Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊയോട്ട ‘ഫോർച്യൂണറി’നും ‘ക്രിസ്റ്റ’യ്ക്കും വില വർധന

toyota-fortuner-testdrive

മികച്ച വിൽപ്പനയുള്ള മോഡലുകളായ ‘ഇന്നോവ ക്രിസ്റ്റ’യുടെയും ‘ഫോർച്യൂണറി’ന്റെയും വില വർധിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) തീരുമാനിച്ചു. മേയ് ഒന്നു മുതൽ രണ്ടു ശതമാനത്തോളം വില വർധനയാണ് ഇരുമോഡലുകൾക്കും നിലവിൽവന്നത്.  അസംസ്കൃത വസ്തുക്കളുടെ വിലയേറിയതിനാലാണു വാഹന വില വർധിപ്പിക്കുന്നതെന്നാണു ടി കെ എമ്മിന്റെ വിശദീകരണം. അതേസമയം ‘ഇന്നോവ ക്രിസ്റ്റ’യും ‘ഫോർച്യൂണറും’ ഒഴികെയുള്ള മോഡലുകൾക്കു കമ്പനി വില വർധന പ്രഖ്യാപിച്ചിട്ടുമില്ല.

ലോഹങ്ങൾ അടക്കമുള്ള ഉൽപന്നങ്ങളുടെ വിലയിൽ നേരിട്ട വർധന വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നു ടി കെ എം ഡയറക്ടറും വിൽപ്പന — വിപണന വിഭാഗം  സീനിയർ വൈസ് പ്രസിഡന്റുമായ എൻ രാജ വിശദീകരിച്ചു. ഉൽപ്പാദന ചെലവിൽ നേരിടുന്ന വർധന കണക്കിലെടുത്താണു ചില മോഡലുകളടെ വില കൂട്ടാൻ കമ്പനി തീരുമാനിച്ചതെന്നും രാജ വ്യക്തമാക്കി. എസ് യു വിയായ ‘ഫോർച്യൂണറി’ന്റെ വിലയിൽ ഒരു ശതമാനവും എം പി വിയായ ‘ഇന്നോവ ക്രിസ്റ്റ’യുടെ വിലയിൽ രണ്ടു ശതമാനവും വർധനയാണു നിലവിൽ വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഡൽഹി ഷോറൂമിൽ 26.60 ലക്ഷം മുതൽ 31.86 ലക്ഷം രൂപ വരെയാണ് ‘ഫോർച്യൂണറി’ന്റെ വില. ‘ഇന്നോവ ക്രിസ്റ്റ’യ്ക്കാവട്ടെ 13.99 ലക്ഷം മുതൽ 21.19 ലക്ഷം രൂപ വരെയാണു വില. അതേസമയം ഹാച്ച്ബാക്കായ ‘എത്തിയോസ് ലിവ’, എൻട്രി ലവൽ സെഡാനായ ‘എത്തിയോസ്’, സെഡാനായ ‘കൊറോള’, പ്രീമിയം സെഡാനായ ‘കാംറി’ എന്നിവയുടെ വിലയിൽ ടി കെ എം വർധനയൊന്നും നടപ്പാക്കിയിട്ടില്ല.