Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബുള്ളറ്റ്’ ബൈക്കുകൾ ബ്രസീലിലുമെത്തി

classic-350-redditch-red Royal Enfield Classic 350

ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് ബ്രസീലിൽ പ്രവർത്തനം ആരംഭിച്ചു. ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ് ബൈക്ക് വിതരണത്തിനായി നേരിട്ടു സ്ഥാപിക്കുന്ന രണ്ടാമത്തെ ഉപസ്ഥാപനമാണ് ആഗോളതലത്തിൽ നാലാമത്തെ വലിയ ഇരുചക്രവാഹന വിപണിയായ ബ്രസീലിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡ് ബ്രസീൽ എന്നു പേരിട്ട ഉപസ്ഥാപനം സാവോപോളോ നഗരഹൃദയത്തിൽ ‘ബുള്ളറ്റ്’ വിൽപ്പനയ്ക്കായി ഫ്ളാഗ്ഷിപ് സ്റ്റോറും തുറന്നിട്ടുണ്ട്. ബ്രസീലിലെ ഡീലർമാർക്കു ബൈക്ക് വിൽക്കുന്നതിനൊപ്പം വിപണന, വിൽപ്പനാന്തര സേവന ചുമതലകളും റോയൽ എൻഫീൽഡ് ബ്രസീലാവും നിർവഹിക്കുക.

രണ്ടു വർഷം മുമ്പ് 2015ലാണ് റോയൽ എൻഫീൽഡ് വിദേശത്ത് ആദ്യ ഉപസ്ഥാപനം തുറന്നത്. റോയൽ എൻഫീൽഡ് നോർത്ത് അമേരിക്ക എന്ന ഈ സംരംഭത്തിലൂടെ ലാറ്റിൻ അമേരിക്കയിലെ പ്രധാന ബൈക്ക് വിപണിയായ കൊളംബിയയിൽ ‘ബുള്ളറ്റ്’ സ്വന്തം ഇടം ഉറപ്പാക്കിയിട്ടുണ്ട്. സിംഗിൾ സിലിണ്ടർ എൻജിനുള്ള മൂന്നു മോഡലുകളാണ് റോയൽ എൻഫീൽഡ് ആദ്യഘട്ടത്തിൽ ബ്രസീലിലെത്തിച്ചിരിക്കുന്നത്: ‘ബുള്ളറ്റ് 500’, ‘ക്ലാസിക് 500’, ‘കോണ്ടിനെന്റൽ റേസർ ജി ടി’ എന്നിവയാണു നിലവിൽ ബ്രസീലിൽ ലഭിക്കുക. 

ബ്രസീലിൽ പ്രവേശിക്കുന്നതിൽ അതിയായ ആഹ്ലാദമുണ്ടെന്നു സാവോപോളോയിൽ റോയൽ എൻഫീൽഡ് ബ്രസീൽ അവതരണത്തിനിടെ റോയൽ എൻഫീൽഡ് പ്രസിഡന്റ് രുദ്രതേജ് സിങ് അഭിപ്രായപ്പെട്ടു. ലോകത്തിലെ മോട്ടോർ സൈക്കിൾ വിപണികളിൽ നാലാം സ്ഥാനത്തുള്ള ബ്രസീലിലെ വിപണന സാധ്യതകൾ പ്രയോജനപ്പെടുത്താനും ‘ബുള്ളറ്റി’നു പുതിയ ഉപയോക്താക്കളെ കണ്ടെത്താനും ലക്ഷ്യമിട്ടാണു കമ്പനിയുടെ വരവ്. ബ്രസീലിലെ ഇടത്തരം ബൈക്ക് വിപണിയിൽ ‘ബുള്ളറ്റി’ന് വിപുല സാധ്യതയാണു കൽപ്പിക്കപ്പെടുന്നതെന്നും സിങ് അഭിപ്രായപ്പെട്ടു. 

റോയൽ എൻഫീൽഡ് ബ്രസീൽ കൺട്രി മാനേജർ ക്ലൗഡിയൊ ജിയുസ്തിയുടെ നേതൃത്വത്തിൽ സാവോപോളോ ആസ്ഥാനമായിട്ടാവും റോയൽ എൻഫീൽഡിന്റെ ബ്രസീലിലെ പ്രവർത്തനങ്ങൾ. ബ്രസീലിൽ ‘ബുള്ളറ്റ്’ ശ്രേണിയുടെ വിപണനത്തിനും വിൽപ്പനയ്ക്കു പുറമെ കമ്യൂണിക്കേഷൻ, വാറന്റി, വിൽപ്പനാന്തര സേവനം തുടങ്ങിയവയൊക്കെ ജിയുസ്തിയുടെ ചുമതലയാവും.