Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാർക്കിഷ്ടം ‘വെള്ള’ കാർ

suzuki-swift Suzuki Swift, Representative Image

ഇന്ത്യക്കാരായ കാർ ഉടമകളെ സംബന്ധിച്ചിടത്തോളം ഇഷ്ടനിറം വെളുപ്പെന്ന് സർവേ ഫലം. ആഡംബര കാറെന്നോ സെഡാനെന്നോ സ്പോർട് യൂട്ടിലിറ്റി വാഹനമെന്ന വ്യത്യാസമില്ലാതെ ഇന്ത്യക്കാർ തിരഞ്ഞെടുക്കുന്നതു വെള്ള നിറത്തെയാണെന്നും ഡ്രൂമിന്റെ ഓൺലൈൻ ഓട്ടമൊബീൽ ട്രെൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.  സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മിക്ക വാഹന നിർമാതാക്കളും ഒൻപതു മുതൽ 12 നിറങ്ങൾ വരെയാണു വിപണിയിൽ കാഴ്ചവയ്ക്കുന്നത്; പല കമ്പനികളും ഇരട്ട വർണ സങ്കലനങ്ങളും വാഗ്ദാനം ചെയ്യുന്നു.   രാജ്യത്തു വിറ്റുപോകുന്ന കാറുകളിൽ 46 ശതമാനവും വെള്ള നിറത്തിലുള്ളവയാണെന്നാണു സർവേയുടെ കണ്ടെത്തൽ. 20% വിഹിതത്തോടെ വെള്ളി നിറമാണു രണ്ടാം സ്ഥാനത്ത്; മൂന്നാമതെത്തിയ ഗ്രേയുടെ വിഹിതം 11% ആണ്. 

ആകർഷകമെന്നു പലരും കരുതുന്ന ചുവപ്പ്, കറുപ്പ്, ഓറഞ്ച് തുടങ്ങിയവയുടെ വിഹിതം വെറും അഞ്ചു ശതമാന പരിധിയിലൊതുങ്ങും. ബീജ് നിറത്തോട് ആഭിമുഖ്യമുള്ള വാഹന ഉടമകൾ മൂന്നു ശതമാനമാണ്. നീല തിരഞ്ഞെടുക്കുന്നതാവട്ടെ രണ്ടു ശതമാനവും; ബ്രൗൺ തേടിയെത്തുന്നവരുടെ വിഹിതവും ഇത്ര തന്നെ. കനത്ത വേനൽ സാധാരണമായ ഇന്ത്യയിൽ ഈ യാഥാർഥ്യം പരിഗണിച്ചാണു പലരും വെള്ള, സിൽവർ നിറങ്ങളോട് ആഭിമുഖ്യം പുലർത്തുന്നതെന്നാണു സൂചന. കറുപ്പും ചുവപ്പും പോലുള്ള കടുംനിറങ്ങൾ വേനൽ ചൂടിന്റെ തീവ്രത വർധിപ്പിക്കുമ്പോൾ വെള്ള നിറത്തിന് വെയിലിന്റെ കാഠിന്യം കുറയ്ക്കാനാവുമെന്നാണു വിലയിരുത്തൽ. വർണങ്ങളിൽ ആകൃഷ്ടരായാണു പലരും കാറുകൾ തിരഞ്ഞെടുക്കുന്നതെന്നാണ് ആഗോളതലത്തിൽ തന്നെ പ്രാബല്യത്തിലുള്ള നിഗമനം. ഉപയോഗ ശേഷം വിൽക്കുമ്പോൾ കാറിന്റെ വില നിർണയിക്കുന്നതിലും നിറം നിർണായക പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യൻ യൂസ്ഡ് കാർ വിപണിയിലും വെള്ള, സിൽവർ നിറമുള്ള കാറുകൾക്കാണു മറ്റു നിറങ്ങളെ അപേക്ഷിച്ചു സ്വീകാര്യതയും വിലയും ലഭിക്കുന്നത്. 

മാർക്കറ്റിങ് ഇൻഫർമേഷൻ സർവീസസ് മേഖയിലെ ജെ ഡി പവറിന്റെ കണക്കനുസരിച്ച് ഉത്തരേന്ത്യയിലാണു വെള്ള നിറത്തിനു കൂടുതൽ സ്വീകാര്യത; കാർ ഉടമകളിൽ 66 ശതമാനത്തിനും ഈ നിറം മതിയത്രെ. അതേസമയം ദക്ഷിണേന്ത്യൻ വാഹന ഉടമകളിൽ 34% മാത്രമാണു വെള്ളയുടെ ആരാധകരെന്നാണു ജെ ഡി പവറിന്റെ കണ്ടെത്തൽ. പോരെങ്കിൽ നിറത്തിന്റെ കാര്യത്തിൽ പരീക്ഷണത്തിനുള്ള സന്നദ്ധത പശ്ചിമ, ദക്ഷിണ ഇന്ത്യയിലെ കാർ ഉടമകൾക്കുണ്ടെന്നും ഗവേഷണഫലം പറയുന്നു; അതിനാൽ ഈ മേഖലയിലെ 13 ശതമാനത്തോളം കാറുകൾ ചുവപ്പും മെറൂണുമൊക്കെയാണ്. കിഴക്കൻ ഇന്ത്യയിലാവട്ടെ ഈ നിറത്തിലുള്ള കാറുകളുടെ വിഹിതം 14 ശതമാനത്തോളമാണ്.  അതിനിടെ കൂടുതൽ വനിതകൾ കാറുകൾ സ്വന്തമാക്കാനെത്തിയതോടെ വർണങ്ങളെ സംബന്ധിച്ച പരമ്പരാഗത സങ്കൽപ്പത്തിൽ മാറ്റമുണ്ടാവുന്നുണ്ടെന്നാണ് വ്യവസായ നിരീക്ഷകരുടെ പക്ഷം. കടുംനിറങ്ങളോടാണു വനിതകൾക്കു പ്രതിപത്തി; അതുകൊണ്ടുതന്നെ ചുവപ്പിന്റെയും മെറൂണിന്റെയുമൊക്കെ സമയം തെളിയുന്നുണ്ടത്രെ.