Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരുവ തർക്കം: ആംഫിബിയസ് ബസ് കട്ടപ്പുറത്ത്

london-duck-tours

കരയിലും വെള്ളത്തിലും സർവീസ് നടത്താൻ ലക്ഷ്യമിട്ടു ജവഹർലാൽ നെഹൃ പോർട്ട് ട്രസ്റ്റ്(ജെ എൻ പി ടി) മുംബൈയിലെത്തിച്ച ആംഫിബിയസ് ബസ് ചുവപ്പുനാടയിൽ കുരുങ്ങി. മൂന്നു കോടി രൂപ വിലമതിക്കുന്ന ബസ്സിന് കസ്റ്റംസ് അധികൃതർ 223% ഇറക്കുമതി ചുങ്കം ചുമത്തിയതാണു പ്രശ്നമായത്; ഇതോടെ ബസ്സിന്റെ വില 9.2 കോടി രൂപയായി ഉയർന്നു. മുംബൈ തുറമുഖത്തു സർവീസ് ലക്ഷ്യമിട്ടാണു സ്വീഡനിൽ നിന്ന് പോർട്ട് ട്രസ്റ്റ് ഈ ബസ് ഇറക്കുമതി ചെയ്തത്. ഇറക്കുമതി ചുങ്ക നിർണയം സംബന്ധിച്ച വ്യവസ്ഥകളിലെ അവ്യക്തതയാണ് കരയിലും വെള്ളത്തിലും ഓടാൻ കഴിവുള്ള ബസ്സിനെ അനിശ്ചിതത്വത്തിലാക്കിയത്. 

വിദേശ നിർമിത ജലയാനത്തിന് സാധാരണ ഗതിയിൽ 40 ശതമാനത്തോളമാണ് ഇറക്കുമതി ചുങ്കം. അതേസമയം പൂർണതോതിൽ നിർമിച്ച വാഹനങ്ങൾക്ക് ബാധകമായ ഇറക്കുമതി ചുങ്കമാവട്ടെ 223 ശതമാനമാണ്. അധികവും വെള്ളത്തിൽ ഓടുന്നതിനാൽ ആംഫിബിയസ് ബസ് ജലയാന വിഭാഗത്തിൽപെടുമെന്നായിരുന്നു ഷിപ്പിങ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. എന്നാൽ ആംഫിബിയസ് ബസ്സിനെ പൂർണതോതിൽ നിർമിച്ച വാഹന ഗണത്തിലാണു കസ്റ്റംസ് പെടുത്തിയത്. ഇത്രയും ഉയർന്ന വിലയ്ക്കു ബസ് വാങ്ങി സർവീസ് നടത്തുന്നത് ആദായകരമാവില്ലെന്നു പോർട്ട് ട്രസ്റ്റും കരുതുന്നു. ഇതോടെ ഇറക്കുമതി നടപടികൾ പൂർത്തിയാക്കാതെ ആംഫിബിയസ് ബസ് പൊടിപിടിച്ചു കിടപ്പാണ്.

കാര്യങ്ങൾ ഇത്രത്തോളമെത്തിയ സാഹചര്യത്തിൽ ആംഫിബിയസ് ബസ്സിന് ഇറക്കുമതി ചുങ്കം പൂർണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ധനകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. വിനോദ സഞ്ചാരവും ജലഗതാഗതവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണു ജെ എൻ പി ടി ഈ ബസ് ഇറക്കുമതി ചെയ്തത് എന്നതു മുൻനിർത്തി ഇറക്കുമതി തീരുവ ഒഴിവാക്കി കിട്ടണമെന്നാണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കയച്ച കത്തിൽ കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഢ്കരി അഭ്യർഥിച്ചിരിക്കുന്നത്. മാത്രമല്ല, പോർട്ട് ട്രസ്റ്റിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആംഫിബിയസ് സർവീസ് തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Your Rating: