Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കോഡ വരും ബാറ്ററിയിൽ ഓടുന്ന സ്പോർട്സ് കാറുമായി

skoda-logo

പൂർണമായും ബാറ്ററിയിൽ ഓടുന്ന സ്പോർട് കാർ പുറത്തിറക്കുമെന്ന് ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ. ആഗോളതലത്തിൽ കമ്പനി അവതരിപ്പിക്കുന്ന അഞ്ച് വൈദ്യുത വാഹനങ്ങളിലൊന്ന് ഈ സ്പോർട്സ് കാറാവുമെന്നും സ്കോഡ വ്യക്തമാക്കി. മിക്കവാറും 2025ൽ ഈ സ്പോർട്സ് കാർ ലോക വിപണികളിൽ വിൽപ്പനയ്ക്കെത്തുമെന്നാണു സ്കോഡ നൽകുന്ന സൂചന.

ഫോക്സ് വാഗൻ ഗ്രൂപ്പിൽ വ്യാപകമായി ഉപയോഗിക്കാൻ ലക്ഷ്യമിടുന്ന എം ഇ ബി ഇലക്ട്രിക്കൽ ആർക്കിടെക്ചർ പ്ലാറ്റ്ഫോം അടിത്തറയാക്കിയാവും സ്കോഡ വൈദ്യുത സ്പോർട്സ് കാർ സാക്ഷാത്കരിക്കുക. ഇതുവഴി കരുത്തിലും മൊത്തത്തിലുള്ള ഡൈനമിക്സിലും വൈവിധ്യം കൈവരിക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. മൊത്തത്തിലുള്ള ഭാരം കുറയ്ക്കാനായി ഒറ്റ വൈദ്യുത മോട്ടോർ കരുത്തേകുന്ന സ്പോർട്സ്കാറിന് റിയർ വീൽ ഡ്രൈവ് ലേ ഔട്ടാണു സ്കോഡ പരിഗണിക്കുന്നത്. 

വൈദ്യുത സ്പോർട്സ് കാർ അവതരണത്തിനായി സമയക്രമമൊന്നും സ്കോഡ നിശ്ചയിച്ചിട്ടില്ല. അതേസമയം ‘സിറ്റിഗൊ’യുടെ വൈദ്യുത വകഭേദം 2019ൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഇതിനു പുറമെ  ‘വിഷൻ’ എസ് യു വിയുടെ ഇ പതിപ്പും ഷാങ്ഹായി മോട്ടോർഷോയിൽ സ്കോഡ പ്രദർശിപ്പിച്ചിരുന്നു; 2020ൽ ഈ മോഡൽ വിപണിയിലെത്തിക്കാനാണു കമ്പനിയുടെ ശ്രമം. നിർദിഷ്ട സ്പോർട്സ് കാർ അരങ്ങേറ്റം കുറിക്കും മുമ്പു മറ്റൊരു വൈദ്യുത എസ് യു വി കൂടി സ്കോഡ വിൽപ്പനയ്ക്കെത്തിക്കുമെന്നാണു സൂചന. ചുരുക്കത്തിൽ ബാറ്ററിയിൽ ഓടുന്ന എസ് യു വി ശ്രേണി വിപുലീകരണത്തിനാണു സ്കോഡ പ്രഥന പരിഗണന നൽകുന്നത്. 

പുതിയ സ്പോർട്സ് കാറിനായി 1970കളിൽ ഉൽപ്പാദനം ആരംഭിച്ച ‘110 ആർ’ സ്പോർട്സ് കൂപ്പെയുടെ രൂപകൽപ്പനയാണു സ്കോഡ പരിഗണിക്കുന്നത്. പ്രവർത്തനക്ഷമത മാത്രമാണു സ്കോഡയുടെ മുഖമുദ്രയെന്ന് കമ്പനിയുടെ സാങ്കേതിക വിഭാഗം മേധാവി ക്രിസ്ത്യൻ സ്ട്രൂബ് വാദിക്കുന്നു. കമ്പനിയുടെ 120 വർഷം നീണ്ട ചരിത്രത്തിൽ വികാരങ്ങൾക്കാണു കമ്പനി മുൻഗണന നൽകിയിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.