Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പനയിൽ വൻവർധന ലക്ഷ്യമിട്ട് മഹീന്ദ്ര ഇലക്ട്രിക്

Mahindra E2O Mahindra E2O

പുതിയ സഖ്യങ്ങളും കൂട്ടുകെട്ടുകളുമൊക്കെ പ്രയോജനപ്പെടുത്തി ഇക്കൊല്ലം വൈദ്യുത വാഹന വിൽപ്പന മൂന്നിരട്ടിയായി വർധിപ്പിക്കാനാവുമെന്നു മഹീന്ദ്ര ഇലക്ട്രിക്കിനു പ്രതീക്ഷ. സ്വയം ഓടിക്കുന്നവർക്കായി കാറുകൾ വാടകയ്ക്കു നൽകുന്ന ‘സൂംകാറു’മായി മഹീന്ദ്ര ഇലക്ട്രിക് സഹകരണവും പ്രഖ്യാപിച്ചു.  പുതിയ മോഡലുകളുടെ അവതരണത്തിലാണു കമ്പനി കഴിഞ്ഞ വർഷം ശ്രദ്ധിച്ചതെന്നു മഹീന്ദ്ര ഇലക്ട്രിക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മഹേഷ് ബാബു അറിയിച്ചു. ഇക്കൊല്ലം സഞ്ചാര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾക്കാണു കമ്പനി പരിഗണന നൽകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

ബാറ്ററിയിൽ ഓടുന്ന ചെറുകാറായ ‘ഇ ടു ഒ പ്ലസ്’, സെഡാനായ ‘ഇ വെരിറ്റൊ’, യാത്രാ — ചരക്കു വാഹനമായ ‘ഇ സുപ്രൊ’ എന്നിവയാണു കമ്പനി കഴിഞ്ഞ വർഷം പുറത്തിറക്കിയത്. മൊത്തം 1,100 യൂണിറ്റോളമായിരുന്നു കമ്പനിയുടെ കഴിഞ്ഞ വർഷത്തെ വിൽപ്പന. ഫ്ളീറ്റ് മേഖലയിലേക്കും മറ്റും പ്രവർത്തനം വ്യാപിപ്പിക്കുന്നതോടെ ഇക്കൊല്ലത്തെ വിൽപ്പനയിൽ മൂന്നിരട്ടി വർധനയാണു പ്രതീക്ഷിക്കുന്നതെന്നു മഹേഷ് ബാബു അറിയിച്ചു. മലിനീകരണ വിമുക്തമായ സഞ്ചാര സാധ്യത കൂടുതൽ പേരിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു കമ്പനി ‘സൂംകാറു’മായി കൈകോർക്കുന്നത്. വാഹന മേഖലയിൽ ഇത്തരമൊരു സഹകരണം ഇതാദ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 

പരിസ്ഥിതിയോടും മറ്റും പ്രതിബദ്ധതയുണ്ടെങ്കിലും വാഹനങ്ങളുടെ ഉയർന്ന വിലയാണു വൈദ്യുത കാർ വാങ്ങാനെത്തുന്നവരിൽ പലരെയും നിരുത്സാഹപ്പെടുത്തുന്നത്. ‘സൂംകാറു’മായുള്ള പങ്കാളിത്തത്തിലൂടെ ഈ പ്രതിബന്ധത്തെ അതിജീവിക്കാനാവുമെന്നു കരുതുന്നതായി മഹേഷ് ബാബു അഭിപ്രായപ്പെട്ടു. ബെംഗളൂരു, ഡൽഹി, പുണെ നഗരങ്ങളിൽ വൈദ്യുത വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ ധാരാളം പേരെത്തുന്നുണ്ടന്നു  ‘സൂംകാർ’ സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഗ്രെഗ് മോറൻ വെളിപ്പെടുത്തി. മഹീന്ദ്രയുമായുള്ള സഹകരണത്തിലൂടെ 12 — 15 നഗരങ്ങളിൽ വൈദ്യുത വാഹന ലഭ്യത ഉറപ്പാക്കാനാണു ‘സൂംകാർ’ ലക്ഷ്യമിടുന്നത്. 

Your Rating: