Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ‘എക്സെന്റ്’ അവതരണം 20ന്

Hyundai Xcent Hyundai Xcent

ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ സബ് കോംപാക്ട് സെഡാനായ ‘എക്സെന്റി’ന്റെ പരിഷ്കരിച്ച പതിപ്പ് 20ന് വിപണിയിലെത്തും. ഹാച്ച്ബാക്കായ ‘ഗ്രാൻ ഐ ടെന്നി’ന്റെ നവീകരിച്ച പതിപ്പ് വിൽപ്പനയ്ക്കെത്തിയ പിന്നാലെയാണ് എൻജിൻ മാറ്റമടക്കമുള്ള പരിഷ്കാരങ്ങളോടെ ‘2017 എക്സെന്റി’ന്റെ വരവ്. ഫ്ളീറ്റ് ഓപ്പറേറ്റർമാർക്കു പകരം വ്യക്തിഗത ഉപയോക്താക്കളെയാണ് ‘2017 എക്സന്റി’ലൂടെ ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്. പ്ലാറ്റ്ഫോമിലോ വലിപ്പത്തിലോ മാറ്റമില്ലെങ്കിലും രൂപകൽപ്പനയിലും സാങ്കേതികതലത്തിലുമൊക്കെയുള്ള പരിഷ്കാരങ്ങളോടെയാവും ‘2017 എക്സെന്റ്’ എത്തുകയെന്നാണു സൂചന.

നവീകരിച്ച ഡാഷ്ബോഡ്, സെന്റർ കൺസോളിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും സപ്പോർട്ട് ചെയ്യുന്ന ഏഴ് ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവയാണ് കാറിന്റെ അകത്തളത്തിലെ പുതുമകൾ. നവീകരിച്ച ‘ഗ്രാൻഡ് ഐ ടെന്നി’നൊപ്പമെത്തിയ 1.2 ലീറ്റർ, സി ആർ ഡി ഐ ഡീസൽ എൻജിൻ ‘എക്സെന്റി’ന്റെ പരിഷ്കരിച്ച പതിപ്പിലും പ്രതീക്ഷിക്കാം. 74 ബി എച്ച് പിയോളം കരുത്തും 190 എൻ എം ടോർക്കുമാണ് ഈ ഡീസൽ എൻജിൻ സൃഷ്ടിക്കുക. ഇതിനു പുറമെ 1.2 ലീറ്റർ പെട്രോൾ എൻജിൻ സഹിതവും കാർ വിൽപ്പനയ്ക്കുണ്ടാവും; 82 ബി എച്ച് പി വരെ കരുത്താണ് ഈ എൻജിന്റെ ശേഷി. 

മാരുതി സുസുക്കിയുടെ ‘സ്വിഫ്റ്റ് ഡിസയർ’ വാഴുന്ന സബ് കോംപാക്ട് വിപണിയിൽ ടാറ്റ മോട്ടോഴ്സിന്റെ ‘ടിഗൊർ’ കൂടിയെത്തിയതോടെ മത്സരം കൂടുതൽ ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ നവീകരിച്ച ‘എക്സെന്റി’ന്റെ വില നിർണയത്തിൽ പ്രത്യേക ജാഗ്രത പുലർത്താൻ ഹ്യുണ്ടേയ് നിർബന്ധിതരാവും. പോരെങ്കിൽ ഏതാനും മാസത്തിനകം പുതുതലമുറ ‘സ്വിഫ്റ്റ് ഡിസയർ’ വിൽപ്പനയ്ക്കെത്തുമെന്നതും ഹ്യുണ്ടേയ് പരിഗണിക്കേണ്ടി വരും. പ്രതിമാസം ശരാശരി 25,000 — 28,000 കോംപാക്ട് സെഡാനുകളാണ് ഇന്ത്യയിൽ വിറ്റഴിയുന്നത്; ഇതിൽ 60 ശതമാനത്തോളം ‘സ്വിഫ്റ്റ് ഡിസയർ’ ആണെന്നാണു കണക്ക്. ഫോക്സ്വാഗൻ ‘അമിയൊ’, ഫോഡ് ‘ഫിഗൊ ആസ്പയർ’, ഹോണ്ട ‘അമെയ്സ്’, ടാറ്റയുടെ തന്നെ ‘സെസ്റ്റ്’ തുടങ്ങിയവയും ഈ വിഭാഗത്തിൽ മത്സരത്തിനുണ്ട്.