Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയില്ല ഇന്ത്യയിൽ ഷെവർലെ

chevrolet Beat Chevrolet Beat

ഇന്ത്യയിലെ വാഹന വിൽപ്പന നിർത്തുകയാണെന്ന് യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് കമ്പനി(ജി എം). അതേസമയം കയറ്റുമതി മാത്രം ലക്ഷ്യമിട്ട് ഇന്ത്യയിൽ കാർ നിർമാണം തുടരുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഇന്ത്യൻ കാർ വിപണിയിൽ ദീർഘകാലം മുമ്പു തന്നെ പ്രവർത്തനം ആരംഭിച്ച വിദേശ വാഹന നിർമാതാണു ജി എം. കയറ്റുമതിക്കായി കാർ നിർമിക്കുന്ന തരത്തിലേക്കു ജി എം ഇന്ത്യയുടെ പ്രവർത്തനം പരിഷ്കരിക്കുകയാണെന്നാണു ജി എമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം. നിലവിലുള്ള ഷെവർലെ വാഹന ഉടമകൾക്ക് ആവശ്യമായ വിൽപ്പനാന്തര സേവനം ലഭ്യമാക്കുമെന്നു കമ്പനി വാഗ്ദാനം ചെയ്യുന്നു. വിൽപ്പന അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായും യൂണിയൻ നേതൃത്വവുമായും പ്രാദേശിക ഭരണകൂടവുമായുമൊക്കെ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

മഹാരാഷ്ട്രയിലെ തലേഗാവിലുള്ള ശാലയിൽ നിന്ന് മെക്സിക്കോയിലേക്കും മധ്യ, ദക്ഷിണ അമേരിക്കൻ വിപണികളിലേക്കുമാണു ജി എം കാർ കയറ്റുമതി നടത്തുന്നത്. ഗുജറാത്തിലെ ഹാലോലിലുള്ള ശാലയുടെ പ്രവർത്തനം കമ്പനി അടുത്തയിടെ അവസാനിപ്പിച്ചിരുന്നു. ഈ ശാല ചൈനീസ് പങ്കാളിയായ എസ് എ ഐ സി കോർപറേഷനും കൈമാറാനുള്ള ശ്രമങ്ങളും ജി എം നടത്തുന്നുണ്ട്. സാമ്പത്തിക മേഖലയിലെ പ്രകടനം മെച്ചപ്പെടുത്താനും ലഭ്യമായ വിഭവങ്ങളും അവസരങ്ങളും പരമാവധി നേട്ടത്തിനായി വിനിയോഗിക്കാനും ലക്ഷ്യമിട്ടാണു പ്രവർത്തനം പരിഷ്കരിക്കുന്നതെന്നാണു ജി എം ഇന്ത്യയുടെ നിലപാട്. ഇതിനു പുറമെ ദക്ഷിണ ആഫ്രിക്കയിലെ വാഹന നിർമാണ സൗകര്യം ജാപ്പനീസ് കമ്പനിയായ ഇസൂസു മോട്ടോഴ്സിനു കൈമാറാനും ജി എം തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക വിപണികളിൽ നിന്ന് ഈ വർഷാവസാനത്തോടെ ഷെവർലെ ബ്രാൻഡ് പിൻവലിക്കാനാണു ജി എം തയാറെടുക്കുന്നത്.

വ്യവസായ മേഖലയിലെ മാറ്റങ്ങൾക്ക് അനുസൃതമായി കമ്പനിയുടെ ബിസിനസിലും പരിഷ്കാരങ്ങൾ നടപ്പാക്കുകയാണെന്നു ജി എം ചെയർപഴ്സനും ചീഫ് എക്സിക്യൂട്ടീവുമായ മേരി ബാര വിശദീകരിച്ചു. ജി എമ്മിനെ കൂടുതൽ അച്ചടക്കവും ബിസിനസിൽ അതീവ ശ്രദ്ധയുമുള്ള കമ്പനിയായി മാറ്റാനാണു ശ്രമമെന്നും അവർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതി കഴിഞ്ഞ വർഷം മൂന്നിരട്ടിയായി വർധിച്ചിരുന്നു; വരും വർഷങ്ങളിലും ഈ മേഖലയിലാവും കമ്പനി ശ്രദ്ധയൂന്നുകയെന്നു ജി എം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ജി എം ഇന്റർനാഷനൽ പ്രസിഡന്റുമായ സ്റ്റീഫൻ ജെക്കോബി വെളിപ്പെടുത്തി.