ADVERTISEMENT

പണ്ട്, പപ്പായ്ക്ക് രണ്ടു വണ്ടികളുണ്ടായിരുന്നു; മഞ്ഞവണ്ടിയും നീലവണ്ടിയും. ‌തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. മഹീന്ദ്രയുടെ രണ്ട് പിക്കപ്പ് വാനുകൾ. അതുങ്ങളുടെ പ്രത്യേക തരത്തിലുള്ള  ഡിസൈൻ ഇപ്പോഴും ഓർമയിലുണ്ട്. വട്ടത്തിലുള്ള വലിയ െഹഡ്ൈലറ്റുകളായിരുന്നു. ഉണ്ടക്കണ്ണൻ വണ്ടികളെന്നാണ് അനിയനും ‍ഞാനും വിളിച്ചിരുന്നത്. ഡ്രൈവർ സീറ്റിനും കിളിയുടെ സീറ്റിനും നീളത്തിൽ എൻജിൻ. അതിനിടയിൽ ഗിയർ. എല്ലാവരും കൂടെ പോകുന്ന സമയത്ത് ബോണറ്റിന്റെ മണ്ടയ്ക്കായിരുന്നു എന്റെ ഇരിപ്പ്. 

മഞ്ഞ കുറച്ചു പഴയ വണ്ടിയായിരുന്നു. മൂത്തത് മഞ്ഞയായിരുന്നതുകൊണ്ട് അതെനിക്ക്, ഇളയ നീല അനിയന്. മെയിൽ റോഡിൽനിന്നു കുറച്ച് അകത്തേക്കു മാറിയുള്ളൊരു വീട്ടിലായിരുന്നു അന്ന് ഞങ്ങൾ താമസിച്ചിരുന്നത്. റോഡ‍ിൽനിന്നു കുത്തനെയുള്ള കയറ്റം കയറിയാൽ വീട്ടുമുറ്റത്തെത്താം. ചെറിയ മുറ്റമാണ്. രണ്ടു വണ്ടികൾ ഇടാനുള്ള സ്ഥലമൊന്നുമില്ല. അതുകൊണ്ട് റോഡിനടുത്തുള്ള മീത്തലെ വീട്ടിലായിരുന്നു വണ്ടികളുടെ കിടപ്പ്. ഒരിക്കൽ എവിടെയോ പോകാൻ എന്നെയും കൊണ്ടു പപ്പാ അവിടേക്കു ചെന്നു. ഏതു വണ്ടിയിലാണു കയറേണ്ടതെന്നു ചോദിച്ചപ്പോൾ ഉണ്ടക്കണ്ണൻ മഞ്ഞയിലേക്കാണു ഞാൻ കൈ ചൂണ്ടിയത്. 

പപ്പയുടെയും മമ്മിയുടെയും കല്യാണ ആൽബത്തിലും മഞ്ഞവണ്ടിയുണ്ട്. കുറെക്കാലം കഴിഞ്ഞപ്പോൾ മഞ്ഞ വണ്ടി വിറ്റു. കെഎൽ എന്നു തുടങ്ങുന്ന നമ്പർ വരുന്നതിനും മുൻപുള്ള വണ്ടിയായിരുന്നു അത്. നീലവണ്ടി ഓടിച്ചു പോകുന്നതിനിടെ ഒരിക്കൽ അതിന്റെ ടയർ ഊരിപ്പോയി. ഇരിട്ടി പാലത്തിൽവച്ച്. പപ്പാ പൊതുവേ പതുക്കയെ ഡ്രൈവ് ചെയ്യാറുള്ളൂ. മാത്രമല്ല, മക്കളെക്കാൾ കാര്യത്തിലായിരുന്നു പുള്ളിക്കാരൻ വണ്ടി നോക്കിയിരുന്നത്. ഞായറാഴ്ചകളിൽ എൻജിനകത്ത് െവള്ളമൊക്കെ ഒഴിക്കുന്നതു കാണാം. കുറെനേരം ഇട്ട് ഇരപ്പിക്കുകയും ചെയ്യും. 

അതെന്തിനായിരുന്നെന്ന് അന്നും ഇന്നും എനിക്കറിയില്ല. അങ്ങോട്ടുള്ള ഇഷ്ടം വണ്ടി തിരിച്ചും കാണിച്ചതുകൊണ്ടായിരിക്കും ടയർ ഊരിപ്പോയിട്ടും ഒന്നും പറ്റിയില്ല; പപ്പയ്ക്കും വണ്ടിക്കും. ഞാൻ ആദ്യമായി ഡ്രൈവിങ് സീറ്റിലിരുന്നതും സ്റ്റിയറിങ് പിടിച്ചതും അതിലാണ്. ഡ്രൈവറായിരുന്ന ദിനേശേട്ടൻ ഒരിക്കലെന്നെ മടിയിലിരുത്തി ഓടിച്ചു. അന്നു ചറപറ ഹോണടിക്കുന്നതിലായിരുന്ന എന്റെ ത്രില്ല്. പിന്നെയെപ്പോഴോ നീലവണ്ടിയും വിറ്റു. ആറു ടയറുള്ള ടാറ്റയുടെ മിനി ലോറിയാണു പിന്നെ വാങ്ങിയത്. 

െസക്കൻഡ് ഹാൻഡായിരുന്നു അത്. 609 എന്ന മോഡൽ. ചുവന്നത്. പവിയേട്ടനായിരുന്നു അതിന്റെ സാരഥി. ആ വണ്ടി പക്ഷേ, ഞങ്ങൾ അധികമൊന്നും കണ്ടിട്ടില്ല. അപ്പോഴേക്കും പപ്പാ വണ്ടിയോടിക്കൽ നിർത്തിയിരുന്നു. െവട്ടുകല്ല് പണിയിൽനിന്നു കല്ലടിക്കലായിരുന്നു അതിന്റെ പ്രധാനപ്പെട്ട പണി. കല്ലിന്റെ ഡിമാൻഡ് കുറഞ്ഞതും പണികളിൽ സമരം വന്നതും െഎഷറിനെയും പ്രതിസന്ധിയിലാക്കി. വണ്ടിപ്പണിയൊന്നും വല്യ ലാഭത്തിലല്ലാതായതോടെ അതും കൊടുത്തു.

ഹെർക്കുലീസിന്റെ സൈക്കിളായാലും മഹീന്ദ്രയുടെ പിക്കപ്പായാലും അതിനെ തൂത്തും തുടച്ചും മിനുക്കി വയ്ക്കുന്നതിലാണ് കാര്യം. വണ്ടിയെ അങ്ങോട്ടു സ്നേഹിക്കുമ്പോൾ അതു തിരിച്ചും സ്നേഹിക്കുമല്ലോ. അപ്പൻ ഡ്രൈവറായിരുന്നതുകൊണ്ടാണോ വീട്ടിൽ ചെറുപ്പം മുതൽ വണ്ടിയുണ്ടായിരുന്നതുകൊണ്ടാണോ എന്നറിയില്ല, എനിക്കിപ്പോഴും വണ്ടിയോടിക്കാൻ അത്ര വശമില്ല; ഡ്രൈവിങ് ലൈസൻസ് എടുത്തിട്ടുണ്ടെങ്കിലും.

English Summary: Writer Abin Joseph About His Vehicle Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com