Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡ് സുരക്ഷയ്ക്ക് 11,000 കോടി രൂപ

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടമരണങ്ങള്‍ കുറയ്ക്കുന്നതിനുമായി 11,000 കോടി രൂപ കേന്ദ്ര സർക്കാർ നീക്കിവെയ്ക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ റോഡ് സുരക്ഷാവാരം 27 ാം ആഴ്ചയ്ക്കു തുടക്കമിട്ട് ഇന്ത്യാഗേറ്റിൽ നിന്നും ആരംഭിച്ച റോഡിലെ സുരക്ഷിത നടത്തം (Road Safety Walk) പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകത്തു സംഭവിക്കുന്ന അപകടമരണങ്ങളിൽ 80 ശതമാനവും അവികസിത രാജ്യങ്ങളിലാണു സംഭവിക്കുന്നത്. റോഡ് ഇൻഫാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിലൂടെ ഇത്തരത്തിൽ സംഭവിക്കുന്ന അപകടമരണങ്ങളുടെ എണ്ണം കുറയ്ക്കാനാകും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 50 ശതമാനത്തോളം അപകടമരണങ്ങൾ കുറയ്ക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. അപകടങ്ങളുടെ പ്രധാന കാരണം ഡ്രൈവർമാരുടെ അനാസ്ഥയാണ്. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണവും കുറവല്ല. റോഡിന്റെ ദുരവസ്ഥ, വഴിയാത്രികരുടെ തെറ്റ്, വാഹനത്തിന്റെ കേടുപാടുകൾ എന്നിവയാണ് മറ്റു കാരണങ്ങൾ.

ഏറ്റവുമധികം അപകടമരണം സംഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് മുന്നിൽ. ഒരു വർഷം ശരാശരി 1,38,000 ആൾക്കാരാണ് രാജ്യത്ത് അപകടത്തിൽ മരിക്കുന്നത്. ഓരോ മണിക്കൂറിലും 56 റോഡപകടങ്ങളും 16 അപകടമരണങ്ങളും ഇന്ത്യയിൽ സംഭവിക്കുന്നു. ഓരോ നാലു മിനിട്ടിലും ഒരാൾ മരിക്കുന്നു! 2013 ൽ 486,476 റോഡപകടങ്ങളിലായി 137,572 മരണം സംഭവിച്ചപ്പോൾ 2014-ൽ 489,400 റോഡപകടങ്ങളിലായി 1,39,671 മരണം സംഭവിച്ചു. 493,474 പേർക്കാണ് പരുക്കേറ്റത്. അപകടത്തിൽ പെടുന്നവരിൽ 33 ശതമാനത്തോളം ആൾക്കാർ 15നും 24 നും ഇടയിൽ പ്രായമുള്ളവരാണ്. ഇത്രയും അധികം മരണങ്ങള്‍ രാജ്യത്തിന്റെ സമ്പത്ത് ഘടനയെ തന്നെയാണ് ബാധിക്കുന്നത്. അതുകൊണ്ട് സുരക്ഷിതമായ യാത്ര ഒരുക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

ജനുവരി 11 മുതൽ 17 വരെയാണ് ദേശീയ റോഡ് സുരക്ഷാവാരം ആചരിക്കുന്നത്. പൊതുജനങ്ങളെ റോഡ് സുരക്ഷയെക്കുറിച്ചു ബോധവാൻമാരാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ദേശീയ റോഡ് സുരക്ഷാവാരം എല്ലാ വർഷവും ജനുവരിയിലാണ് നടത്തുക. റോഡ് സുരക്ഷാ, ടൈം ഫോർ ആക്ഷൻ (road safety time for action) എന്ന പേരിൽ ഈ വർഷം ആചരിക്കും. ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രികരെ ഹെൽമറ്റ് ധരിക്കാൻ പ്രേരിപ്പിക്കുക, വഴിയാത്രികരോട് റോഡ് നിയമങ്ങൾ പാലിക്കുക എന്നിവയ്ക്ക് ഈ വർഷം മുൻഗണന നൽകുക.