Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ യാത്രയ്ക്കൊരുങ്ങി ബി എം ഡബ്ല്യു മോട്ടോറാഡ്

bmw-g-310-r-auto-expo BMW G310R

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ മോട്ടോർ സൈക്കിൾ ബ്രാൻഡായ ബി എം ഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നു. ശിവപദ റേയെ കമ്പനിയുടെ മേധാവിയായും നിയോഗിച്ചു.. ഇന്ത്യയിൽ സ്വന്തം വിപണന ശൃംഖല സ്ഥാപിച്ചു സൂപ്പർ ബൈക്കുകൾ വിൽക്കാനാണു ബി എം ഡബ്ല്യു മോട്ടോറാഡിന്റെ പദ്ധതി. ആദ്യ ഘട്ടത്തിൽ അഹമ്മദബാദ്, ബെംഗളൂരു, മുംബൈ, പുണെ നഗരങ്ങളിലാണു ബി എം ഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ഡീലർഷിപ്പുകൾ സ്ഥാപിക്കുക. നിലവിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾ മുംബൈയിലും ന്യൂഡൽഹിയിലുമുള്ള ഷോറൂമുകൾ വഴിയായിരുന്നു വിൽപ്പന.

ചെന്നൈ ആസ്ഥാനമായ ടി വി എസ് മോട്ടോർ കമ്പനിയുമായി സഹകരിച്ചാണ് ബി എം ഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിലെത്തുന്നത്; 500 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള ബൈക്കുകളാണു ടി വി എസ്, ബി എം ഡബ്ല്യുവിനായി നിർമിച്ചു നൽകുക.  ബി എം ഡബ്ല്യു മോട്ടോറാഡിന്റെ ഇന്ത്യ പ്രവേശത്തിനായി ആരാധകർ ആവേശപൂർവം കാത്തിരിക്കുകയാണെന്ന് ബി എം ഡബ്ല്യു മോട്ടോറാഡ് ഏഷ്യ, ചൈന, പസഫിക്, ദക്ഷിണാഫ്രിക്ക മേഖല മേധാവി ഡിമിത്രിസ് റാപ്റ്റിസ് അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ബി എം ഡബ്ല്യു ഗ്രൂപ്പിന്റെ ഇന്ത്യൻ ഉപസ്ഥാപനത്തിന്റെ ഭാഗമായി ബി എം ഡബ്ല്യു മോട്ടോറാഡ് രൂപീകരിച്ചതായി പ്രഖ്യാപിക്കുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്പോർട്സ്, ടൂർ, റോഡ്സ്റ്റർ, ഹെറിറ്റേജ്, അഡ്വഞ്ചർ വിഭാഗങ്ങളിലായി പ്രീമിയം മോട്ടോർ സൈക്കിളുകളാവും കമ്പനി വിൽപ്പനയ്ക്കെത്തിക്കുക. 1,000 — 1,600 സി സി വിഭാഗത്തിലെ ബൈക്കുകൾ വിദേശത്തു നിർമിച്ച് ഇറക്കുമതി വഴിയാവും ഇന്ത്യയിലെത്തുക. ന്യൂഡൽഹിയിൽ 14.90 ലക്ഷം മുതൽ 28.50 ലക്ഷം രൂപ വരെയാവും വിവിധ മോഡലുകൾക്കു വിലയെന്നാണു സൂചന.. അതേസമയം, 500 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള ബൈക്കുകളുടെ വരവിനെക്കുറിച്ച് കമ്പനി സൂചനയൊന്നും നൽകിയിട്ടില്ല. ടി വി എസ് മോട്ടോറിന്റെ ഹൊസൂരിലെ ശാലയിൽ നിന്നാവും ഈ ബൈക്കുകൾ വിപണിയിലത്തുക. ടി വി എസ് നിർമിച്ചു നൽകുന്ന ‘ജി 310 ആർ’ ബൈക്കുകൾ നിലവിൽ ബി എം ഡബ്ല്യു ചില വിദേശ വിപണികളിൽ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്.

Your Rating: