Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിക് അപ് വിഭാഗം സൃഷ്ടിക്കുമെന്ന് ഇസൂസു ഇന്ത്യ

D-MAX pick-up truck

രാജ്യത്ത് പുതിയ പിക് അപ് ട്രക്ക് വിഭാഗം സൃഷ്ടിക്കാനാവുമെന്നു  ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് ഇന്ത്യയ്ക്കു പ്രതീക്ഷ. പുതിയ വിഭാഗം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണു കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതെന്നും ഇസൂസു മോട്ടോഴ്സ് ഇന്ത്യ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ഹിതൊഷി കോനൊ വ്യക്തമാക്കി. ജപ്പാനു പുറത്ത് ഇസൂസുവിന്റെ ഏറ്റവും പ്രധാന മോഡലാണു പിക് അപ് ട്രക്കുകൾ. വ്യക്തിഗത, വാണിജ്യ ഉപയോഗങ്ങൾക്കായി ഇന്ത്യയിലും പുതിയ പിക് അപ് വിഭാഗം സൃഷ്ടിക്കാനാവുമെന്നാണ് ഇസൂസു കരുതുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

തുടക്കത്തിൽ തായ്ലൻഡിൽ നിർമിച്ച് ഇറക്കുമതി ചെയ്ത വാഹനങ്ങളാണ് ഇസൂസു ഇന്ത്യയിൽ വിറ്റിരുന്നത്. എന്നാൽ 2016 ഏപ്രിൽ മുതൽ ആന്ധ്ര പ്രദേശിലെ ശ്രീ സിറ്റിയിൽ ഇസൂസു സ്ഥാപിച്ച നിർമാണശാലയിൽ ഉൽപ്പാദനം ആരംഭിച്ചു. സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എം യു എക്സി’ നു പുറമെ മൂന്നു പിക് അപ് ട്രക്കുകളും ഇപ്പോൾ ഈ  ശാലയിൽ നിർമിക്കുന്നുണ്ട്: വ്യക്തിഗത ഉപയോഗത്തിനുള്ള ‘വി ക്രോസ്’, വാണിജ്യ ആവശ്യങ്ങൾക്കായി ‘എസ് കാബ്’, ‘റഗുലർ കാബ്’ എന്നിവ.

കഴിഞ്ഞ സാമ്പത്തിക വർഷം പിക് അപ് വിഭാഗത്തിൽ മൂവായിരത്തോളം യൂണിറ്റ് വിൽപ്പന നേടിയെന്നാണു കമ്പനിയുടെ കണക്ക്; ഇതിൽ 2,000 ‘വി ക്രോസും’ ആയിരത്തോളം ‘എസ് കാബ്’, ‘റഗുലർ കാബ്’ പിക് അപ്പുകളും ഉൾപ്പെടും. നടപ്പു സാമ്പത്തിക വർഷത്തെ വിൽപ്പനയിൽ 15% വർധന കൈവരിക്കാനാവുമെന്നാണ് ഇസൂസു മോട്ടോഴ്സിന്റെ പ്രതീക്ഷ.  ആദ്യ ഘട്ടത്തിൽ പ്രതിവർഷം അര ലക്ഷം യൂണിറ്റാണ് ശ്രീ സിറ്റി യൂണിറ്റിന്റെ ഉൽപ്പാദനശേഷി; ക്രമേണ വാർഷിക ശേഷി 1.20 ലക്ഷം യൂണിറ്റ് വരെയായി വർധിപ്പിക്കാവുന്ന വിധത്തിലാണു ശാലയുടെ രൂപകൽപ്പന. 3,000 കോടി രൂപ ചെലവിൽ സ്ഥാപിച്ച ശാലയിൽ നിന്ന് സാർക് രാജ്യങ്ങളിലേക്കും മധ്യ പൂർവ ദേശത്തേക്കും ആഫ്രിക്കയിലേക്കും വാഹനങ്ങൾ കയറ്റുമതി ചെയ്യാനും ഇസൂസുവിനു പദ്ധതിയുണ്ട്.