Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബാഗ്: 29 ലക്ഷം കാർ തിരിച്ചുവിളിച്ച് ടൊയോട്ട

നിർമാണപിഴവുള്ള എയർബാഗുകളുടെ പേരിൽ ലോക വ്യാപകമായി 29 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ടൊയോട്ട മോട്ടോർ കോർപറേഷൻ ഒരുങ്ങുന്നു. ജന്മാനാടായ ജപ്പാനു പുറമെ ചൈനയിലും ഓഷ്യാനിയ മേഖലയിലുമൊക്കെ ബാധകമായ പരിശോധനയിൽ സെഡാനായ ‘കൊറോള ആക്‌സിയോ’യും സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ആർ എ വി ഫോറു’മൊക്കെ ഉൾപ്പെടും. ഹോണ്ടയ്ക്ക് കൂടി ഓഹരി പങ്കാളിത്തമുള്ള കമ്പനിയായ തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകളിലെ ഇൻഫ്ളേറ്ററിന്റെ സാങ്കേതിക പിഴവാണ് ഈ പരിശോധനയ്ക്ക് അടിസ്ഥാനം.

ടൊയോട്ടയ്ക്കു പുറമെ ‘സുബാരു’ കാറുകളുടെ നിർമാതാക്കളായ ഫ്യുജി ഹെവി ഇൻഡസ്ട്രീസും മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷനും ട്രക്ക് നിർമാതക്കളായ ഹിനൊ മോട്ടോഴ്സും ചേർന്ന് 2.40 ലക്ഷത്തോളം വാഹനങ്ങളും ഇതേ കാരണത്താർ തിരിച്ചുവിളിച്ചു പരിശോധിക്കുന്നുണ്ട്.  ചൂട് സാഹചര്യങ്ങളിൽ നേരിടേണ്ടി വന്നാൽ എയർബാഗിലെ ഇൻഫ്ളേറ്റർ സ്വയം പൊട്ടിത്തെറക്കാനുള്ള സാധ്യതയാണ് തകാത്ത കോർപറേഷൻ ഉൽപന്നങ്ങളെ അപകടകാരികളാക്കുന്നത്. തകാത്ത നിർമിച്ചു നൽകിയ എയർബാഗുകൾ പൊട്ടിത്തെറിച്ച് കുറഞ്ഞത് 16 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്; ഇതിൽ ഏറെയും യു എസിലാണ്. ഇതേത്തുടർന്ന് തകാത്ത എയർബാഗുകളുടെ സാന്നിധ്യത്തിന്റെ പേരിൽ ലോകവ്യാപകമായി കോടിക്കണക്കിനു കാറുകളാണു വിവിധ നിർമാതാക്കൾ തിരിച്ചുവിളിച്ചു പരിശോധിച്ചത്. 

ഡ്രൈയിങ് ഏജന്റിന്റെ സാന്നിധ്യമില്ലാത്ത പക്ഷം തകാത്ത കോർപറേഷൻ എയർബാഗ് ഇൻഫ്ളേറ്ററായി ഉപയോഗിച്ചിരിക്കുന്ന അമോണിയം നൈട്രേറ്റ് അപകടകാരിയായി മാറുന്നെന്നാണു വിവിധ രാജ്യങ്ങളിലെ ട്രാൻസ്പോർട് അതോറിട്ടികൾ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞത്. മാത്രമല്ല നിലവിൽ കാറുകളിൽ ഘടിപ്പിച്ചിട്ടുള്ള 10 കോടിയോളം എയർബാഗുകൾ മാറ്റണമെന്നും വിവിധ രാജ്യങ്ങൾ നിർദേശം നൽകിയിരുന്നു. ഇത്തരത്തിൽ വിവിധ രാജ്യങ്ങൾ നൽകിയ നിർദേശം പാലിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇപ്പോൾ 31 ലക്ഷത്തിലേറെ കാറുകൾ തിരിച്ചുവിളിക്കുന്നതെന്നാണു ടൊയോട്ട അടക്കമുള്ള ജാപ്പനീസ് നിർമാതാക്കളുടെ വിശദീകരണം. 

പരിശോധന ആവശ്യമുള്ള വാഹനങ്ങളിൽ ഏഴര ലക്ഷത്തോളം ജപ്പാനിലാണെന്നു ടൊയോട്ട വെളിപ്പെടുത്തുന്നു. ഓഷ്യാനിയ, മിഡിൽ ഈസ്റ്റ് മേഖലകളിലും മറ്റു ചെറിയ വിപണികളിലുമായി 11.6 ലക്ഷം വാഹനങ്ങളാണു കമ്പനി തിരിച്ചുവിളിച്ചു പരിശോധിക്കുക. അതേസമയം, കമ്പനിയുടെ ഏറ്റവും വലിയ വിപണിയായ നോർത്ത് അമേരിക്കയിൽ വിറ്റ വാഹനങ്ങൾക്ക് ഈ പരിശോധന ബാധകമല്ലെന്നും ടൊയോട്ട വ്യക്തമാക്കുന്നു.

Your Rating: