Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തായ്‌ലൻഡിൽ നിർമാണശാല തുറക്കാൻ ഹാർലി

Harley Davidson

ഏഷ്യയിലെ പ്രധാന വാഹന വ്യവസായ കേന്ദ്രമായ തായ്‌ലൻഡിൽ പുതിയ നിർമാണശാല സ്ഥാപിക്കുമെന്നു യു എസ് ബ്രാൻഡായ ഹാർലി ഡേവിഡ്സൻ. ബാങ്കോക്കിനു തെക്കുകിഴക്കായുള്ള റയോങ് പ്രവിശ്യയിലെ നിർദിഷ്ട ശാലയ്ക്കുള്ള മുതൽമുടക്ക് സംബന്ധിച്ചു കമ്പനി സൂചനകളൊന്നും നൽകിയിട്ടില്ല. അതിനിടെ ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിലെ വിപണന സാധ്യത മുതലെടുക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തോടു പക്ഷേ യു എസിലെ തൊഴിലാളി യൂണിയനുകൾ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഏഷ്യ പസഫിക് മേഖലയിൽ മികച്ച വിൽപ്പനയാണു കമ്പനി കൈവരിച്ചതെന്നു ഹാർലി ഡേവിഡ്സൻ പബ്ലിക് റിലേഷൻസ് മാനേജർ കാറ്റി വിറ്റ്മോർ അറിയിച്ചു. എന്നാൽ വിൽപ്പനയുടെ കൃത്യമായ കണക്കുകൾ വെളിപ്പെടുത്താൻ അവർ സന്നദ്ധയായില്ല. തായ്‌ലൻഡിലെ നിർദിഷ്ട ശാല പ്രവർത്തനക്ഷമമാവുന്നത് ആസിയാൻ മേഖലയിലും ചൈനീസ് വിപണിയിലും കൂടുതൽ പ്രതികരണാത്മകമാവാനും മത്സരക്ഷമത കൈവരിക്കാനും കമ്പനിയെ സഹായിക്കുമെന്ന് വിറ്റ്മോർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ മേഖലയിലെ ഉപയോക്താക്കൾക്ക് താങ്ങാവുന്ന വിലയ്ക്കു കൂടുതൽ മോഡലുകൾ ലഭ്യമാക്കുന്നത് കമ്പനിയുടെ വളർച്ചയെ സഹായിക്കും. അതേസമയം, പുതിയ ശാല സ്ഥാപിക്കുന്നതോടെ യു എസിലെ നിർമാണത്തിൽ കുറവൊന്നും വരുത്താൻ നീക്കമില്ലെന്നും അവർ വ്യക്തമാക്കി.

വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾക്ക് 60% ചുങ്കമാണു തായ്‌ലൻഡ് ചുമത്തുന്നത്. പുതിയ ശാല വരുന്നതോടെ ഈ ചെലവ് കുറയ്ക്കാനും നികുതി ഇളവുകൾ നേടാനും കഴിയുമെന്നാണു മിൽവോകി ആസ്ഥാനമായ ഹാർലി ഡേവിഡ്സന്റെ കണക്കുകൂട്ടൽ. ഇതിനു പുറമെ ആസിയാൻ വ്യാപാര കരാറുകളുടെ പിൻബലത്തിൽ ഹാർലി ഡേവിഡ്സനു തായ്‌ലൻഡ് നിർമിത ബൈക്കുകൾ സമീപ വിപണികളിലും നികുതി ഇളവോടെ വിറ്റഴിക്കാനാവും. നിലവിൽ ഇന്ത്യയിലും ബ്രസീസിലുമാണു ഹാർലി ഡേവിഡ്സന്റെ വിദേശ നിർമാണശാലകൾ പ്രവർത്തിക്കുന്നത്; 2011ലാണു ഹരിയാനയിൽ കമ്പനി അസംബ്ലിങ് പ്ലാന്റ് സ്ഥാപിച്ചത്.