Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറക്കാം ‘മെയ്ഡ് ഇൻ ഇന്ത്യ’ വിമാനത്തിൽ

dornier-228 Dornier 228

രാജ്യത്തു പ്രാദേശിക വിമാനസർവീസുകൾക്ക് ഊർജം പകർന്ന്, തദ്ദേശീയമായി വികസിപ്പിച്ച ഡോർണിയർ പൊതുയാത്രാ വിമാനം സർവീസിനൊരുങ്ങുന്നു. പൂർണമായും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിർമിക്കുന്ന വിമാനം ഡോർണിയർ 228 അടുത്ത മാസം മുതൽ പറക്കാനാരംഭിക്കും. നേരത്തേ ജർമനിയിലെ ഡോർണിയർ കമ്പനിയുമായി ചേർന്ന് അതിർത്തിരക്ഷാസേനയുൾപ്പെടെയുള്ള സൈന്യത്തിനായി എച്ച്എഎൽ ഡോർണിയർ വിമാനങ്ങൾ നിർമിച്ചിട്ടുണ്ട്. 1985ൽ ആരംഭിച്ച ഈ സംയുക്ത സംരംഭത്തിൽ ഇതുവരെ 125ഓളം വിമാനങ്ങൾ എച്ച്എഎൽ നിർമിച്ചിട്ടുണ്ട്. ഇതു പുറത്തുനിന്നുൾപ്പെടെയുള്ള ഭാഗങ്ങൾ കൂട്ടിച്ചേർത്തു നിർമിക്കുന്നവയായിരുന്നു. ഇപ്പോൾ പൂർണമായും തദ്ദേശീയമായി നിർമിച്ച ഭാഗങ്ങളാണു യാത്രാ വിമാനത്തിനായി ഉപയോഗിക്കുന്നത്. 

വിമാനങ്ങൾ നിർമിച്ചു വിമാനക്കമ്പനികൾക്കു പാട്ടത്തിനു കൊടുക്കുകയാണ് എച്ച്എഎല്ലിന്റെ ലക്ഷ്യം. എയർ ഇന്ത്യയുടെ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എയർ ഇന്ത്യ 20 വിമാനങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 19 സീറ്റുകളുള്ളതാണു പുതിയ വിമാനം. ഇതു രണ്ടാം പ്രാവശ്യമാണ് എച്ച്എഎൽ യാത്രാ വിമാനങ്ങൾ നിർമിക്കുന്നത്. നേരത്തേ ബ്രിട്ടിഷ് കമ്പനിയുമായി സഹകരിച്ച് 44 സീറ്റുകളുള്ള എയ്റോ 748 എന്ന വിമാനങ്ങൾ എച്ച്എഎൽ നിർമിച്ചിരുന്നു. 1988ൽ ഇതിന്റെ നിർമാണം നിലച്ചിരുന്നു. ഇനി ഡോർണിയർ നിർമാണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എച്ച്എഎല്ലിന്റെ തീരുമാനം.

1970കളിലാണ് ജർമൻ കമ്പനിയായ ഡോർണിയർ വിമാന നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.  സർക്കാർ അനുമതി നേടി 1981ൽ ആദ്യ യാത്രാ വിമാനം പുറത്തിറക്കി. 1984ൽ ബ്രിട്ടിഷ്, അമേരിക്കൻ സിവിൽ ഏവിയേഷൻ അതോറിറ്റികളുടെ സർട്ടിഫിക്കേഷൻ നേടിയതോടെ വിമാനത്തിന് ആവശ്യക്കാരായി.  1983 മുതലാണ് എച്ച്എഎൽ ഡോർണിയറിന്റെ സാങ്കേതിക പങ്കാളിയായത്. 1985ൽ ആദ്യ വിമാനം എച്ച്എഎൽ നിർമിച്ചു. 2014 വരെ സൈന്യത്തിനും മറ്റുമായി  125 വിമാനങ്ങൾ നിർമിച്ചു.  1996 മുതൽ വിമാനം നിർമിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളും ഇന്ത്യയിൽത്തന്നെയായി. 

2014ൽ എച്ച്എഎൽ ഇന്ത്യൻ നേവിക്കു വേണ്ടി 1600 കോടി രൂപ മൂല്യമുള്ള 12 വിമാനങ്ങളുടെയും 2015ൽ ഇന്ത്യൻ എയർഫോഴ്സിനു വേണ്ടി 1090 കോടി രൂപയുടെ 14 വിമാനങ്ങൾക്കുള്ള ഓർഡറും നേടിയിരുന്നു. ഇപ്പോൾ ഉൽപാദിപ്പിക്കുന്ന വിമാനം ആദ്യത്തേതിനേക്കാൾ 350ലേറെ മാറ്റങ്ങളുള്ളതാണ്. അത്യാധുനിക സൗകര്യങ്ങളുള്ളതിനാൽ ഒരു പൈലറ്റ് മാത്രമായും സർവീസ് നടത്താം. ഇരട്ട എൻജിനുള്ള വിമാനത്തിൽ 19 പേർക്കു സഞ്ചരിക്കാം.  3739 കിലോഗ്രാമാണ് തൂക്കം. 6400  കിലോഗ്രാം ഭാരം വഹിക്കാനാകും. 16.56 മീറ്റർ നീളവും 16.97 മീറ്റർ ചിറകളവും 4.86 മീറ്റർ പൊക്കവുമുണ്ട്. ഗാരറ്റ് ടിപിഇ 331 എൻജിനുകളാണ് ഉപയോഗിക്കുന്നത്. മണിക്കൂറിൽ 519 കിലോമീറ്ററാണു പരമാവധി വേഗം. സാധാരണ ഭാരവും വഹിച്ചു 370 മുതൽ 413 വരെ കിലോമീറ്റർ വേഗത്തിൽ പറക്കാം. 

പ്രാദേശികപ്പറക്കൽ ഈ മാസം തന്നെ

രാജ്യത്തു വിമാനയാത്രാ ചരിത്രത്തിൽ പുതിയ അധ്യായത്തിനു തുടക്കം കുറിച്ച് 128 പ്രാദേശിക വിമാനയാത്രാ റൂട്ടുകൾക്കു കേന്ദ്ര സർക്കാർ അനുമതി നൽകി. ഈ മാസം തന്നെ മിക്ക റൂട്ടുകളിലും സർവീസ് ആരംഭിക്കും. എല്ലാവർക്കും വിമാനയാത്ര സാധ്യമാകുന്ന വിധത്തിൽ ഒരു മണിക്കൂർ യാത്രയ്ക്കു 2500 രൂപ ചെലവു വരുന്ന വിധത്തിൽ സർക്കാർ തയാറാക്കിയ പ്രാദേശിക വ്യോമഗതാഗത പദ്ധതി (ആർസിഎസ്) പ്രകാരമാണ് ഈ റൂട്ടുകൾ പ്രവർത്തിക്കുക. ഈ റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളിലെ പകുതി സീറ്റുകളെങ്കിലും ഒരു മണിക്കൂർ യാത്രയ്ക്കു 2500 രൂപ നിരക്കിൽ നീക്കി വെക്കണം. 

അലയൻസ് എയർ, സ്പൈസ്ജെറ്റ്, ടർബോ മേഘ, എയർ ഒഡീഷ, എയർ ഡക്കാൻ എന്നിവയാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്ന വിമാനക്കമ്പനികൾ. അലയൻസ് എയറിനു 15 റൂട്ടുകളും എയർ ഡക്കാന് 34 റൂട്ടുകളും എയർ ഒഡീഷയ്ക്ക് 50 റൂട്ടുകളും ആണ് അനുവദിച്ചിരിക്കുന്നത്. സ്പൈസ് ജെറ്റ് 18 റൂട്ടുകളിലും ടർബോ മേഘ 10 റൂട്ടുകളിലും സർവീസ് നടത്തും.

Your Rating: