Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ യാത്രാവാഹന വിൽപ്പന 30 ലക്ഷം പിന്നിട്ടു

139388753

ഇന്ത്യയിലെ യാത്രാ വാഹന വിൽപ്പന ഇതാദ്യമായി 30 ലക്ഷം യൂണിറ്റ് പിന്നിട്ടു. 2015 — 16നെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപ്പനയിൽ 9.23% വളർച്ചയാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ യാത്രാവാഹന വിൽപ്പന 30,46,727 യൂണിറ്റായിരുന്നെന്ന് രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാം’ വെളിപ്പെടുത്തി. 2015 — 16ൽ 27,89,208 യാത്രാവാഹനങ്ങൾ വിറ്റ സ്ഥാനത്താണിത്. 

യാത്രാവാഹനങ്ങൾക്കൊപ്പം യൂട്ടിലിറ്റി വാഹന, മോട്ടോർ സൈക്കിൾ, സ്കൂട്ടർ വിൽപ്പനയും 2016 — 17ൽ വർധന രേഖപ്പെടുത്തിയെന്നു ‘സയാം’ ഡപ്യൂട്ടി ഡയറക്ടർ ജനറൽ സുഗതോ സെൻ അറിയിച്ചു. യാത്രാവാഹന വിൽപ്പനയാവട്ടെ 30 ലക്ഷം യൂണിറ്റ് പിന്നിട്ടു പുതിയ റെക്കോഡും സ്ഥാപിച്ചു. യൂട്ടിലിറ്റി വാഹന, സെഡാൻ, ഹാച്ച്ബാക്ക് വിഭാഗങ്ങളാണു മികച്ച പ്രകടനം കാഴ്ചവച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. 

യൂട്ടിലിറ്റി വാഹന വിൽപ്പനയിൽ 2016 — 17ൽ 29.91% വളർച്ചയാണു കൈവരിച്ചത്. 2015 — 16ൽ 5,86,576 യൂട്ടിലിറ്റി വാഹനങ്ങൾ വിറ്റത് കഴിഞ്ഞ വർഷം 7,61,997 എണ്ണമായാണു വർധിച്ചത്. 2013 — 14ൽ ഈ വിഭാഗം കൈവരിച്ച 52% വിൽപ്പന വളർച്ച കഴിഞ്ഞാലുള്ള ഏറ്റവും മികച്ച നേട്ടമാണു കഴിഞ്ഞ വർഷം ലഭിച്ചതെന്നു സെൻ വെളിപ്പെടുത്തി. മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ ‘ക്രേറ്റ’, റെനോ ‘ഡസ്റ്റർ’, മഹീന്ദ്ര ‘സ്കോർപിയൊ’ തുടങ്ങിയവയാണ് എസ് യു വി വിഭാഗത്തിൽ മികച്ച പ്രകടനം നടത്തിയത്. 

ആഭ്യന്തര കാർ വിൽപ്പനയിൽ 3.85% വർധനയാണു കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 2015 — 16ൽ 20,25,097 കാർ വിറ്റത് കഴിഞ്ഞ വർഷം 21,02,996  ആയാണ് ഉയർന്നത്. യാത്രാവാഹന വിൽപ്പനയിൽ 2016 — 17ലും മാരുതി സുസുക്കി ഇന്ത്യ മേധാവിത്തം നിലനിർത്തി. മുൻവർഷത്തെ അപേക്ഷിച്ച് 10.59% വർധനയോടെ 14,43,641 കാറുകളാണു കമ്പനി വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് മോട്ടോറിന്റെ വിൽപ്പന 5,09,705 യൂണിറ്റാണ്; 2015 — 16നെ അപേക്ഷിച്ച് 5.24% അധികമാണിത്. വിൽപ്പനയിൽ 2015 — 16നെ 0.07% ഇടിവോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണു മൂന്നാം സ്ഥാനത്ത്; 2,36,130 വാഹനങ്ങളാണു കമ്പനി വിറ്റത്. 

ഹോണ്ട കാഴ്സിനെ പിന്തള്ള ടാറ്റ മോട്ടോഴ്സാണു നാലാം സ്ഥാനത്ത്; 1,72,504 കാറുകളാണു കമ്പനി വിറ്റത്(15.45% വർധന). 2015 — 16നെ അപേക്ഷിച്ച് 18.09% ഇടിവോടെ 1,57,313 കാറുകളാണ് അഞ്ചാം സ്ഥാനത്തുള്ള ഹോണ്ട വിറ്റത്. കഴിഞ്ഞ വർഷം 1,75,89,511 ഇരുചക്രവാഹനങ്ങളാണു രാജ്യത്തു വിറ്റത്; 2015 — 16ലെ വിൽപ്പനയായ 1,64,55,851 യൂണിറ്റിനെ അപേക്ഷിച്ച് 6.89% അധികമാണിത്.

Your Rating: