Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹന നിർമാണം വിപുലീകരിക്കാൻ മഹീന്ദ്ര

Mahindra E2O Mahindra E2O

വൈദ്യുത പവർട്രെയ്ൻ സാങ്കേതികവിദ്യ വികസനത്തിനായി ഗണ്യമായ നിക്ഷേപം നടത്തുമെന്നു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). വൈദ്യുത വാഹനങ്ങളാവും ഭാവിയിലെ സഞ്ചാര സാധ്യതയെന്നും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി(ബി എസ് ഇ)നുള്ള ഫയലിങ്ങിൽ കമ്പനി വിലയിരുത്തുന്നു. വൈദ്യുത വാഹന പവർട്രെയ്ൻ നിർമാണ ശേഷിയിൽ വൻവർധന കൈവരിക്കാൻ ലക്ഷ്യമിട്ടാവും കമ്പനിയുടെ നിക്ഷേപം.

നിലവിലുള്ള വിവിധ മോഡലുകൾക്കു കമ്പനി നേരിട്ടോ ഉപസ്ഥാപനം മുഖേനയോ വൈദ്യുത വകഭേദം അവതരിപ്പിക്കുമെന്നും മഹീന്ദ്ര വ്യക്തമാക്കുന്നു. ഉപസ്ഥാപനമായ മഹീന്ദ്ര ഇലക്ട്രിക്കിന്റെ പ്രവർത്തന വിപുലീകരണത്തിനുള്ള സാധ്യതയിലേക്കാണു കമ്പനി വിരൽ ചൂണ്ടുന്നതെന്നാണു വിലയിരുത്തൽ. പുത്തൻ സാങ്കേതികവിദ്യയുള്ള പവർട്രെയ്നുകൾ ഗ്രൂപ് ഭാവിയിൽ പുറത്തിറക്കുന്ന വൈദ്യുത വാഹനങ്ങളിലും പ്രയോജനപ്പെടുത്തും. നിലവിൽ പ്രതിമാസം 200 വൈദ്യുത വാഹനങ്ങളാണു മഹീന്ദ്ര നിർമിക്കുന്നത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പ്രതിമാസ ഉൽപ്പാദനം 5,000 യൂണിറ്റോളമായി ഉയർത്താനാണു മഹീന്ദ്ര ലക്ഷ്യമിടുന്നത്. 

കൂടാതെ നിലവിൽ ‘ഇ ടു ഒ പ്ലസ്’, ‘ഇ വെരിറ്റൊ’, ‘ഇ സുപ്രൊ തുടങ്ങി മോഡലുകൾ മാത്രമാണു വൈദ്യുത വാഹന വിഭാഗത്തിൽ മഹീന്ദ്രയ്ക്കുള്ളത്. ഈ ശ്രേണി വിപുലീകരിക്കുമെന്നു മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ബെംഗളൂരുവിലെ ഗവേഷണ, വികസന കേന്ദ്രത്തിൽ ഇരുനൂറോളം എൻജിനീയർമാരെയാണു വൈദ്യുത വാഹന സാങ്കേതികവിദ്യ വികസനത്തിനായി നിയോഗിച്ചിരിക്കുന്നത്.