മഹീന്ദ്രയുടെ പ്രീമിയം എസ് യു വി

Rexton 2017

പ്രീമിയം എസ് യു വി സെഗ്മെന്റിലേയ്ക്ക് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനത്തിന്റെ കൂടുതൽ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‍യോങിന്റെ റെക്സ്റ്റണിന്റെ പുതിയ മോഡലിനെയാണ് മഹീന്ദ്രയുടെ ലേബലിൽ കമ്പനി പുറത്തിറക്കുന്നത്. എസ് യു വിയുടെ രേഖാചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു. 2017 സോൾ ഓട്ടോഷോയിൽ സാങ്‌യോങ് പ്രദർശിപ്പിക്കുന്ന വാഹനത്തിന്റെ ഇന്ത്യൻ പേര് എക്സ്‌യുവി 700 എന്നാവും. ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് പുതിയ എസ് യു വി മത്സരിക്കുക. 

Rexton 2017

വൈ 400 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന എസ് യു വി 2018 ൽ മഹീന്ദ്ര ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നായിരിക്കും വികസിപ്പിക്കുക. പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായിട്ടാകും വൈ 400 എത്തുക. 4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുണ്ടാകും പുതിയ എസ് യു വിക്ക്.  നിലവിൽ വിപണിയിലുള്ള റെക്സണിനെ അപേക്ഷിച്ച് കാഴ്ചയിൽ കൂടുതൽ പ്രീമിയം ലുക്ക് പുതിയ എസ് യു വിക്കുണ്ടാകും. പുതിയ മുൻ–പിൻ ബംപറുകൾ, ബോഡിയുടെ നിറമുള്ള ക്ലാഡിങ്ങുകൾ, പുതിയ ഹെഡ്‌ലാമ്പുകൾ എന്നിവ വാഹനത്തിന്റെ പ്രധാന മാറ്റങ്ങളാണ്.

LIV 2 Concept

ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ, ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം എന്നിവ പുതിയ വാഹനത്തിലുണ്ട്. പെട്രോൾ ഡീസൽ പതിപ്പുകളിൽ വാഹനം ലഭ്യമായിരിക്കും. 2.0 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിന് 225 ബിഎച്ചിപി കരുത്തും 349 എൻഎം ടോർക്കും നൽകും. 2.2 ലീറ്റർ ടർബൊ ഡീസൽ എൻജിൻ 184 ബിഎച്ചിപി കരുത്തും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 2017 ലെ കൊറിയ സോൾ ഓട്ടോഷോയിൽ പ്രദർശിപ്പിക്കുന്ന വാഹനം ആ വർഷം തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലക്കുറവായിരിക്കും വൈ 400 എന്നാണ് പ്രതീക്ഷിക്കുന്നത്.