂടെ കണ്ണും കരളും കൈമാറുന്ന വിദ്യയൊക്കെ പഠിച്ചിട്ടാണെന്നു തോന്നുന്നു ഡ്രൈവർ ചേട്ടൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പെൺപിള്ളേരും മോശമല്ല..

അപ്പോഴേക്കും ബസിലെ സ്റ്റീരിയോ ഉറക്കെ പാട്ടുപാടിത്തുടങ്ങും. ‘ലജ്ജാവതിയേ.. നിന്റെ കള്ളക്കടക്കണ്ണിൽ...’ ഡ്രൈവർ പിന്നെ വണ്ടിയോടിക്കുന്നത് രജനീകാന്ത് സ്റ്റൈലിൽ ആയിരിക്കും. ഫസ്റ്റിട്ട് സെക്കൻഡിട്ട് തേഡ് ഇടാതെ നേരെ ഫോർത്തിലേക്ക് ഗിയറിട്ട് ആക്സിലറേറ്ററിൽ ആഞ്ഞു ചവിട്ടി ഒരു വിടീലുണ്ട്. എന്റമ്മോ! കമ്പിയിൽ ഒറ്റക്കയ്യിൽ തൂങ്ങി നമ്മൾ പിമ്പിരിയാടിപ്പോകും. പിന്നെ വളവെടുക്കുമ്പോഴുണ്ടല്ലോ.. ഒട്ടും സ്പീഡു കുറയ്ക്കാതെ സ്റ്റിയറിങ്ങിൽ സർക്കസ് കാണിച്ച് പുള്ളീടെ ഒരു അഭ്യാസമുണ്ട്. ‌

രണ്ടു കയ്യും മുറുകെപ്പിടിച്ചില്ലെങ്കിൽ സീറ്റിലിരിക്കുന്നവൻ പോലും തെറിച്ചുപോകും. നടുവേദനയ്ക്കു ധന്വന്തരം കുഴമ്പും വാങ്ങി തൂങ്ങിപ്പിടിച്ചിരിക്കുന്ന ഏതെങ്കിലും അമ്മച്ചി അന്നേരം ഉച്ചത്തിൽ വിളിച്ചുകൂവും: ‘ ആരുടെ നെഞ്ചത്തോട്ടാണെടാ ഇങ്ങനെ ബെല്ലും ബ്രേക്കുമില്ലാതെ ചവിട്ടിവിടുന്നേ..’ അന്നേരം ആകെ ചമ്മിപ്പോകുന്ന ഡ്രൈവർ റിയർവ്യൂ മിററിലൂടെ പാളിനോക്കും. തന്റെ ആരാധികപെൺകൊടികൾ അതുകേട്ട് ഊറിച്ചിരിക്കുന്നതു കാണുമ്പോൾ പുള്ളീടെ പഞ്ചാരപ്പുഞ്ചിരി പഞ്ചറു വന്നപോലെയാകും. ചിലപ്പോൾ നൂറേ നൂറ്റിപ്പത്തേ നൂറേ നൂറ്റിപ്പത്തേ വേഗത്തിൽ പറപറക്കുമ്പോഴാകും ഏതെങ്കിലും പാവം സൈക്കിളുകാരനോ മറ്റോ കുറുകെവന്നുവീഴും. സകലദൈവങ്ങളെയും മനസ്സിൽ വിചാരിച്ച് ഡ്രൈവർ പിന്നെ ഒറ്റച്ചവിട്ടാണ്. എത്ര മുറുകെ പിടിച്ചുനിന്നാലും യാത്രക്കാർ മുന്നോട്ടാഞ്ഞു മൂക്കിടിച്ചു ചമ്മന്തിപ്പരുവമാകും. ‘ചാവാനാണെങ്കിൽ വേറെ വല്ല വണ്ടിക്കും മുന്നിൽ പോയി ചാടടോ’ എന്ന് ആ പാവം സൈക്കിളുകാരനെ നോക്കി ഡ്രൈവർ ചീറുന്നതോടെ രംഗം പെട്ടെന്നു ശാന്തമാകും.

അങ്ങനെയിരിക്കെയാണ് പ്രേംനസീറിന്റെ രംഗപ്രവേശം. ആര്.. നമ്മുടെ കണ്ടക്ടർ ചേട്ടൻ തന്നെ. പുള്ളിക്കെപ്പോഴും നസീറിന്റെ മരംചുറ്റി സ്റ്റൈലാണ്. ഓരോ കമ്പിക്കുചുറ്റും വട്ടംകറങ്ങി അപ്പുറമിപ്പുറമുള്ള പെൺപിള്ളേരെയൊക്കെ ഒന്നുമുട്ടിയുരുമ്മി, ചില്ലറ കൊടുക്കുമ്പോൾ ഉള്ളംകയ്യിലൊന്നു തൊട്ടുതലോടി.... കുഞ്ചാക്കോ ബോബനാണെന്നാണ് പുള്ളീടെ ഭാവം (നവോദയ അപ്പച്ചന്റെ പ്രായമാണെങ്കിലും). അപ്പോഴേക്കും അടുത്ത പാട്ട് തുടങ്ങുകയായി.. ‘കടമിഴിയിൽ കമലദളം..’ ബസിന്റെ ഏകദേശം മധ്യഭാഗത്തു കരുതിക്കൂട്ടി നിലയുറപ്പിക്കുന്നവർക്കു വേണ്ടി പ്രത്യേകം ഡെഡിക്കേറ്റ് ചെയ്തുകൊണ്ടുള്ള പാട്ടാണിത്. പിൻവാതിൽ വഴി കയറിയ ബോയ് ഫ്രണ്ടും മുൻവാതിൽ വഴി കയറിയ ഗേൾ ഫ്രണ്ടും ഒന്നു സ്വൈരമായി സൊള്ളാൻ‌ വേണ്ടി തിരഞ്ഞെടുക്കുന്നത് ബസിന്റെ ഈ മധ്യഭാഗമാണല്ലോ. ഡ്രൈവർ ഓരോ തവണ സഡൻ ബ്രേക്കിടുമ്പോഴും ഇരുവരുടെയും ഹൃദയം പടപടാന്നു മിടിക്കും.. ദൈവമേ കൂട്ടിയിടിക്കണേ.. കൂട്ടിയിടിക്കണേ.. സക്സസ്.... അപ്പോഴേക്കും അടുത്ത പാട്ട്... സാ സപ്പീയ.. സപപ്പ് സപ്പീയ.... കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ....

പിന്നെ വേറൊരു ടൈപ്പ് ഉണ്ട്. അവർ പരോപകാരം കോൺട്രാക്ട് എടുത്തവരാണ്. ഏതെങ്കിലും സീറ്റിൽ ആദ്യമേ ഇരിപ്പു പിടിക്കും. എന്നിട്ട് എല്ലാവരുടെയും ബാഗ് ചോദിച്ചുവാങ്ങി മടിയിൽ ബാഗുകളുടെ ഒരു ഏവറസ്റ്റ് ഉണ്ടാക്കും.. വേറൊരു കൂട്ടരുണ്ട്. ബസിൽ കയറിയാൽ അപ്പോൾ തന്നെ അവർക്ക് പഠിക്കാൻ മുട്ടും. ഏതെങ്കിലും ടെക്സ്റ്റ് ബുക്കെടുത്ത് ഒടുക്കത്തെ വായന... വേറെ ചിലർ ഉറക്കംതൂങ്ങികളാണ്. ബസ് മറിഞ്ഞാലും അവരെ ഉറക്കത്തിൽനിന്നെഴുന്നേൽപ്പിക്കാമെന്ന് വ്യാമോഹിക്കേണ്ട..

അങ്ങനെയോരോരുത്തരായി ഓരോ സ്റ്റോപ്പിൽ ഇറങ്ങിപ്പോകും. ഇറങ്ങുന്ന കാര്യം പറയുമ്പോൾ കിളിയുടെ സേവനം പ്രത്യേകം അനുസ്മരിക്കാതെ വയ്യ... ഒട്ടും സാമൂഹിക അകലം പാലിക്കുന്ന ടൈപ്പേ അല്ല ഈ കിളിവർഗം. തൊട്ടുഴിഞ്ഞ് ആശ്ലേഷിച്ച് ഇറക്കിവിട്ടില്ലെങ്കിൽ നമ്മള് പരിഭവിച്ചാലോ എന്നു വിചാരിച്ചിട്ടാണ്. ബസിൽ കയറുമ്പോഴും ഇവർ ചിലപ്പോൾ നമ്മെ വല്ലാതെയങ്ങു സഹായിച്ചുകളയും. തന്നെ കയറാൻ അറിയില്ലെന്നു കരുതിയാകാം കൈയ്യിൽ പിടിച്ചോ താങ്ങിപ്പിടിച്ചോ പെൺകുട്ടികളെ ബസിലേക്കു കയറ്റിവിടുന്ന ഇവരുടെ ആത്മാർഥതയ്ക്ക് ആരെങ്കിലും ഒരു അവാർഡ് കൊടുത്തേ മതിയാകൂ... പിന്നെ ഒരു കാര്യം. ചെറുപ്പക്കാരികളുമായ പെൺകുട്ടികൾക്കുമാത്രമാണ് കിളിയുടെ ഈ സ്നേഹസഹായം (ആണുങ്ങൾ പ്ലീസ് ഡോണ്ട് മിസണ്ടർസ്റ്റാൻഡ്) എന്താ ചെയ്യാ.. സ്നേഹം പെരുത്തുപെരുത്ത് ഒരു കിളിയുടെ രൂപത്തിൽ ഡോറിൽ നിൽക്കുകയല്ലേ...നമ്മളിറങ്ങിക്കഴിയുമ്പോൾ നീട്ടിയുള്ള ഒരു വിസിലടിയുണ്ട്... അപ്പോ നമ്മൾ തിരിഞ്ഞുനോക്കി മനസ്സിൽ പറയും, നാളെയും വരണേ ഈ വഴി ഈ തല്ലിപ്പൊളി വണ്ടിയും മേയ്ച്ചുകൊണ്ട്... (പിന്നെയും ചില കാര്യങ്ങൾ നമ്മൾ പല്ലിറുമ്മിക്കൊണ്ടുപറയും. ഇവിടെ എഴുതാൻ നിവൃത്തിയില്ലാത്തതുകൊണ്ട് മാന്യ വായനക്കാർ ഊഹിച്ചാൽ മതിയേ).

ഇപ്പോ ആലോചിക്കുമ്പോൾ വല്ലാതെ മിസ് ചെയ്യുന്നുണ്ട് അന്നത്തെ ബസ് യാത്രകൾ.. പഠിച്ചത് സർക്കാർ സ്കൂളിലായതുകൊണ്ട് സ്കൂൾ ബസിലൊന്നും കാര്യമായി യാത്ര ചെയ്യേണ്ട ഗതികേട് വന്നിട്ടില്ല. സ്കൂളിലേക്കും കോളജിലേക്കുമൊക്കെ പ്രൈവറ്റ്, ട്രാൻസ്പോർട്ട് ബസുകൾ മാറിമാറിക്കയറിത്തന്നെയാണ് യാത്ര ചെയ്തത്. ഓടുന്ന ബസിൽ ചാടിക്കയറുക, ഒറ്റക്കമ്പിയിൽ പിടിച്ച് വളവിലും തിരിവിലും ബാലൻസ് ചെയ്തുനിൽക്കുക, 

ഫുട്ബോർഡിൽ തൂങ്ങി യാത്ര ചെയ്യുക തുടങ്ങിയവയൊന്നും കോംപറ്റീഷൻ ഐറ്റമല്ലാതിരുന്നതിനാൽ ഗപ്പൊന്നും കിട്ടിയിട്ടില്ലെന്നു മാത്രം. പിന്നെ എല്ലാ ബസ് ചേട്ടന്മാരും ഇത്തരക്കാരാണെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ലാട്ടോ... കുറെയൊക്കെ ആ പ്രായത്തിന്റെ ഓരോ കൃസൃതികൾ.. അല്ലാതെ ഉമ്മറോ ജോസ് പ്രകാശോ കളിക്കാൻ വന്നവരെ ബാഗും കുടയും വച്ചുകുത്തി നല്ലപോലെ പഞ്ഞിക്കിട്ട വീരത്തികളെയും അറിയാം. എന്തായാലും ആളെ കുത്തിനിറച്ച് അടിച്ചുമിന്നിച്ച് ഹൗസ്ഫുൾ ആയി പാഞ്ഞുനടന്ന ബസുകൾക്ക് ഇങ്ങനെ ആളും ആരവവുമില്ലാത്തൊരു കഷ്ടകാലം വരുമെന്ന് ആരെങ്കിലും വിചാരിച്ചോ.. ഇനിയെന്നാണാവോ അന്നത്തെപ്പോലെ ബസ് യാത്രകളൊക്കെ ആസ്വദിച്ചുപോകാൻ കഴിയുക.

English Summary: Auto Biography By Riya Joy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com