Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം ആർ എഫ്: ഇരുചക്രവാഹന പരസ്യ ചുമതല ഡെന്റ്സുവിന്

mrf-logo

എം ആർ എഫിന്റെ ഇരുചക്രവാഹന ടയറുകളുടെ പരസ്യ, പ്രചാരണ ചുമതല ഡെന്റ്സു കമ്യൂണിക്കേഷൻസിന്. ഏജൻസിയുടെ ബെംഗളൂരു, ചെന്നൈ ശാഖകൾക്കാവും എം ആർ എഫ് ടയേഴ്സിന്റെ പരസ്യ ചുമതല. നിലവിൽ ജെ വാൾട്ടർ തോംപ്സൻ എന്ന ഏജൻസിയാണ് എം ആർ എഫിന്റെ ഇരുചക്രവാഹനങ്ങളുടെ പരസ്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. കമ്പനിയുടെ കോർപറേറ്റ്, യാത്രാവാഹന ടയർ വിഭാഗം പരസ്യങ്ങൾ ചെയ്യുന്നതു ലോവി ലിന്റാസാണ്. ഇപ്പോൾ വിപണിയിലുള്ളതിനൊപ്പം ഭാവിയിൽ എം ആർ എഫ് അവതരിപ്പിക്കുന്ന ഇരുചക്രവാഹന ടയറുകളുടെയും പരസ്യങ്ങൾ ഡെന്റ്സു കമ്യൂണിക്കേഷൻസാവും തയാറാക്കുക. നൈലോഗ്രിപ്(100 സി സിയും സ്കൂട്ടറുകൾക്കുള്ളതും), എൻ വി സീരീസ്(സാപ്പർ, മോ ഗ്രിപ്, 250 സിസി, 500 സി സി, സൂപ്പർ ബൈക്ക് എന്നിവയ്ക്കുളള റെവ് സെഡ്) വിഭാഗങ്ങളിലാണ് എം ആർ എഫിന്റെ ഇരുചക്രവാഹന ടയറുകൾ വിൽപ്പനയ്ക്കെത്തുന്നത്.

ഇരുചക്രവാഹന ടയർ വിഭാഗത്തിൽ വൻവികസന പദ്ധതിയാണ് എം ആർ എഫ് ടയേഴ്സിനുള്ളത്. നിലവിലുള്ള ശ്രേണി ശക്തമാക്കുന്നതിനൊപ്പം വിവിധ ബൈക്കുകൾക്കായി പ്രത്യേക ടയറുകൾ വികസിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. അപ്പോളൊ ടയേഴ്സ്, ജെ കെ ടയേഴ്സ്, കോണ്ടിനെന്റൽ, ടി വി എസ് ടയേഴ്സ് തുടങ്ങിയവരാണ് ഇരുചക്രവാഹന ടയർ നിർമാണത്തിൽ എം ആർ എഫിന്റെ പ്രധാന എതിരാളികൾ. ‘ദെയറീസ് എ ലോട്ട് റൈഡിങ് ഓൺ അസ്’, ‘എം ആർ എഫ് ശക്തി ലൈഫ് പ്ലസ്’, ‘എം ആർ എഫ് ടയേഴ്സ് ആൻഡ് സർവീസ്’, ‘റൈഡ് ദ് ത്രിൽ’ തുടങ്ങിയവയായിരുന്നു ടയർ വിഭാഗത്തിൽ എം ആർ എഫിന്റെ സമീപകാലത്തെ പരസ്യപ്രചാരണങ്ങൾ. നാൽപതുകളിൽ റബർ ബലൂൺ നിർമാതാക്കളായി പ്രവർത്തനം ആരംഭിച്ച എം ആർ എഫിന് ഇപ്പോൾ രാജ്യത്തെ മുൻനിര ടയർ നിർമാതാക്കൾക്കൊപ്പമാണു സ്ഥാനം. കൂടാതെ പെയിന്റ്, കളിപ്പാട്ടം, മോട്ടോർ സ്പോർട്സ്, ക്രിക്കറ്റ് പരിശീലനം തുടങ്ങിയ മേഖലകളിലും കമ്പനിക്കു സജീവ സാന്നിധ്യമുണ്ട്. 1952ൽ ടയർ നിർമാണം ആരംഭിച്ച എം ആർ എഫ് അറുപതുകളോടെ കയറ്റുമതിക്കും തുടക്കമിട്ടു. നിലവിൽ ഇന്ത്യയിൽ ആറു നിർമാണകേന്ദ്രങ്ങളാണ് എം ആർ എഫ് ടയേഴ്സിനുള്ളത്; 65 രാജ്യങ്ങളിൽ എം ആർ എഫിന്റെ ടയറുകൾ വിൽപ്പനയ്ക്കെത്തുന്നുമുണ്ട്.