Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനം കെട്ടിവലിച്ചു ഗിന്നസ് ബുക്കിൽ കയറിയ എസ്‌യുവി

porsche-caynne-a380 Porsche Cayenne

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ ‘എയർബസ് എ 380’ അനായാസം കെട്ടിവലിച്ചു പോർഷെ ‘കയീൻ’ പുതിയ ഗിന്നസ് റെക്കോഡ് സൃഷ്ടിച്ചു. പാരിസിലെ ചാൾസ് ഡെ ഗോൾ വിമാനത്താവളത്തിൽ എയർ ഫ്രാൻസിന്റെ ‘എയർബസ് എ 380’ വിമാനത്തെ 42 മീറ്റർ മുന്നോട്ടു നീക്കിയാണു ‘പോർഷെ കയീൻ’ ചരിത്രം തിരുത്തിയത്. ഏറ്റവും ഭാരമേറിയ വിമാനത്തെ വലിച്ചു നീക്കിയ പ്രൊഡക്ഷൻ വിഭാഗത്തിലുള്ള കാർ എന്ന ബഹുമതിയാണു ‘കയീൻ’ സ്വന്തമാക്കിയത്;  നിലവിലുള്ള റെക്കോഡിനെ അപേക്ഷിച്ച് 115 ടണ്ണിലേറെ ഭാരമാണു ‘കയീൻ’ നീക്കിയത്. റെക്കോഡിലേക്കുള്ള കുതിപ്പിൽ പോർഷെ ജി ബി ടെക്നീഷ്യനായ റിചാർഡ് പൈനായിരുന്നു സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽപെട്ട ‘കയീ’ന്റെ സാരഥി. 

porsche-caynne-a380-2 Porsche Cayenne

ഈ വിഭാഗത്തിൽ ഇതുവരെയുള്ള റെക്കോഡ് ‘കയീൻ എസ് ഡീസലി’ന്റെ പേരിലാണ്; 385 ബി എച്ച് പി വരെ കരുത്തും 850 എൻ എം ടോർക്കുമാണ് ഈ ‘കയീനി’ലെ എൻജിൻ സൃഷ്ടിക്കുന്നത്. റെക്കോഡ് തിരുത്തിയ ‘കയീൻ’ ആവട്ടെ ‘ടർബോ എസ്’ വിഭാഗത്തിൽനിന്നാണ്. വിമാനത്താവളത്തിലെ എൻജിനീയറിങ് ഹാങ്ങറിനൊപ്പം ‘എയർബസ് എ 380’ വിമാനവും ലഭ്യമാക്കിയാണ് ‘എയർ ഫ്രാൻസ്’ ഈ റെക്കോഡ് വേട്ടയിൽ പങ്കാളിയായത്. 10 ‘എയർബസ് എ 380’ വിമാനങ്ങളാണ് ‘എയർ ഫ്രാൻസി’നുള്ളത്. 3,000 ‘കയീൻ’ പാർക്ക് ചെയ്യാൻ സ്ഥലസൗകര്യമുള്ളതാണ് ‘എയർ ഫ്രാൻസി’ന്റെ 60,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഹാങ്ങർ. 

porsche-caynne-a380-1 Porsche Cayenne

മൊത്തം 73 മീറ്റർ നീളമുള്ള ‘എയർബസ് എ 380’ വിമാനത്തെ കെട്ടിവലിക്കാൻ വെറും 4.8 മീറ്റർ മാത്രം നീളമുള്ള ‘കയീൻ’ എത്തുമ്പോൾ ദാവീദും ഗോലിയാത്തുമായുള്ള വ്യത്യാസം സ്പഷ്ടമായിരുന്നു. ‘കയീ’ന്റെ ടോ ബാറിൽ ഘടിപ്പിച്ച പ്രത്യേക ടോയിങ് അറ്റാച്ച്മെന്റാണു വാഹനത്തെ വിമാനവുമായി ബന്ധിപ്പിച്ചത്. പരാതികളൊന്നുമില്ലാതെ ‘കയീൻ’ ചരിത്രദൗത്യം പൂർത്തിയാക്കിയെന്നായിരുന്നു പരീക്ഷണവേളയിൽ കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന പൈനിന്റെ പ്രതികരണം. റിയർവ്യൂ മിറർ നിറയെ ‘എയർബസ് എ 380’ വിമാനവുമായി നടത്തിയ പരീക്ഷണം രസകരമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപോക്താക്കളുടെ പ്രതീക്ഷകളെ കടത്തിവെട്ടുന്ന പ്രകടനം കാഴ്ചവയ്ക്കാൻ പോർഷെയുടെ കാറുകൾക്കു സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലണ്ടനിൽ നിന്നു പാരിസിലെക്ക് റോഡ് മാർമാണ് ഈ ‘കയീൻ’ എത്തിച്ചത്; ‘എയർബസ് എ 380’ കെട്ടിവലിച്ചു നീക്കി മികവു തെളിയിച്ച ശേഷം കാർ ലണ്ടനിലേക്കു മടങ്ങുന്നതും റോഡ് മാർഗമാവുമെന്ന് പൈൻ അറിയിച്ചു. പാരിസിലെ വിമാനത്താളത്തിൽ ‘കയീൻ’ കൈവരിച്ച അതുല്യനേട്ടം സ്റ്റുട്ഗർട്ടിൽ കാർ വികസിപ്പിച്ച സംഘത്തിനു കൂടി അവകാശപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.